റിയാദ്. ബഹുരാഷ്ട്ര ഇന്ത്യന്‍ വ്യവസായ ഭീമനായ ടാറ്റ ഗ്രൂപ്പുമായി സൈനിക, വ്യോമയാന, ഇലക്ട്രോണിക്‌സ് മേഖലകളില്‍ സഹകരണം ശക്തമാക്കാനൊരുങ്ങി സൗദി അറേബ്യ. ഇന്ത്യാ സന്ദര്‍ശന വേളയില്‍ സൗദി വ്യവസായ, ധാതുവിഭവകാര്യ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് ടാറ്റ ഗ്രൂപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ടാറ്റ എയറോസ്‌പേസ് ആന്റ് ഡിഫന്‍സ്, ടാറ്റ ഇലക്ട്രോണിക്‌സ്, ടാറ്റ സ്റ്റീല്‍ എന്നീ കമ്പനികളുടെ ഉന്നതരുമായാണ് ചര്‍ച്ചകള്‍ നടന്നത്. സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുന്നതിനുള്ള സൗദിയുടെ ബൃഹത് പദ്ധതിയായ വിഷന്‍ 2030 രാജ്യത്തെ വ്യവസായ മേഖലയില്‍ തുറന്നിടുന്ന വലിയ നിക്ഷേപ അവസരങ്ങളാണ് ചര്‍ച്ചയില്‍ വിഷയമായത്.
കൂടിക്കാഴ്ചയില്‍ ടാറ്റ ഗ്രൂപ്പിന്റെ ഉല്‍പ്പന്നങ്ങളായ സൈനിക വിമാനങ്ങളും വാഹനങ്ങളും ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് സിഇഒ സുകരണ്‍ സിങ് മന്ത്രി അല്‍ഖുറൈഫിന് പരിചയപ്പെടുത്തി. മിലിറ്ററി ഫാക്ടറികള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും നിര്‍്മിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിലുമുള്ള ടാറ്റയുടെ വൈദഗ്ധ്യവും അദ്ദേഹം എടുത്തു പറഞ്ഞു.
ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ടാറ്റ മോട്ടോഴ്‌സ് വര്‍ഷങ്ങളായി സൗദി അറേബ്യയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കഴിഞ്ഞ നവംബറിലാണ് ടാറ്റാ മോട്ടോഴ്‌സ് സൗദിയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയത്. കരുത്തുറ്റ ഉഭയകക്ഷി, വ്യാപാര ബന്ധമാണ് ഇന്ത്യയും സൗദിയും തമ്മിലുള്ളത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്കിന്റെ ഏറ്റവും പുതിയ റിപോര്‍ട്ട് പ്രകാരം സൗദിയുടെ എണ്ണയിതര കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. നവംബറിലെ കണക്കുകളനുസരിച്ച് 252 കോടി റിയാലിന്റെ ചരക്കുകളാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്. മുന്‍ മാസത്തേക്കാള്‍ 19.43 ശതമാനമാണ് വര്‍ധന.