ജിദ്ദ. മൊറോക്കോയിലും മൗറിത്താനിയയിലും വിവിധ മേഖലകളില്‍ നിക്ഷേപ സാധ്യതകളും അവസരങ്ങളും തേടി 30ലേറെ മുന്‍നിര സൗദി നിക്ഷേപകരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം പുറപ്പെട്ടു. ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കയിലെ ബിസിനസ് അന്തരീക്ഷവും നിക്ഷേപ ആനുകൂല്യങ്ങളും സുപ്രധാന സാമ്പത്തിക മേഖലകളിലെ പങ്കാളിത്ത അവസരങ്ങളും വിലയിരുത്തും. സൗദി കമ്പനികളും ആഫ്രിക്കന്‍ കമ്പനികളും തമ്മിലുള്ള പങ്കാളിത്തം പരിപോഷിപ്പിക്കുകയും അതുവഴി ആഫ്രിക്കയുമായുള്ള സൗദിയുടെ വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ കൂടുതല്‍ ശാക്തീകരിക്കുകയാണ് ലക്ഷ്യം.
സൗദിയുടെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി രാജ്യാന്തര സാമ്പത്തിക ബന്ധങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ ഇടപാടുകള്‍ കൂടുതല്‍ വിപുലീകരിക്കുന്നതില്‍ സൗദിയുടെ പ്രത്യേക താല്‍പര്യവും ഇത് എടുത്തുകാട്ടുന്നു. സൗദി നിക്ഷേപക സംഘത്തിന്റെ സന്ദര്‍ശനം വ്യാപാര, നിക്ഷേപ ബന്ധങ്ങളില്‍ പുതിയ വാതായനങ്ങള്‍ തുറക്കും. മൗറിത്താനിയയുമായുള്ള സൗദിയുടെ വ്യാപാരം 119 മില്യന്‍ റിയാലിലെത്തിയിട്ടുണ്ട്. 99 ശതമാനവും സൗദി ഇറക്കുമതിയാണ്. ലോഹങ്ങള്‍, റബര്‍ ഉല്‍പ്പന്നങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മെഷിനറികള്‍ എന്നിവയാണ് പ്രധാനമായും സൗദിയില്‍ നിന്ന് മൗറിത്താനിയ ഇറക്കുമതി ചെയ്യുന്നത്.
ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് (FSC) ചെയര്‍മാന്‍ ഹസന്‍ മുജിബ് അല്‍ ഹുവൈസിയുടെ നേതൃത്വത്തിലുള്ള സംഘം മൗറിത്താനിയയിലെ ഉന്നത വ്യവസായികളേയും ഉദ്യോഗസ്ഥരേയും കണ്ട് ചര്‍ച്ചകള്‍ നടത്തും. സംയുക്ത സൗദി-മൗറിത്താനിയന്‍ ബിസിനസ് ഫോറവും സംഘടിപ്പിക്കും. വ്യവസായ, ധാതുവിഭവ മന്ത്രാലയം, നിക്ഷേപ മന്ത്രാലയം, ജനറല്‍ അതോറിറ്റി ഓഫ് ഫോറിന്‍ ട്രേഡ്, സൗദി ഫണ്ട് ഫോര്‍ ഡെലവലപ്‌മെന്റ് എന്നിവരും ഈ ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്.
മൊറോക്കോയുമായുള്ള വ്യാപാരം അഞ്ച് ബില്യന്‍ റിയാലാണ്. ഇതില്‍ 13 ശതമാനമാണ് സൗദി ഇറക്കുമതി. ഇനിയും വലിയ നിക്ഷേപ അവസരങ്ങളാണ് ഇവിടെയുള്ളത്. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താന്‍ കഴിഞ്ഞ വര്‍ഷം സൗദിയിലേയും മൊറോക്കോയിലേയും ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് പരസ്പരം ധാരണാപത്രം ഒപ്പുവച്ചിരുന്നു. സാമ്പത്തിക സഹകരണം, വിവിര കൈമാറ്റം, സംയുക്ത പരിപാടികള്‍, വ്യാപര പ്രതിനിധികള്‍, തര്‍ക്കപരിഹാര സംവിധാനം തുടങ്ങിയ ഉള്‍പ്പെട്ട വിപുലമായ വ്യവസായ പങ്കാളിത്ത പ്രോത്സാഹര കരാറിയിരുന്നു അത്.