റിയാദ്. ലോകത്ത് ഏറ്റവും കൂടുതൽ പൊതുജന വിശ്വാസ്യതയുള്ള സർക്കാർ സൗദി അറേബ്യയിലെന്ന് 2025ലെ എഡ്ൽമാൻ ട്രസ്റ്റ് ബാരോമീറ്റർ റിപോർട്ട്. ആഗോള വിശ്വാസ്യതാ സൂചികയിൽ 87 ശതമാനമാണ് സൗദിക്ക് ലഭിച്ച വിശ്വാസ്യതാ നിരക്ക്. കഴഞ്ഞ വർഷവും സൗദിയായിരുന്നു ഒന്നാമത്. പൊതുവിശ്വാസ്യത അളക്കുന്ന ഏറ്റവും സമഗ്രമായ ആഗോള റിപ്പോർട്ടാണ് യു.എസ് ആസ്ഥാനമായ കമ്യൂണിക്കേഷൻ, മാർക്കറ്റിങ് ഏജൻസിയായ എഡ്ൽമാൻ പ്രസിദ്ധീകരിക്കുന്ന Edelman Trust Barometer 2025 വാർഷിക സർവേ റിപോർട്ട്. വിശ്വാസതയിൽ 83 ശതമാനവുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. 82 ശതമാനവുമായി യുഎഇ മൂന്നാം സ്ഥാനത്തുണ്ട്. ചൈനയ്ക്കും യുഎഇക്കും ഈ വർഷം രണ്ട് പോയിന്റുകൾ കുറഞ്ഞപ്പോൾ നാലു പോയിന്റ് നേടി 79 ശതമാനം വിശ്വാസ്യതയുമായി ഇന്ത്യയാണ് നാലാം സ്ഥാനത്ത്. 77 ശതമാനവുമായി സിംഗപൂർ അഞ്ചാം സ്ഥാനത്ത് തുടരുന്നു.
ഭാവിയെ കുറിച്ചുള്ള ശുഭാപ്തി വിശ്വാസത്തിലും സൗദി അറേബ്യ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തി. അടുത്ത തലമുറയ്ക്ക് കൂടുതൽ മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസം 69 ശതമാനം പൗരന്മാർക്കുമുണ്ട്. ഭൂരിപക്ഷം രാജ്യങ്ങളിലും ഈ ശുഭാപ്തിവിശ്വാസ നിരക്ക് 50 ശതമാനത്തിൽ താഴേയാണ്.
28 രാജ്യങ്ങളിലായി 33,000 പേരിൽ നിന്ന് അഭിപ്രായം സ്വരൂപിച്ചാണ് 2025ലെ ട്രസ്റ്റ് ബാരോമീറ്റർ സർവേ വിവരശേഖരണം നടത്തിയത്. ഓരോ രാജ്യത്തും 1150 പേരെ പങ്കെടുപ്പിച്ചു. 2024 ഒക്ടോബർ 25നും നവംബർ 16നുമിടയിൽ നടന്ന ഈ സർവേയിൽ പ്രധാനമായും പരിശോധിച്ചത് വിശ്വാസ്യതയുടെ പ്രവണതകൾ, സ്ഥാപനങ്ങളുടെ പ്രകടനം, സാമൂഹിക വിഷയങ്ങൾ, ഭാവി വീക്ഷണം തുടങ്ങിയ കാര്യങ്ങളാണ്.