റിയാദ്. 2024ല്‍ സൗദി അറേബ്യ 1.3 ശതമാനം ജിഡിപി വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് (GASTAT) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നാഷനല്‍ അക്കൗണ്ട്‌സ് ഇന്‍ഡിക്കേറ്റേഴ്‌സ് റിപോര്‍ട്ട്. എണ്ണ ഇതര മേഖലയുടെ 4.3 ശതമാനം വളർച്ചയും സർക്കാർ മേഖലയുടെ 2.6 ശതമാനം വളർച്ചയുമാണ് വാർഷിക സാമ്പത്തിക വളർച്ചയിൽ പ്രധാന പങ്കുവഹിച്ചത്. അതേസമയം എണ്ണ വ്യവസായ രംഗത്തെ വളർച്ച 4.5 ശതമാനം ഇടിഞ്ഞു.
മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം നാലാം പാദത്തിൽ 4.5 ശതമാനമെന്ന കരുത്തുറ്റ സാമ്പത്തിക വളർച്ചയാണ് രാജ്യം നേടിയത്. രണ്ടു വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പാദവാർഷിക വളർച്ചയാണിത്. എണ്ണ ഇതര മേഖല 4.7 ശതമാനവും, എണ്ണ മേഖല 3.4 ശതമാനവും, സര്‍ക്കാര്‍ മേഖല 2.2 ശതമാനവും പാദവാർഷിക വളർച്ച രേഖപ്പെടുത്തി. മൂന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ നാലാം പാദത്തില്‍ 0.5 ശതമാനമാണ് വളർച്ച.
വിഷൻ 2030 ലക്ഷ്യങ്ങൾക്കനുസരിച്ച് സാമ്പത്തിക രംഗത്തെ വൈവിധ്യവൽക്കരണം മികച്ച രീതിയിൽ പുരോഗമിക്കുന്നതോടൊപ്പം 2024ൽ ഏതാണ്ട് എല്ലാ സാമ്പത്തിക രംഗങ്ങളിലും പോസിറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് റിപോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നു.