റിയാദ്. ഫെബ്രുവരിയില്‍ സൗദിയില്‍ പണപ്പെരുപ്പം രണ്ടു ശതമാനമായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപോർട്ട്. 2024 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം പാര്‍പ്പിട വാടക എട്ടര ശതമാനം ഉയര്‍ന്നത് പണപ്പെരുപ്പത്തിന് ഇടയാക്കി. ഭക്ഷ്യവസ്തുക്കളുടെ വില ഒരു ശതമാനം ഉയര്‍ന്നു. ഇറച്ചിയുടെയും കോഴിയിറച്ചിയുടെയും വില 3.7 ശതമാനം ഉയര്‍ന്നതാണ് ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ പ്രതിഫലിച്ചത്. ആഭരണങ്ങളുടെയും വാച്ചുകളുടെയും വില 26.7 ശതമാനം ഉയര്‍ന്നതിന്റെ ഫലമായി വ്യക്തിഗത വസ്തുക്കളുടെയും സേവനങ്ങളുടെയും വിഭാഗത്തില്‍ വില 3.9 ശതമാനവും ഉയര്‍ന്നു. ഹോട്ടല്‍, റെസ്‌ട്രന്റ് മേഖലയില്‍ നിരക്കുകള്‍ 0.8 ശതമാനവും വിദ്യാഭ്യാസ മേഖലയില്‍ നിരക്കുകള്‍ 0.4 ശതമാനവും വര്‍ധിച്ചു. ഗതാഗത മേഖലയില്‍ നിരക്കുകള്‍ ഒന്നര ശതമാനവും ഫര്‍ണിച്ചര്‍ മേഖലയില്‍ വില രണ്ടര ശതമാനവും കുറഞ്ഞു.
ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ പണപ്പെരുപ്പം 0.2 ശതമാനമാണ് വര്‍ധിച്ചത്. ഫെബ്രുവരിയില്‍ സൗദിയില്‍ പാര്‍പ്പിട വാടകയില്‍ ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തിയത് മക്കയിലാണ്. തുടര്‍ച്ചയായി നാലാം മാസമാണ് മക്കയില്‍ വർധന രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസം മക്കയില്‍ പാര്‍പ്പിട വാടക 26.9 ശതമാനമാണ് ഉയര്‍ന്നത്. രണ്ടാം സ്ഥാനത്തുള്ള റിയാദില്‍ 17.6 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ജിസാനില്‍ 8.4 ശതമാനവും പാര്‍പ്പിട വാടക ഉയര്‍ന്നു. സൗദിയിലെ രണ്ടു നഗരങ്ങളില്‍ ഒരു വര്‍ഷത്തിനിടെ പാര്‍പ്പിട വാടക കുറഞ്ഞു. ഹുഫൂഫില്‍ ഒരു ശതമാനവും അറാറില്‍ 1.2 ശതമാനവും വാടക കുറഞ്ഞു.
ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം സൗദിയില്‍ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നഗരങ്ങള്‍ റിയാദും മക്കയും ബുറൈദയും ജിസാനുമാണ്. റിയാദില്‍ 3.5ഉം മക്കയില്‍ മൂന്നും ബുറൈദയില്‍ 2.9ഉം ജിസാനില്‍ 2.8ഉം ശതമാനമാണ് പണപ്പെരുപ്പം. ജിദ്ദ, അബഹ, ഹായില്‍, അറാര്‍ എന്നീ നാലു നഗരങ്ങളില്‍ പണപ്പെരുപ്പം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം സൗദിയില്‍ 1.7 ശതമാനമായിരുന്നു പണപ്പെരുപ്പം. 2023 ല്‍ ഇത് 2.3 ശതമാനമായിരുന്നു. ഈ വര്‍ഷം മുതല്‍ 2027 വരെയുള്ള കാലത്ത് പണപ്പെരുപ്പം 1.9 ശതമാനമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.