റിയാദ്. മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക (മിന) മേഖലയില്‍ ഇ-കൊമേഴ്‌സ് രംഗത്ത് ഏറ്റവും ഉയര്‍ന്ന വളര്‍ച്ച സൗദി അറേബ്യയില്‍. മിന മേഖലയില്‍ 180 കോടി ഡോളറിന്റെ മൂല്യമുള്ള ഇ-കൊമേഴ്‌സ് രംഗം 2024ല്‍ 30 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. ഓണ്‍ലൈന്‍ ഓര്‍ഡറുകളുടെ വളര്‍ച്ചയില്‍ 9 ശതമാനവുമായി സൗദിയാണ് മുന്നില്‍. 7 ശതമാനം വളര്‍ച്ചയുമായി യുഎഇ രണ്ടാം സ്ഥാനത്തും. മേഖലയിലെ മറ്റു രാജ്യങ്ങളില്‍ 5 ശതമാനമാണ് ശരാശരി വളര്‍ച്ചയെന്നും പരസ്യ പങ്കാളിത്ത ഏജന്‍സിയായ അഡ്മിറ്റാഡും പ്രമുഖ മാര്‍ക്കറ്റ്‌പ്ലേസായ ഫ്‌ളോവോവും സംയുക്തമായി തയാറാക്കിയ പഠന റിപോര്‍ട്ട് പറയുന്നു.
ഓണ്‍ലൈന്‍ വില്‍പ്പനയുടെ മൊത്തം ചരക്കു മൂല്യത്തില്‍ സൗദി, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളുടെ സംഭാവനയാണ് കാര്യമായുള്ളത്. വലിയ ജനസംഖ്യയും ഡിജിറ്റല്‍ വികസനവുമുള്ള രാജ്യങ്ങളായ തുര്‍ക്കിയും ഈജിപ്തുമാണ് പിന്നെയുള്ളത്. ഇ-കൊമേഴ്‌സ് വളര്‍ച്ചയില്‍ ബഹ്‌റൈന്‍, ഖത്തര്‍, മൊറോക്കോ, അള്‍ജീരിയ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കും നേട്ടമുണ്ടായി.
ശരാശരി ഓര്‍ഡര്‍ മൂല്യത്തിലും കഴിഞ്ഞ വര്‍ഷം മിന മേഖലയില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തി. 2030ല്‍ 30 ഡോളറായിരുന്നത് 2024ല്‍ 35.60 ഡോളറായാണ് വര്‍ധിച്ചത്. ശരാശരി ഓര്‍ഡര്‍ മൂല്യത്തില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനയുണ്ടായത് യുഎഇയിലാണ്. അവിടെ 89 ഡോളറായിരുന്നത് 102 ഡോളറായാണ് ഉയര്‍ന്നത്. സൗദിയില്‍ 49.60 ഡോളറില്‍ നിന്നും 52.50 ഡോളറായും വര്‍ധിച്ചു.
ഉല്‍പ്പന്ന വിഭാഗമെടുത്താല്‍ ഓണ്‍ലൈന്‍ ഗെയിമിങ് ആണ് മിന മേഖലയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ഉല്‍പ്പന്നം. ആകെ ഓര്‍ഡറുകളുടെ 32 ശതമാനമാണിത്. ബിസിനസ് റ്റു ബിസിനസ് സേവനങ്ങളും ഫാഷനും യഥാക്രമം 25 ശതമാനവും 23 ശതമാനവും എന്ന തോതില്‍ മികച്ച വളര്‍ച്ച കൈവരിച്ചു. മേഖലയില്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും സര്‍ക്കാരുകളുടെ വൈവിധ്യമാര്‍ന്ന പദ്ധതികളുടേയും ഫലമായി 2025ലും ഇ-കൊമേഴ്‌സ് മേഖല മികച്ച വളര്‍ച്ച കൈവരിക്കുമെന്ന പ്രതീക്ഷയും റിപോര്‍ട്ട് പങ്കുവയ്ക്കുന്നു.