റിയാദ്. സൗദി അറേബ്യ കാത്തിരിക്കുന്ന WORLD EXPO 2030 നടത്തിപ്പിനു മാത്രമായി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) പുതിയ കമ്പനി രൂപീകരിച്ചു. എക്‌സ്‌പോ 2030 റിയാദ് കമ്പനി (ERC) എന്നാണ് പേര്. വേള്‍ഡ് എക്‌സ്‌പോയ്ക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യ വികസനം, വിവിധ പദ്ധതികളുടെ നിര്‍വഹണവും നടത്തിപ്പും മേല്‍നോട്ടവും പരിപാലനവും, വിവിധ പരിപാടികള്‍ ആവിഷ്‌കരിക്കല്‍ തുടങ്ങിയവ ഇനി ഈ കമ്പനിയുടെ നേതൃത്വത്തിലായിരിക്കും. സൗദി അറേബ്യയുടെ സമ്പത്തിക വളര്‍ച്ചയിലേക്ക് 6,400 കോടി റിയാല്‍ സംഭവാന ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന റിയാദ് എക്‌സ്‌പോ 2030 നേരിട്ടും അല്ലാതേയും 1.71 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടല്‍. പൂര്‍ണ പ്രവര്‍ത്തന സജ്ജമാകുന്നതോടെ ദേശീയ സമ്പദ് വ്യവസ്ഥയിലേക്ക് ഈ അഭിമാന പദ്ധതി വഴി 560 കോടി റിയാല്‍ ഒഴുകിയെത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ഈ വന്‍കിട പദ്ധതി നടപ്പിലാക്കുന്നതിനു പുറമെ ദീര്‍ഘകാലത്തേക്ക് ഇതിന്റെ പാരമ്പര്യം നിലനിര്‍ത്തുന്നതിലു പുതിയ കമ്പനിക്ക് നിര്‍ണായക പങ്കുണ്ടാകും. 2030 ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇആര്‍സി രൂപീകരണം ആക്കം കൂട്ടും. വേള്‍ഡ് എക്‌സ്‌പോയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍, ഇവന്റ് മാനേജ്‌മെന്റ് തുടങ്ങിയ ജോലികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി സൗദിക്ക് അകത്തും പുറത്തു നിന്നുമുള്ള സ്വകാര്യ കമ്പനികളുമായി ഇആര്‍സി കൈകോര്‍ക്കും. ഈ രംഗത്തും രാജ്യാന്തര കമ്പനികള്‍ക്കും വലിയ അവസരമാണ് തുറക്കുന്നത്. സൗദിയിലുടനീളവും ആഗോളതലത്തിലുമുള്ള പിഐഎഫിന്റെ വിപുലമായ സംവിധാനങ്ങള്‍ ഈ രംഗത്ത് ഇആര്‍സിക്ക് മുതല്‍കൂട്ടാകും. പൂര്‍ണമായും പിഐഎഫിനു കീഴിലാണ് ഇആര്‍സി നിലകൊള്ളുന്നത്.
2024 നവംബറിലാണ് എക്‌സ്‌പോ 2030യുടെ വേദിയാകാനുള്ള അവകാശം റിയാദിനു ലഭിച്ചത്. രാജ്യാന്തര വോട്ടിങ്ങിലൂടെയായിരുന്നു ഇത്. 60 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസിതൃതിയില്‍ അതിവിശാലമായ ഇടമാണ് റിയാദില്‍ വേള്‍ഡ് എക്‌സ്‌പോ 2030ന് വേണ്ടി ഒരുക്കുന്നത്. ഇതുവരെ നിര്‍മ്മിക്കപ്പെട്ട ഏറ്റവും വലിയ വേള്‍ഡ് എക്‌സ്‌പോ വേദികളിലൊന്നാകുമിത്. റിയാദിന് വടക്കായി പുതുതായി നിര്‍മിക്കുന്ന കിങ് സല്‍മാന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിനു സമീപത്തായാണ് റിയാദ് എക്‌സ്‌പോ നഗരി ഒരുങ്ങുന്നത്. സുപ്രധാന ഇടങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് കണക്ടിവിറ്റി ഉണ്ടായിരിക്കും.
2030 സെപ്തംബര്‍ ഒന്നു മുതല്‍ 2031 മാര്‍ച്ച് 31 വരെയാണ് റിയാദില്‍ വേള്‍ഡ് എക്‌സ്‌പോ 2030 അരങ്ങേറുക. നാലു കോടിയിലേറെ സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. എക്‌സ്‌പോ അവസാനിക്കുന്നതോടെ ഈ നഗരിയെ ഇആര്‍സി ഒരു ഗ്ലോബല്‍ വില്ലേജാക്കി മാറ്റും. എല്ലാ ആധുനിക നഗരസൗകര്യങ്ങളുമുള്ള ഇവിടെ ഷോപ്പിങ് കേന്ദ്രങ്ങള്‍, പ്രീമിയം റെസിഡന്‍സ് തുടങ്ങി എല്ലാം ഉണ്ടാകും. വേള്‍ഡ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്ക് സ്ഥിരം പവലിയന്‍ നിര്‍മ്മിക്കാനുള്ള അവസരവും ഉണ്ട്. എക്‌സ്‌പോ അവസാനിച്ചായും നിലനില്‍ക്കുന്ന ഈ പവലിയനുകള്‍ ദീര്‍ഘകാല നിക്ഷേപ, ബിസിനസ് അവസരമായാണ് അവതരിപ്പിച്ചിരിക്കുന്നത്.