ന്യൂഡൽഹി. വ്യവസായ, ഖനന മേഖലകളിൽ സൗദി അറേബ്യ ഇന്ത്യയുമായി തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കുന്നു. ഓട്ടോമൊബീൽ, മെഡിക്കൽ വ്യവസായങ്ങൾ, ബയോടെക്നോളജി, കെമിക്കൽസ്, പെട്രോകെമിക്കൽസ്, മെഷിനറി, പുനരുപയോഗ ഊർജ്ജം തുടങ്ങി സുപ്രധാന വ്യവസായ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിന് സൗദി ഗൗരവമായ നടപടികൾ സ്വീകരിച്ചു വരുന്നതായി വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് പറഞ്ഞു. ന്യൂഡൽഹിയിൽ ഇന്ത്യയിലെ സ്വകാര്യ മേഖല വ്യവസായ പ്രതിനിധികളുമായി നടത്തിയ വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പെട്രോകെമിക്കല്‍സ്, വളം മന്ത്രി ജെ.പി നദ്ദ, ഉരുക്ക്, ഘന വ്യവസായ മന്ത്രി എച്ച്.ഡി. കുമാരസ്വാമി, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ എന്നിവരുമായി മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് നടത്തിയ കൂടിക്കാഴ്ചകളിൽ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു.
ചരിത്രം, അറിവ്, വൈദഗ്ധ്യം എന്നിവയാൽ സമ്പന്നമായ ഇന്ത്യയെ ഒരു ഉത്തമ പങ്കാളിയായി കാണുന്നുവെന്ന് മന്ത്രി അൽഖുറൈഫ് പറഞ്ഞു. സൗദി അറേബ്യയുടെ ഉൽപ്പാദന, ഖനന മേഖലകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് സുപ്രധാന അവസരങ്ങൾ തുറന്നിടുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മിഡിൽ ഈസ്റ്റ് മേഖലയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ എന്നതിനാൽ, ഓട്ടോമോട്ടീവ് മേഖലയിൽ കരുത്തുറ്റ നിക്ഷേപ പങ്കാളിത്തത്തിനുള്ള സാധ്യതകളെക്കുറിച്ചും മന്ത്രി പരാമർശിച്ചു. ഓട്ടോമോട്ടീവ് ഉൽപ്പാദനത്തിൽ ആഗോള വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തി, കാർ നിർമ്മാണം, സ്പെയർ പാർട്സ്, വിതരണ ശൃംഖലകൾ എന്നിവ പ്രാദേശികവൽക്കരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും വലിയ പെട്രോകെമിക്കൽ ഉൽപ്പാദകരിൽ മുന്നിലുള്ള സൗദി ഇവയുടെ മൂല്യവർധനവിലൂടെ ആഭ്യന്തര ഉപയോഗം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു.യന്ത്രസാമഗ്രികളുടെയും ഉപകരണങ്ങളുടെയും നിർമ്മാണത്തിൽ ഇന്ത്യയുടെ വിപുലമായ ശേഷികൾ കണക്കിലെടുക്കുമ്പോൾ, സഹകരണത്തിന് ഒരു പ്രധാന അവസരമാണ് സൗദി അറേബ്യ കാണുന്നതെന്നും മന്ത്രി പറഞ്ഞു. ഖനന രംഗത്ത് വലിയ മാറ്റങ്ങളിലൂടെ കടന്നു പോകുന്ന സൗദി അറേബ്യ ആഗോള ലോഹ വിപണിയിൽ ഒരു പ്രധാന പങ്കാളിയാകാൻ ആഗ്രഹിക്കുന്നുവെന്നും ഇത് ഹെവി ഉപകരണങ്ങളുടെ ആവശ്യം വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
നൂതന ഉൽപ്പാദന സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്ന ഫാക്ടറീസ് ഓഫ് ദി ഫ്യൂച്ചർ പദ്ധതി, വ്യാവസായ പദ്ധതികൾക്ക് കുറഞ്ഞ ചെലവിൽ പാട്ടത്തിന് ഭൂമി, പദ്ധതി ചെലവിന്റെ 75 ശതമാനം വരെ വായ്പ വാഗ്ദാനം ചെയ്യുന്ന സൗദി ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഫണ്ടിൽ നിന്നുള്ള ധനസഹായം, സൗദി എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി വഴി കയറ്റുമതി പിന്തുണ, മത്സരാധിഷ്ഠിത ഊർജ്ജ വിലകളും മെച്ചപ്പെട്ട വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളും, പ്രാദേശിക ജീവനക്കാർക്കുള്ള പരിശീലന പരിപാടികളും പ്രതിഭകളെ ആകർഷിക്കുന്നതിനുള്ള സംരംഭങ്ങളും തുടങ്ങി വ്യാവസായിക നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനുള്ള നിരവധി സംരംഭങ്ങളും മന്ത്രി വിശദീകരിച്ചു, രാജ്യത്ത് ലഭ്യമായ അതുല്യമായ നിക്ഷേപ അവസരങ്ങൾ അടുത്തറിയാനും അത് പ്രയോജനപ്പെടുത്താനും മന്ത്രി ഇന്ത്യൻ കമ്പനികളോട് ആഹ്വാനം ചെയ്തു.