svg

സൗദി അക്ഷയഖനികളുടെ നാടായി മാറുന്നു; ആറിടങ്ങളിൽ സ്വര്‍ണ, ചെമ്പ് ഖനനത്തിന് അനുമതി

SBT DeskECONOMYNEWS7 months ago118 Views

റിയാദ്. മൂല്യമേറിയ ധാതുവിഭവങ്ങളുടെ ആഗോള കേന്ദ്രമായി മാറാൻ സൗദി അറേബ്യ തയാറെടുക്കുന്നു. ഖനന വ്യവസായ രംഗത്തെ സിലിക്കൺ വാലി ആകുകയാണ് ലക്ഷ്യം. റിയാദിൽ നടക്കുന്ന നാലാമത് ഫ്യൂചർ മിനറൽസ് ഫോറം അന്താരാഷ്ട്ര സമ്മേളനത്തിൽ സൗദി നിരവധി നിക്ഷേപ പദ്ധതികളും കരാറുകളും കണ്ടെത്തലുകളുമാണ് പ്രഖ്യാപിച്ചത്. ഈ വർഷം രാജ്യത്ത് 50,000 ചതുരശ്ര കിലോമീറ്റർ ഭൂമിയിൽ ധാതുവിഭവങ്ങൾക്കു വേണ്ടിയുള്ള ഖനന സാധ്യതകൾ പരിശോധിക്കുമെന്ന് വ്യവസായ മന്ത്രി ബന്ദർ അൽ ഖുറയ്ഫ് പറഞ്ഞു. 10,000 കോടി ഡോളറിന്റെ ഖനന നിക്ഷേപ പദ്ധതികളും സൗദി പ്രഖ്യാപിച്ചു. ഇതിൽ 2000 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതി പുരോഗമിച്ചു കൊണ്ടിക്കുകയാണ്.

സൗദിയുടെ എണ്ണക്കമ്പനിയായ അറാംകോ വലിയ തോതിൽ ലിഥിയം ശേഖരം കണ്ടെത്തിയിട്ടുണ്ടെന്നും 2027 ആരംഭത്തോടെ തന്നെ സൗദിയിൽ ലിഥിയം ഉൽപ്പാദനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഊർജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ അറിയിച്ചു. സൗദി അറേബ്യൻ മൈനിങ് കമ്പനി (മആദിൻ)യുമായി ചേർന്ന് ലിഥിയം ഉൽപ്പാദനത്തിനുള്ള സംയുക്ത സംരഭവും അറാംകോ പ്രഖ്യാപിച്ചിട്ടുണ്ട്. വൻതോതിൽ സ്വാകാര്യ മേഖലയുടെ നിക്ഷേപവും അത്യാധുനിക സാങ്കേതികവിദ്യയും ഖനന വ്യവസായ രംഗത്ത് ആവശ്യമാണെന്ന് സൗദി മന്ത്രിമാർ ചൂണ്ടിക്കാട്ടുന്നു.

ഖനന വ്യവസായ ആഗോള തലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്നത് സൗദിയിലാണ്. രാജ്യത്ത് 2.50 ലക്ഷം കോടി മൂല്യമുള്ള ധാതുവിഭവങ്ങളുടെ വൻ ശേഖരം ഖനനം ചെയ്തെടുക്കാനുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സൗദിയുടെ വ്യവസായ സമ്പദ് വ്യവസ്ഥയിൽ മൂന്നാമത്തെ പ്രധാന വ്യവസായ മേഖലയായി ഖനനത്തെ വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് സൗദി.

മക്കയിലും റിയാദിലും ആറിടങ്ങളിൽ ഉടൻ ഖനനം ആരംഭിക്കും

മക്ക, റിയാദ് പ്രവിശ്യകളിൽ കണ്ടെത്തിയ സ്വർണം ഉൾപ്പെടെയുള്ള മൂല്യമേറിയ ധാതുവിഭവ ശേഖരം ഖനനം ചെയ്തെടുക്കുന്നതിന്  ആറിടങ്ങളിൽ പുതുതായി ഖനന കമ്പനികൾക്ക് ലൈസൻസ് അനുവദിച്ചതായി വ്യവസായ, ധാതുവിഭവ മന്ത്രാലയം അറിയിച്ചു. കമ്പനികളെ കണ്ടെത്തുന്നതിന് നടത്തിയ ഏഴാം ഘട്ട മത്സരത്തിൽ വിദേശ കമ്പനികൾ ഉൾപ്പെടെ 11 കമ്പനികൾ 24 അപേക്ഷകളാണ് സമർപ്പിച്ചിരുന്നത്. ഇവരിൽ നിന്നാണ് ഏറ്റവും വൈദഗ്ധ്യവും ഖനന പദ്ധതികളിലുള്ള പരിചയവും പരിസ്ഥിതി പ്രതിബദ്ധതയും പരിഗണിച്ച് കമ്പനികൾക്ക് ഖനന അനുമതി നൽകിയത്.

ജബൽ അൽ ഖാല നോർത്ത്, ജബൽ അൽ ഖാല സൌത്ത്, ജബൽ ദാമ എന്നിവടങ്ങളിൽ ഖനനത്തിന് മേജർ മൈനിങ് ഫാക്ടറീസ് കമ്പനി (എമാക്) മൂന്ന് ലൈസൻസുകൾ അനുവദിച്ചു. ഉമ്മു ഹജ്ലാൻ- അൽ മആമലയിൽ ഖനനത്തിന് അബ്ദുൽ റഹ്മാൻ അൽ റശീദ് ആന്റ് ബ്രദേഴ്സ് കമ്പനി, ഗോൾഡ് ആന്റ് മിനറൽസ് കമ്പനി ലിമിറ്റഡ് എന്നിവർക്ക് സംയുക്ത ലൈസൻസ് അനുവദിച്ചു. സ്കൈലാർക്ക് കമ്പനി, അറേബ്യൻ ഗൾഫ് മൈനിങ് കമ്പനി എന്നിവർ ചേർന്ന് വാദി അൽ ലൈത്തിൽ ഖനനത്തിന് ലൈസൻസ് നേടി. ജബൽ ബയ്ദാനിൽ പവർ നിക്കൽ കമ്പനിക്കാണ് ഖനന ലൈസൻസ് അനുവദിച്ചത്. ഈ ആറ് ഖനന സൈറ്റുകൾ ആകെ 890 ചതുരശ്ര കിലോമീറ്റർ ഏരിയ ഉണ്ട്.

സാധുതയുള്ള ഖനന ലൈസൻസുള്ള കമ്പനികൾക്ക് വ്യവസായ, ധാതുവിഭവ മന്ത്രാലയവും നിക്ഷേപ മന്ത്രാലയലവും ഒട്ടേറെ ഇളവുകളും ആനുകൂല്യങ്ങളും നേരത്തെ അവതരിപ്പിച്ചിരുന്നു. അഞ്ചു വർഷത്തിൽ താഴെ കാലാവധിയുള്ള ലൈസൻസുള്ള കമ്പനികൾക്ക് പരമാവധി 75 ലക്ഷം റിയാലിന്റെ സഹായം അടക്കം ഇതിലുൾപ്പെടും. രാജ്യത്ത് ഖനന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും ഖനന കമ്പനികളുടെ തുടക്കകാല പ്രയാസങ്ങൾ കുറയ്ക്കുന്നതിനുമാണ് ഈ ആനുകൂല്യങ്ങൾ. ഇൻഡസ്ട്രിയൽ ഡെലവപ്മെന്റ് ഫണ്ടിലൂടെ 75 ശതമാനം വരെ മൂലധന സാമ്പത്തിക സഹായവും 100 ശതമാനം വിദേശ കമ്പനികളെ അനുവദിക്കുന്നതും പരിഗണനയിലുണ്ട്.

 മക്ക പ്രവിശ്യയില്‍ വന്‍ സ്വര്‍ണ ശേഖരം കണ്ടെത്തി

മക്ക പ്രവിശ്യയിലെ ശൈബാൻ മേഖലയിൽ സ്വർണ്ണത്തിന്റെയും ചെമ്പിന്റെയും പുതിയ നിക്ഷേപങ്ങൾ കണ്ടെത്തിയതായി സൗദി അറേബ്യൻ മൈനിംഗ് കമ്പനി (മആദിന്‍). ജബൽ ശൈബാനിൽ സ്വർണത്തിന്റേയും ചെമ്പിന്റേയും വലിയ ശേഖരവും, വാദി അൽ ജൌവിൽ വിശാലമായ സ്വർണ നിക്ഷേപവുമാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ടിടങ്ങളിലും ഭൂമിയുടെ ഉപരിതലത്തോട് അടുത്ത് 20നും 200 മീറ്ററിനുമിടയിൽ താഴ്ചയിലാണ് ഇവയുള്ളത്. ഈ ധാതുനിക്ഷേപം കൂടുതൽ ആഴത്തിൽ എല്ലാ ദിശകളിലേക്കും വ്യാപിച്ചു കിടക്കുകയും ചെയ്യുന്നു. അതേസമയം, ഇവിടെ എത്ര അളവിൽ നിക്ഷേപമുണ്ടെന്നോ, മൂല്യം എത്ര വരുമെന്നോ, ഇതിന്റെ ഗുണനിലവാരമോ കണക്കാക്കിയിട്ടില്ല. ഇതു സംബന്ധിച്ച് കൂടുതൽ കൃത്യത ലഭിക്കാൻ മആദിൻ പഠനങ്ങളും വിവര ശേഖരണവും നടത്തി വരികയാണ്. സ്വർണ, ചെമ്പ് ശേഖരം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ഡ്രില്ലിങ് നടത്തും.  

നിലവിലുള്ള മൻസൂറ, മസർറ ഖനികളിൽ ഉയർന്ന ഗുണനിലവാരമുള്ള കൂടുതൽ സ്വർണ നിക്ഷേപം കണ്ടെത്തിയതായും മആദിൻ അറിയിച്ചു. ഇപ്പോഴുള്ള തുറന്ന ഖനിയുടെ ഏറ്റവും അടിഭാഗത്തു നിന്ന് 220 മീറ്റർ താഴ്ചയിലാണീ നിക്ഷേപം. ഭാവിയിൽ ഈ ഖനികളിൽ നിന്ന് കൂടുതൽ സ്വർണ ലഭിക്കുമെന്ന സൂചനയാണീ കണ്ടെത്തൽ.

Join Us
  • Facebook38.5K
  • X Network32.1K
  • Behance56.2K
  • Instagram18.9K

Stay Informed With the Latest & Most Important News

[mc4wp_form id=314]
svg
Loading Next Post...
svg Sign In/Sign Up svgSearch
Scroll to Top
Loading

Signing-in 3 seconds...

Signing-up 3 seconds...