റിയാദ്. ടൂറിസം രംഗത്തെ കുതിപ്പിന്റെ ഫലമായി സൗദി അറേബ്യയില്‍ ആഭ്യന്തര വിമാനയാത്രകളിലും വലിയ വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി. രാജ്യത്തിനകത്തെ വിമാന യാത്രകള്‍ക്കായുള്ള ബുക്കിങ്ങുകളില്‍ 2024ല്‍ 45 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബജറ്റ് വിമാന കമ്പനികള്‍ സര്‍വീസുകള്‍ വര്‍ധിപ്പിച്ചതും ഈ വര്‍ധനയെ സഹായിച്ചു. റൂം ബുക്കിങ്ങുകളിലും 39 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തിയതായി അല്‍മുസാഫിര്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ട്രാവല്‍ ട്രെന്‍ഡ് റിപോര്‍ട്ട് പറയുന്നു. മൊത്തം ട്രാവല്‍ വിപണിയുടെ 40 ശതമാനവും ഡൊമസ്റ്റിക് ഫ്‌ളൈറ്റ് ബുക്കിങ്ങും ഹോട്ടല്‍ റിസര്‍വേഷനുകളുമാണ്. ഇതില്‍ 11 ശതമാനം വാര്‍ഷിക വര്‍ധനയുമുണ്ട്.
ബജറ്റ് വിമാന കമ്പനികള്‍ ആഭ്യന്തര സര്‍വീസുകളില്‍ സീറ്റ് വര്‍ധിപ്പിച്ചതും കൂടുതല്‍ നഗരങ്ങളെ ബന്ധിപ്പിച്ച് സര്‍വീസുകള്‍ തുടങ്ങിയതുമാണ് ബുക്കിങ് വര്‍ധനയില്‍ പ്രധാന പങ്കുവഹിച്ചത്. യാത്രാ ചെലവ് കാര്യമായി നോക്കുന്ന യാത്രക്കാരെ സംബന്ധിച്ചിടത്തോളം ബജറ്റ് സര്‍വീസുകള്‍ അധിക റൂട്ടുകളിലേക്ക് സര്‍വീസ് തുടങ്ങിയത് അനുഗ്രഹമായി. ബുക്കിങ്ങ് 45 ശതമാനം വര്‍ധിച്ചപ്പോള്‍ ബുക്കിങ് മൂല്യം ഏഴ് ശതമാനം കുറയാന്‍ ഇതൊരു കാരണമാണ്.
വൈവിധ്യമാര്‍ന്ന ഡെസ്റ്റിനേഷനുകള്‍, താമസ സൗകര്യങ്ങള്‍, വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന, സ്വന്തം രാജ്യത്തെ ടൂറിസം അനുഭവങ്ങള്‍ എന്നിവയാണ് ആഭ്യന്തര യാത്രകള്‍ക്ക് അനുകൂലമായ ഘടകങ്ങള്‍. കുടുംബമായും സംഘങ്ങളായുമുള്ള യാത്രകള്‍ക്കാണ് ഈ വളര്‍ച്ചയില്‍ ഏറിയ പങ്കും. ഈ വിഭാഗങ്ങളില്‍ ബുക്കിങ്ങുകള്‍ 70 ശതമാനത്തിലേറെയാണ് വര്‍ധിച്ചത്.
മക്ക, റിയാദ്, ജിദ്ദ, അല്‍-ഖോബാര്‍, മദീന എന്നീ നഗരങ്ങളാണ് ഏറ്റവും കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നത്. ഒട്ടേറെ കാഴ്ചാ, വിനോദ അനുഭവങ്ങള്‍ നല്‍കുന്ന അബഹ, അല്‍ ജുബൈല്‍, ജസാന്‍, തബൂക്ക്, ഹായില്‍ തുടങ്ങി അതിവേഗം വളരുന്ന ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ട്.
യാത്രകളില്‍ താമസസൗകര്യങ്ങളുടെ കാര്യത്തിലുള്ള സഞ്ചാരികളുടെ മുന്‍ഗണനയിലും വലിയ മാറ്റങ്ങളുള്ളതായി അല്‍മുസാഫിര്‍ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മൊത്തം താമസ ബുക്കിങ്ങുകളില്‍ 36 ശതമാനവും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലാണ്. ത്രീ സ്റ്റാറും അതിനു താഴെയുള്ള ബജറ്റ് സൗഹൃദ ഹോട്ടലുകളിലേയും ബുക്കിങ് ഇപ്പോള്‍ 35 ശതമാനമെയുള്ളൂ. ഈ ഗണത്തില്‍ കുടുംബ, ഗ്രൂപ്പ് ബുക്കിങ്ങുകളില്‍ 100 ശതമാനം വര്‍ധനയുണ്ട്. വെക്കേഷന്‍ റെന്റല്‍, ഹോട്ടല്‍ അപാര്‍ട്ട്‌മെന്റ് തുടങ്ങിയ ബദല്‍ താമസ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഗൈഡഡ് ടൂറുകള്‍, സാഹസിക വിനോദങ്ങള്‍, സാംസ്‌കാരിക അനുഭവങ്ങള്‍ എന്നിവയാണ് ഏറിയ പങ്ക് സഞ്ചാരികളും താല്‍പര്യപ്പെടുന്നത്.
വിവിധ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളുടെ ആധിപത്യം ശക്തമായതോടെ ബുക്കിങ് രീതികള്‍ കൂടുതല്‍ ഓണ്‍ലൈന്‍ ആയിക്കൊണ്ടിരിക്കുകയാണ്. മൊത്തം ബുക്കിങ്ങുകളുടെ 78 ശതമാനവും ഓണ്‍ലൈനാണ്. ആപ്പുകള്‍ മുഖേനയുള്ള ബുക്കിങ്ങ് 67 ശതമാനം വര്‍ധിച്ചു. വെബ് മുഖേനയുള്ള ബുക്കിങില്‍ ഏഴു ശതമാനമാണ് വര്‍ധന. സൗകര്യപ്രദമായി പണം അടക്കാനുള്ള മാര്‍ഗങ്ങളും യാത്രാ വിപണിയില്‍ വലിയ മാറ്റമുണ്ടാക്കി.