റിയാദ്. സൗദി അറേബ്യ കഴിഞ്ഞ വര്‍ഷം സൈനികാവശ്യങ്ങൾക്ക് ചെലവിട്ട തുക 28,425 കോടി റിയാലായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ഗവര്‍ണര്‍ അഹ്മദ് അല്‍ഊഹലി പറഞ്ഞു. തുര്‍ക്കിയിലെ അന്റാലിയയില്‍ നടന്ന 25മത് ഗ്ലോബല്‍ ഡിഫന്‍സ് ആന്റ് എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ് സ്ട്രാറ്റജീസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1960 മുതല്‍ സൈനികാവശ്യങ്ങൾക്കുള്ള ധനവിനിയോഗത്തില്‍ നാലര ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ട്. കഴിഞ്ഞ 7,580 കോടി ഡോളര്‍ (28,425 കോടി റിയാല്‍) ആയി ഇത് ഉയര്‍ന്നു. 2025 ബജറ്റിൽ 7,800 കോടി ഡോളറാണ് ബജറ്റില്‍ സൈനിക മേഖലക്കായി സൗദി നീക്കിവെച്ചിട്ടുള്ളത്. പൊതുധനവിനിയോഗത്തിന്റെ 21 ശതമാനവും ജിഡിപിയുടെ 7.1 ശതമാനവും വരുമിത്.
സൗദിയില്‍ സൈനിക വ്യവസായത്തിന്റെ പ്രാദേശികവല്‍ക്കരണം ശ്രദ്ധേയമായ നിലയില്‍ ഉയര്‍ന്നിട്ടുണ്ട്. 2023ല്‍ ഇത് 19.35 ശതമാനമായി ഉയര്‍ന്നു. വ്യവസായം, ഇന്നൊവേഷന്‍, എണ്ണ വരുമാനം ആശ്രയിക്കുന്നത് കുറക്കല്‍, സമ്പദ്‌വ്യവസ്ഥയില്‍ സ്വകാര്യ മേഖലയുടെ പങ്ക് 40 ശതമാനത്തില്‍ നിന്ന് 65 ശതമാനമായി വര്‍ധിപ്പിക്കല്‍, എണ്ണയിത മൊത്തം ആഭ്യന്തരോല്‍പാദനം 16 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി വര്‍ധിപ്പിക്കല്‍ എന്നീ ലക്ഷ്യങ്ങളുടെ പിന്തുണയോടെയാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.
സൈനിക വ്യവസായ മേഖലയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കാനായി ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് നയങ്ങളും നിയമനിര്‍മാണങ്ങളും വികസിപ്പിച്ചിട്ടുണ്ട്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികള്‍ക്കു പുറമെ സ്വദേശ, വിദേശ ചെറുകിട-ഇടത്തരം കമ്പനികള്‍ക്കും സാമ്പത്തിക പ്രോത്സാഹനങ്ങളും പിന്തുണയും നല്‍കുന്നുണ്ട്. സൈനിക വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെയും ഗുണഭോക്താക്കളായ സര്‍ക്കാര്‍ വകുപ്പുകളെയും ശാക്തീകരിക്കാന്‍ ഈ മേഖലയിലെ പങ്കാളികളുമായി സഹകരിച്ച് ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തുന്നു.