റിയാദ്. സൗദി അറേബ്യയുടെ എണ്ണ ഇതര കയറ്റുമതി ഒക്ടോബറിൽ 12.7 ശതമാനം വളർച്ച രേഖപ്പെടുത്തി. 25.38 ബില്യൻ റിയാലിന്റെ വ്യാപാരമാണ് ഒക്ടോബറിൽ നടന്നതെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ റിപോർട്ട് പറയുന്നു. ചൈനയിലേക്കും യുഎഇയിലേക്കുമാണ് സൗദി പെട്രോളിയം ഇതര ചരക്കുകളും ഉൽപ്പന്നങ്ങളും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്തത്. ഇന്ത്യയാണ് മൂന്നാമത്തെ ഏറ്റവും വലിയ കയറ്റുമതി വ്യാപാര പങ്കാളി.
ഒക്ടോബറിൽ യുഎഇയിലേക്കുള്ള കയറ്റുമതി 5.86 ബില്യൻ റിയാലിലെത്തി. കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ച് 54.2 ശതമാനമാണ് വർധന. 3.11 ബില്യൻ റിയാൽ മൂല്യമുള്ള മെക്കാനിക്കൽ, ഇലക്ട്രിക്കൽ ഉപകരണങ്ങളും 713.5 മില്യൻ റിയാൽ വിലമതിക്കുന്ന ട്രാൻസ്പോർട്ട് പാർട്സുകളും 503.8 മില്യൻ വിലമതിക്കുന്ന കെമിക്കൽ ഉൽപന്നങ്ങളുമാണ് യുഎഇയിലേക്കുള്ള കയറ്റുമതിയുടെ പട്ടികയിൽ പ്രധാനമായും ഉള്ളത്.
സൗദിയുടെ എണ്ണ ഇതര കയറ്റുമതിയിൽ ചൈനയാണ് രണ്ടാം സ്ഥാനത്ത്. 2.35 ബില്യൻ റിയാൽ മൂല്യമുള്ള ഉൽപ്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. 826.3 മില്യൺ റിയാൽ മൂല്യമുള്ള കെമിക്കൽ ഉൽപ്പന്നങ്ങൾ, 795.1 മില്യൻ മൂല്യമുള്ള പ്ലാസ്റ്റിക്, റബർ ഉൽപ്പന്നങ്ങൾ, 300.5 ദശലക്ഷം റിയാൽ വിലമതിക്കുന്ന ധാതു ഉൽപന്നങ്ങളും ചൈനയിലേക്ക് കയറ്റുമതി ചെയ്തു.
ഒക്ടോബറിൽ സൗദി എണ്ണ ഇതര ഉൽപ്പന്നങ്ങൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത മറ്റൊരു രാജ്യം ഇന്ത്യയാണ്. മൊത്തം 2.11 ബില്യൻ റിയാലിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് കയറ്റി അയച്ചു. സിംഗപൂർ, യുഎസ് എന്നീ രാജ്യങ്ങളാണ് മറ്റു വലിയ വ്യാപാര പങ്കാളികൾ. യൂറോപ്യൻ രാജ്യങ്ങളിലേക്കും സൗദിയിൽ നിന്ന് കാര്യമായ കയറ്റുമതി നടക്കുന്നുണ്ട്.
കപ്പല്‍ മാര്‍ഗമുള്ള കയറ്റുമതിയാണ് ഏറ്റവും കൂടുതല്‍ നടക്കുന്നത്. 3.77 ബില്യന്‍ റിയാലിന്റെ എണ്ണ ഇതര കയറ്റുമതി നടന്ന ജുബൈലിലെ കിങ് ഫഹദ് ഇന്‍ഡസ്ട്രിയല്‍ സീ പോര്‍ട്ടാണ് മുന്നില്‍. 3.53 ബില്യന്‍ റിയാലിന്റെ കയറ്റുമതി പ്രോസസ് ചെയ്ത ജിദ്ദ ഇസ്ലാമിക് സീ പോര്‍ട്ട് രണ്ടാം സ്ഥാനത്തുണ്ട്. ജുബൈല്‍ സീ പോര്‍ട്ട്, കിങ് അബ്ദുല്‍ അസീസ് സീ പോര്‍ട്ട് എന്നിവയാണ് മറ്റു പ്രധാന തുറമുഖങ്ങള്‍. കരമാര്‍ഗം 5.20 ബില്യന്‍ റിയാലിന്റെ എണ്ണ ഇതര കയറ്റുമതിയാണ് ഒക്ടോബറില്‍ നടന്നത്. വ്യോമ മാര്‍ഗം 4.75 ബില്യന്‍ റിയാലിന്റെ കയറ്റുമതിയും നടന്നു. റിയാദിലെ കിങ് ഖാലിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് (2.25 ബില്യന്‍ റിയാല്‍), ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് (2.38 ബില്യന്‍ റിയാള്‍) വഴിയാണ് പ്രധാനമായും വിമാന മാര്‍ഗമുള്ള കയറ്റുമതി നടക്കുന്നത്.
വിഷൻ 2030ന്റെ ഭാഗമായ സാമ്പത്തിക പരിഷ്കരണ പദ്ധതികളിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുന്നതിനുള്ള ശ്രമങ്ങൾ മികച്ച വിജയം കൈവരിച്ചുകൊണ്ടിരിക്കുകയാണ്. എണ്ണ വരുമാനത്തിലുള്ള ആശ്രയത്വം കുറയ്ക്കുക എന്നതാണ് ഈ പരിഷ്കരണങ്ങളുടെ പ്രധാന ലക്ഷ്യം. പരിഷ്കരണ പദ്ധതികളുടെ ഫലമായി രാജ്യത്തിന്റെ ജിഡിപിയിലെ എണ്ണ ഇതര മേഖലയുടെ സംഭാവന 52 ശതമാനമായി വർധിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ മാസം നടന്ന വേൾഡ് ഇക്കണൊമിക് ഫോറത്തിൽ സൗദി ഇക്കോണമി ആന്റ് പ്ലാനിങ് മന്ത്രി ഫൈസൽ ഇബ്രാഹിം പറഞ്ഞിരുന്നു. വിഷൻ 2030 പദ്ധതി നടപ്പിലാക്കി തുടങ്ങിയതു മുതൽ എണ്ണ ഇതര സാമ്പത്തിക ക്രയവിക്രയങ്ങളുടെ വാർഷിക വളർച്ച 20 ശതമാനമായി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.