റിയാദ്. സൗദി അറാംകോ ഫിലിപ്പീന്‍സിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ യൂനിഓയില്‍ പെട്രോളിയത്തിന്റെ 25 ശതമാനം ഓഹരികള്‍ വാങ്ങും. ഇതുസംബന്ധിച്ച കരാറില്‍ സൗദി ദേശീയ എണ്ണ കമ്പനിയായ അറാംകോ ഒപ്പുവെച്ചു. ഇതുവഴി ഫിലിപ്പൈന്‍സിലെ ഇന്ധന വിപണിയില്‍ പ്രവേശിക്കാനാണ് സൗദി അറാംകൊ പദ്ധതി. ചട്ടപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കുകയും അനുമതികൾ ലഭ്യമാകുകയും ചെയ്യുന്നതോടെ ഈ ഏറ്റെടുക്കൽ പൂർത്തിയാകും. ഫിലിപ്പീന്‍സ് ഇന്ധന വിപണിയില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച പ്രയോജനപ്പെടുത്താനാണ് ഈ ഏറ്റെടുക്കലിലൂടെ അറാംകൊ ലക്ഷ്യമിടുന്നത്. എണ്ണ സംസ്‌കരണം, പെട്രോ കെമിക്കല്‍സ്, വിപണന മേഖലകളില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റേയും, ഇന്ധന വ്യാപാര രംഗത്ത് കമ്പനിയുടെ ആഗോള റീട്ടെയിൽ ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ കരാര്‍. അറാംകോയുടെ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വിശാല വിപണി ഉറപ്പാക്കാനാണ് ചില്ലറ വ്യാപാര മേഖലയിലെ വളര്‍ച്ചയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
ആഗോള തലത്തിൽ റീട്ടെയില്‍ മേഖലയില്‍ ബിസിനസ് ശൃംഖല വികസിപ്പിക്കാനുള്ള പുതിയ ചുവടുവെപ്പാണ് ഈ ഏറ്റെടുക്കലെന്ന് സൗദി അറാംകൊ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് യാസിര്‍ മുഫ്തി പറഞ്ഞു. ഫിലിപ്പീന്‍സ് വിപണിയിൽ സാന്നിധ്യമറിയിച്ച്, സൗദി അറാംകോയുടെ ഉയര്‍ന്ന നിലവാരമുള്ള ഉല്‍പന്നങ്ങളും സേവനങ്ങളും പുതിയ ഉപഭോക്താക്കളിലെത്തിക്കാനും അന്താരാഷ്ട്ര തലത്തില്‍ മൂല്യം വര്‍ധിപ്പിക്കാനും കമ്പനി ആഗ്രഹിക്കുന്നു, യാസിര്‍ മുഫ്തി പറഞ്ഞു. എണ്ണ സംസ്‌കരണ, കെമിക്കല്‍സ്, വിപണന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യൂനിഓയില്‍ ഫിലിപ്പീന്‍സില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന എണ്ണക്കമ്പനികളില്‍ ഒന്നാണ്. 1966ല്‍ സ്ഥാപിതമായ കമ്പനിക്കു കീഴില്‍ ഫിലിപ്പീന്‍സിൽ 165 റീട്ടെയില്‍ പെട്രോള്‍ ബങ്കുകളും നാലു എണ്ണ സംഭരണ കേന്ദ്രങ്ങളുമുണ്ട്.
ചിലിയിലും പാകിസ്ഥാനിലും ഇന്ധന ചില്ലറ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികള്‍ നേരത്തെ സൗദി അറാംകൊ സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഫിലിപ്പീന്‍സിലും ഇന്ധന വിപണിയിലേക്കും സൗദി അറാംകൊ പ്രവേശിക്കുന്നത്.