റിയാദ്. സൗദി അറേബ്യയിലെ അഞ്ച് മുന്‍നിര ബാങ്കുകളുടെ വാര്‍ഷിക ലാഭത്തില്‍ റെക്കോര്‍ഡ് വര്‍ധന. 2024ല്‍ അല്‍ റാജി, നാഷനല്‍ കൊമേഴ്‌സ്യല്‍ ബാങ്ക്, അല്‍ഇംനാ, സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്, ബാങ്കെ സൗദി ഫ്രാന്‍സി എന്നീ ബാങ്കുകളുടെ ആകെ വാര്‍ഷിക ലാഭം 5,300 കോടി റിയാല്‍ കവിഞ്ഞു. സൗദി സ്റ്റോക് എക്‌സ്‌ചേഞ്ചായ തദാവുല്‍ രേഖകള്‍ പ്രകാരം അല്‍ഇൻമാ ബാങ്കിനാണ് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം വര്‍ധനയോടെ കഴിഞ്ഞ വര്‍ഷം അല്‍ഇൻമാ ബാങ്കിന്റെ ലാഭം 580 കോടി റിയാല്‍ കവിഞ്ഞു.
രണ്ടാം സ്ഥാനത്തുള്ള അല്‍റാജി ബാങ്കിന്റെ ലാഭം 19 ശതമാനം വര്‍ധിച്ച് 1,970 കോടി റിയാലിലെത്തി. കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന ലാഭമായ 2,120 കോടി റിയാല്‍ നേടിയെങ്കിലും നാഷനല്‍ കൊമേഴ്‌സ്യല്‍ ബാങ്കിനാണ് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക്. വെറും ആറ് ശതമാനമാണ് വളര്‍ച്ച. സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് 11 ശമതാനം വര്‍ധനയോടെ 195 കോടി റിയാല്‍ ലാഭം നേടി. ബിഎസ്എഫ് 7.6 ശതമാനം വളര്‍ച്ചയോടെ 450 കോടി റിയാലും ലാഭം നേടി.
ഓഹരി ഉടമകള്‍ക്ക് ഏറ്റവും ഉയര്‍ന്ന ലാഭവിഹിതം പ്രഖ്യാപിച്ചത് അല്‍റാജി ബാങ്കാണ്. ഒരു ഓഹരിക്ക് 1.46 ദിര്‍ഹം തോതില്‍ ആകെ 1,140 കോടി റിയാല്‍ വിതരണം ചെയ്യും. നാഷനല്‍ കൊമേഴ്‌സ്യല്‍ ബാങ്ക് പ്രതി ഓഹരി ഒരു റിയാല്‍ നിരക്കില്‍ 60 കോടി റിയാലും, അല്‍ഇൻമാ ബാങ്ക് പ്രതി ഓഹരി 0.3 റിയാല്‍ നിരക്കില്‍ 74.6 കോടി റിയാലും ലഭവിഹിതമായി വിതരണം ചെയ്യും.
2024ല്‍ പൊതുവെ സൗദി ബാങ്കുകള്‍ കരുത്തുറ്റ പ്രകടനമാണ് കാഴ്ചവച്ചതെന്ന് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നു. വാര്‍ഷിക ലാഭക്ഷമതയിലും ഓഹരി ഉടമകള്‍ക്കുള്ള കാര്യമായ ലാഭവിഹിതത്തിലും ആഗോള തലത്തില്‍ തന്നെ സൗദി ബാങ്കിങ് മേഖല ഏറ്റവും മുകളിലാണ്. വിപണി സ്ഥിരതയും അനൂകൂല പലിശ നിരക്കും, പ്രവര്‍ത്തനം മെച്ചപ്പെടുത്തിയതും ചെലവ് കാര്യക്ഷമമാക്കിയതുമാണ് ബാങ്കുകളെ ലാഭത്തിലേക്ക് നയിച്ചതെന്നും ബാങ്കിങ് വിദഗ്ധരെ ഉദ്ധരിച്ച് അശ്ശര്‍ഖുല്‍ ഔസത്ത് റിപോര്‍ട്ട് ചെയ്യുന്നു.