റിയാദ്. ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിന് വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് (സമ) മുന്നറിയിപ്പ്. സുരക്ഷാ ആശങ്കകളുള്ളതിനാല്‍ ഈ ആപ്പുകള്‍ ആശ്രയിക്കാവുന്ന ആശയവിനിമയ മാര്‍ഗമല്ലെന്നാണ് സമയുടെ അറിയിപ്പ്. ഇതു സംബന്ധിച്ച് സൗദിയിലെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും സമ നിര്‍ദേശം നല്‍കിയതായി റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്തരം മെസേജിങ് ആപ്പുകള്‍ക്കു പകരം ധനകാര്യ സ്ഥാപനങ്ങള്‍ ഔദ്യോഗിക മൊബൈല്‍ ആപ്പുകളിലോ വെബ്‌സൈറ്റിലോ ലൈവ് ചാറ്റ് അല്ലെങ്കില്‍ ചാറ്റ് ബോട്ട് സംവിധാനം അടക്കമുള്ള സുരക്ഷിത മെസേജിങ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഇവ ഉപയോഗപ്പെടുത്തുമ്പോള്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.
ഈയിടെയായി ചാരിറ്റി സംഘടനകളുടേയും സമൂഹ മാധ്യമങ്ങളിലെ പൊതുവ്യക്തിത്വങ്ങളുടേയും പേരില്‍ വ്യാജമായി ധനസഹായ വാഗ്ദാനങ്ങള്‍ നല്‍കി തട്ടിപ്പു നടത്തുന്നവര്‍ക്കെതിരെ സൗദി ബാങ്കുകളുടെ ബാങ്കിങ് മാധ്യമ ബോധവല്‍ക്കരണ സമിതി മുന്നറിയിപ്പു നല്‍കിയിരുന്നു. വ്യാജ രേഖകളും സീലുകളും ഉപയോഗിച്ച് ഈ തട്ടിപ്പുകാര്‍ ഇരകളില്‍ നിന്നും പ്രോസസിങ് ഫീസ് എന്ന പേരില്‍ പണം പിരിച്ചെടുക്കുകയാണ് ചെയ്തു വരുന്നത്. വ്യാജ പേമെന്റ് ലിങ്കുകല്‍ നല്‍കിയും ബാങ്ക് ട്രാന്‍സ്ഫര്‍ മുഖേനയുമാണ് തട്ടിപ്പുകാര്‍ ഇരകളെ സമ്മര്‍ദ്ദത്തിലാക്കി പണം തട്ടുന്നത്. സംഭാവനകള്‍ നല്‍കുന്നതിനോ സേവനങ്ങള്‍ക്കോ ഉപഭോക്താക്കളില്‍ നിന്നും പണം ആവശ്യപ്പെടുന്നവരെ കരുതിയിരിക്കണമെന്നും ഇത്തരം തട്ടിപ്പുകള്‍ വര്‍ധിച്ചു വരികയാണെന്നു ബാങ്കിങ് മീഡിയ ആന്റ് അവയര്‍നെസ് കമ്മിറ്റി സെക്രട്ടറി ജനറല്‍ റാബിയ അല്‍ ശുമൈസി പറഞ്ഞു.
ബില്ലുകള്‍ അടക്കുന്നതിനും സേവനങ്ങള്‍ക്കുള്ള ഫീസ് അടക്കുന്നതിനും എല്ലാ സൗദി ബാങ്കിങ് ആപ്പുകളിലും ലഭ്യമായിട്ടുള്ള സുരക്ഷിത പേമെന്റ് സംവിധാനമായ സദദ് ഉപയോഗിക്കണമെന്നാണ് ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഉടന്‍ ബാങ്കിനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.