റിയാദ്. സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ ഫെബ്രുവരി മാസം നേടിയ അറ്റാദായത്തിൽ 21 ശതമാനം വാർഷിക വർധന. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 825 കോടി റിയാൽ ലാഭം നേടിയതായി സൗദി സെന്‍ട്രല്‍ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത സൗദി ബാങ്കുകളും രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ ബാങ്ക് ശാഖകളും ഉൾപ്പെടെ കൈവരിച്ച നേട്ടമാണിത്. 2024 ഫെബ്രുവരിയില്‍ ബാങ്കുകളുടെ ലാഭം 680 കോടി റിയാലായിരുന്നു.
ജനുവരിയില്‍ ബാങ്കുകള്‍ 814 കോടി റിയാലാണ് ലാഭം നേടിയത്. 2024 ജനുവരിയില്‍ 702 കോടി റിയാലും മാര്‍ച്ചില്‍ 693 കോടി റിയാലും ഏപ്രിലില്‍ 670 കോടി റിയാലും മേയില്‍ 733 കോടി റിയാലും ജൂണില്‍ 774 കോടി റിയാലും ജൂലൈയില്‍ 771 കോടി റിയാലും ഓഗസ്റ്റില്‍ 755 കോടി റിയാലും സെപ്റ്റംബറില്‍ 782 കോടി റിയാലും ഒക്‌ടോബറില്‍ 770 കോടി റിയാലും നവംബറില്‍ 700 കോടി റിയാലും ഡിസംബറില്‍ 882 കോടി റിയാലും ബാങ്കുകള്‍ ലാഭം രേഖപ്പെടുത്തിയിരുന്നു.