റിയാദ്. 2024ൽ സൗദി അറേബ്യയുടെ സാമ്പത്തിക രംഗം സർക്കാർ പ്രതീക്ഷതിലേറെ വളർച്ച കൈവരിച്ചു. 2023ൽ 0.8 ശമതാനം ചുരുങ്ങിയ വളർച്ച 2024ൽ 1.3 ശതമാനം വളർച്ച നേടിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ വ്യക്തമാക്കുന്നു. എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചതിന്റെ ആഘാതം രണ്ടാം പാദത്തിൽ കുറഞ്ഞു തുടങ്ങിയത് സഹായകമായി. എണ്ണ-ഇതര മേഖല 4.3 ശതമാനം വളർച്ച കൈവരിച്ചതും ഗുണകരമായി. ഈ മേഖലയിൽ തുടർച്ചയായ നാലാമത് വാർഷിക വളർച്ചയാണിത്. എണ്ണ മേഖലയിൽ വളർച്ച 4.5 ശതമാനം ചുരുങ്ങി. മുൻ വർഷത്തേക്കാളും കുറഞ്ഞ നിരക്കാണിത്.
തുടർച്ചയായ നാലാം വർഷവും സർക്കാർ പ്രവർത്തനങ്ങൾ 2.6 ശതമാനം വളർച്ച കൈവരിച്ചത് വളർച്ചയ്ക്ക് ഒരു അധിക സംഭാവനയായി. 2024ൽ സൗദി അറേബ്യയുടെ സാമ്പത്തിക വളർച്ച 0.8 ശതമാനമായിരിക്കും എന്നായിരുന്നു സൗദി ധനകാര്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ. അതേസമയം, അന്താരാഷ്ട്ര നാണയ നിധിയുടെ 1.5 ശതമാനമെന്ന പ്രവചനത്തേക്കാൾ അല്പം കുറവാണ്.
2024 നാലാം പാദത്തിൽ, സൗദിയുടെ സാമ്പത്തിക വളർച്ച 4.4 ശതമാനം വാർഷിക വളർച്ച കൈവരിച്ചു. രണ്ട് വർഷത്തിനിടെ ഏറ്റവും വേഗതയേറിയ വളർച്ചാ നിരക്കാണിത്. നാലു പാദങ്ങളിൽ തുടർച്ചയായി വളർച്ച ചുരുങ്ങിയ ശേഷമുള്ള തുടർച്ചയായ രണ്ടാം പാദ വളർച്ചയും കൂടിയാണിത്.
എണ്ണ ഉൽപാദനം വെട്ടിക്കുറച്ചതിന്റെ ആഘാതം മങ്ങിത്തുടങ്ങിയതാണ് ധാനമായും സാമ്പത്തിക വളർച്ചയെ പിന്തുണച്ചത്. എണ്ണ മേഖലയുടെ വാർഷിക വളർച്ച 3.4 ശതമാനമാണ്. എണ്ണയുൽപ്പാദനം വെട്ടിക്കുറച്ചതിനെ തുടർന്ന അഞ്ച് പാദങ്ങളിൽ തുടർച്ചയായ വളർച്ചാ ഇടിവുണ്ടായിരുന്നു. ഇതിനുശേഷം ഇപ്പോൾ രണ്ടു പാദങ്ങളിൽ തുടർച്ചയായി വളർച്ച കൈവരിച്ചു.