സൗദി അറേബ്യയിലെ വിനോദ മേഖല കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നു. 2030ഓടെ പ്രതിവർഷം 150 ദശലക്ഷം സന്ദർശകരെ ആകർഷിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് അതിവേഗം രാജ്യം കുതിക്കുകയാണ്. ഒക്ടോബർ 13ന് ആരംഭിച്ച ഈ വർഷത്തെ റിയാദ് സീസൺ ആഘോഷങ്ങൾക്കായി ഇതിനകം 1.2 കോടിയിലധികം സന്ദർശകരാണ് എത്തിയതെന്ന് ജനറൽ എൻ്റർടൈൻമെൻ്റ് അതോറിറ്റി അറിയിക്കുന്നു. പ്രതിദിനം ശരാശരി 174,000 സന്ദർശകരേയാണ് റിയാദ് സീസൺ ആകർഷിക്കുന്നത്.
കഴിഞ്ഞ വർഷത്തെ മൊത്തം സന്ദർശകരുടെ എണ്ണത്തിന്റെ പകുതി ഇതിനകം കവിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ആകെ എത്തിയത് രണ്ട് കോടി സന്ദർശരായിരുന്നു. ദിവസം ശരാശരി 1.5 ലക്ഷം സന്ദർശകരെത്തിയിരുന്നു. ഈ വർഷം 14 വിനോദ മേഖലകളും 11 അന്താരാഷ്ട്ര ടൂർണമെൻ്റുകളും 100 എക്സിബിഷനുകളും ഫെസ്റ്റിവലുകളുമാണ് റിയാദ് സീസണിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിട്ട 100 ദശലക്ഷം സന്ദർശകരെന്ന ലക്ഷ്യം രാജ്യം ഇതിനകം മറികടന്നതായി ടൂറിസം മന്ത്രി അഹമദ് അൽ ഖത്തീബ് നേരത്തെ അറിയിച്ചിരുന്നു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിർദേശ പ്രകാരം പുതിയ ലക്ഷ്യം 150 ദശലക്ഷം സന്ദർശകരായി പുനർനിശ്ചയിച്ചിട്ടുണ്ട്.
സൗദി അറേബ്യയുടെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിൽ ടൂറിസം മേഖല സുപ്രധാന സംഭാവന നൽകുന്നതായി സെപ്തംബറിൽ അന്താരാഷ്ട്ര നാണയ നിധി റിപോർട്ടിൽ പരമാർശമുണ്ടായിരുന്നു. 2023ൽ രാജ്യത്തിന്റെ ടൂറിസം വരുമാനം 36 ബില്യൻ ഡോളറായി ഉയർന്നു. അറ്റ ടൂറിസം വരുമാനം 38 ശതമാനം വളർച്ചയും രേഖപ്പെടുത്തി. ജിഡിപിയുടെ 11.5 ശതമാനം പ്രത്യക്ഷമായും പരോക്ഷമായും ടൂറിസം മേഖലയുടെ സംഭാവനയാണ്. 2034ഓടെ ഇത് 16 ശതമാനമായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.