റിയാദ്. ലോകമൊട്ടാകെ എഐ വിപ്ലവത്തിന് തിരികൊളുത്തിയ ചാറ്റ് ജിപിറ്റി ഉടമകളായ എഐ റിസര്‍ച്ച് കമ്പനി ഓപണ്‍ എഐയിലെ നിക്ഷേപം സൗദി ഐടി കമ്പനിയായ അല്‍ മുഅമ്മര്‍ ഇന്‍ഫൊമേഷന്‍ സിസ്റ്റംസ് (എംഐഎസ്) വിറ്റു. ജനുവരിയില്‍ 50 ലക്ഷം ഡോളറായിരുന്നു എംഐഎസ് ഓപണ്‍ എഐയില്‍ നിക്ഷേപിച്ചിരുന്നത്. സൗദി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ തദാവുലിന് കമ്പനി നല്‍കിയ വിവരം അനുസരിച്ച് 84 ലക്ഷത്തിനാണ് ഈ ഓഹരി വിറ്റത്. ഒരു മാസത്തിനകം ലാഭം 34 ലക്ഷം ഡോളര്‍.
ആഗോള എഐ കമ്പനികളില്‍ നിക്ഷേപിക്കുന്നതിലൂടെയും അവര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിലൂടേയും എഐ രംഗത്തെ വളര്‍ച്ചാ സാധ്യതകള്‍ മുതലെടുക്കാന്‍ എംഐഎസ് 1.07 കോടി ഡോളര്‍ നീക്കിവച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഓപണ്‍ എഐയില്‍ കമ്പനി 50 ലക്ഷം ഡോളര്‍ നിക്ഷേപിച്ചത്. ഈ നിക്ഷേപം വിറ്റഴിച്ച് നേടിയ സാമ്പത്തിക നേട്ടം ഈ വര്‍ഷം ആദ്യ പാദത്തിലെ കമ്പനിയുടെ സാമ്പത്തിക ഫലങ്ങളില്‍ പ്രതിഫലിക്കുമെന്നും എംഐഎസ് പ്രസ്താവനയില്‍ പറഞ്ഞു.
സൗദിയില്‍ എഐ അധിഷ്ഠിത ക്ലൗഡ് സേവനങ്ങള്‍ നല്‍കുന്നതിന് സൗദി ഫ്രാന്‍സി ക്യാപിറ്റലുമായി ഈ മാസം എംഐഎസ് ധാരണാപത്രം ഒപ്പുവച്ചിരുന്നു. സൗദിയില്‍ അടുത്ത തലമുറ എഐ അപ്ലിക്കേഷനുകളേയും മെഷീന്‍ ലേണിങ്ങിനേയും ഹൈ പെര്‍ഫോമന്‍സ് കംപ്യൂട്ടിങ്ങിനേയും പിന്തുണയ്ക്കുന്നതിനു വേണ്ടി ജിപിയു സംവിധാനങ്ങളൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും എംഐസി വ്യക്തമാക്കിയിരുന്നു. റിയാദിലെ നാഖ ഡേറ്റ സെന്റര്‍ വികസനത്തിനായി സൗദി ഡേറ്റ ആന്റ് എഐ അതോറിറ്റിയുമായും ഈ മാസം എംഐഎസ് 6.07 കോടിയുടെ കരാര്‍ ഒപ്പിട്ടിട്ടുണ്ട്.