റിയാദ്: ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദന, കയറ്റുമതി മേഖലകളില്‍ പരസ്പര സഹകരണത്തിന് സൗദി അറേബ്യയും ജര്‍മനിയും ധാരണയിലെത്തി. സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനും ജര്‍മന്‍ ധനമന്ത്രി ജോര്‍ഗ് കുകീസും റിയാദില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. ക്ലീന്‍ ഹൈഡ്രജന്‍, ഊര്‍ജ മേഖലയില്‍ സഹരിക്കുന്നതിന് 2021ൽ ഇരു രാജ്യങ്ങളും ധാരണയുണ്ടാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സൗദി ഊര്‍ജ മന്ത്രിയും ജര്‍മന്‍ ധനമന്ത്രിയും ചർച്ച നടത്തിയത്. ഈ യോഗത്തിനു ശേഷമാണ് സൗദി പൊതുമേഖലാ സ്ഥാപനമായ അക്വാ പവറും ജര്‍മൻ കമ്പനിയായ സെഫെയും തമ്മില്‍ ധാരണാപത്രം (Saudi-German Green Hydrogen Bridge) ഒപ്പുവെച്ചത്. ഗ്രീന്‍ ഹൈഡ്രജനും അമോണിയയും സൗദിയില്‍ ഉല്‍പാദിപ്പിച്ച് യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുകയാണ് ലക്ഷ്യം.
2030 ആകുമ്പോഴേക്കും പ്രതിവര്‍ഷം രണ്ടു ലക്ഷം ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ സൗദിയില്‍ നിന്ന് യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള സംയുക്ത പദ്ധതികള്‍ അക്വാ പവറും സെഫെയും ചേർന്ന് നടപ്പിലാക്കും. ഗ്രീന്‍ ഹൈഡ്രജന്‍, അമോണിയ ഉല്‍പാദനത്തിനാവശ്യമായ നിക്ഷേപവും വികസനവും നടത്തിപ്പും അക്വാപവറിന്റേതായിരിക്കും. ഇവ വാങ്ങി യൂറോപ്പിലെ ഉപഭോക്താക്കൾക്ക് വിപണനം ചെയ്യുകയാണ് സെഫെയുടെ ഉത്തരവാദിത്തം.
ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദനത്തിലും കയറ്റുമതിയിലും ഒരു മുന്‍നിര രാജ്യമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ജര്‍മനിയുമായി പുതിയ ധാരണാപത്രം ഒപ്പുവെച്ചത്. പുനരുപയോഗ ഊര്‍ജം, ശുദ്ധമായ ഹൈഡ്രജന്‍ സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുള്ളതാണ് സൗദി-ജര്‍മന്‍ ഊര്‍ജ സഹകരണം.