റിയാദ്. നടപ്പു സാമ്പത്തിക വര്‍ഷം ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള ആദ്യ പാദത്തില്‍ സൗദി അറേബ്യ 3.4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തില്‍ (ജിഡിപി) ഉണ്ടായ വാര്‍ഷിക വളര്‍ച്ചാ നിരക്കാണിതെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിച്ച പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വളര്‍ച്ചയില്‍ മുഖ്യസംഭാവന എണ്ണയിതര മേഖലയില്‍ നിന്നാണ്. 4.9 ശതമാനമാണിത്. സര്‍ക്കാര്‍ മേഖലയില്‍ 3.2 ശതമാനം വളര്‍ച്ചയുണ്ടായി. എണ്ണ മേഖലയില്‍ 0.5 ശതമാനം ഇടിവും രേഖപ്പെടുത്തി.
ജിഡിപി വളര്‍ച്ചയ്ക്ക് പ്രധാനമായും ആക്കം കൂട്ടിയത് എണ്ണയിതര സാമ്പത്തിക രംഗത്തെ മുന്നേറ്റമാണ്. വളര്‍ച്ചയില്‍ 2.8 ശതമാനമാണ് എണ്ണയിതര മേഖലയുടെ പങ്ക്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ആദ്യ പാദത്തില്‍ മിക്ക മേഖലകളും പോസിറ്റീവ് വളര്‍ച്ചാ നിരക്കുകളാണ് രേഖപ്പെടുത്തിയത്. മൊത്ത, ചില്ലറ വ്യാപാരം, റെസ്ട്രന്റ്, ഹോട്ടല്‍ എന്നീ മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് (8.4 ശതമാനം) രേഖപ്പെടുത്തി. ഗതാഗതം, സംഭരണം, കമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകള്‍ 6.0 ശതമാനവും, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ബിസിനസ് സര്‍വീസ് മേഖല 5.5 ശതമാനവും വളര്‍ച്ച കൈവരിച്ചു.
എണ്ണയിതര മേഖലയുടെ വളര്‍ച്ചയുടേയും തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതിന്റേയും ബലത്തില്‍ 2025ലും 2026ലും സൗദി അറേബ്യയുടെ സാമ്പത്തിക പ്രകടനം കൂടുതല്‍ മെച്ചപ്പെടുമെന്ന് നേരത്തെ അന്താരാഷ്ട്ര നാണയ നിധി (IMF) പ്രവചിച്ചിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തും പുനരുപയോഗ ഊര്‍ജ മേഖലയിലും സൗദി നടത്തുന്ന നിക്ഷേപങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക്് ആക്കം കൂട്ടുന്നതായും ഐഎംഎഫ് മിഡില്‍ ഈസ്റ്റ് ആന്റ് സെന്‍ട്രല്‍ ഏഷ്യ ഡയറക്ടര്‍ ജിഹാദ് അസൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു.