റിയാദ്. ലോക സാമ്പത്തിക ഫോറം വാര്‍ഷിക സമ്മേളനത്തില്‍ ഈ വര്‍ഷം സൗദി ഹൗസ് (SAUDI HOUSE) എന്ന പേരില്‍ സൗദി അറേബ്യ സ്വന്തമായി ഒരു പൂര്‍ണ പവലിയന്‍ ഒരുക്കി. ഈ മാസം 20 മുതല്‍ 24 വരെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസിലാണ് ലോക സാമ്പത്തിക ഫോറം സമ്മേളനം നടക്കുന്നത്. സൗദി ഹൗസ് കഴിഞ്ഞ തവണയാണ് ആദ്യമായി സൗദി അവതരിപ്പിച്ചത്. എന്നാല്‍ ഇത്തവണ സൗദിക്കു വേണ്ടി മാത്രമായി പൂര്‍ണ സജ്ജമായ ഒരു പവലിയന്‍ ആദ്യമായാണ് ഇക്കോണമി ആന്റ് പ്ലാനിങ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.
ആഗോള സാമ്പത്തിക വിദഗ്ധരും നേതാക്കളും പങ്കെടുക്കുന്ന ചര്‍ച്ചകളും പ്രഭാഷണങ്ങളും ഈ പവലിയനില്‍ നടക്കും. പ്രധാനമായും വിഷന്‍ 2030യുടെ ഭാഗമായുള്ള സൗദിയുടെ സാമ്പത്തിക പരിഷ്‌ക്കാരങ്ങളും അത് തുറന്നിടുന്ന വമ്പന്‍ അവസരങ്ങളും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന വേദിയാകും സൗദി ഹൗസ്. വിവിധ വ്യവസായ, സാമ്പത്തിക മേഖലകളില്‍ നിന്നുള്ള മുന്‍നിര സ്ഥാപനങ്ങള്‍ക്കും വിദഗ്ധര്‍ക്കും സൗദി ഹൗസ് ദാവോസില്‍ ആതിഥ്യമരുളും.
ഇക്കോണമി ആന്റ് പ്ലാനിങ് മന്ത്രാലയത്തിനൊപ്പം ആരോഗ്യം, ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ലോജിസ്റ്റിക്‌സ്, കമ്യൂണിക്കേഷന്‍സ് ആന്റ് ഐടി, ടൂറിസം, നിക്ഷേപം എന്നീ മന്ത്രാലയങ്ങളും, റോയല്‍ കമ്മീഷന്‍ ഫോര്‍ ജുബൈല്‍ ആന്റ് യാംബൂ, റോയല്‍ കമ്മീഷന്‍ ഓഫ് അല്‍ഉല, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, സൗദി ടൂറിസം അതോറിറ്റി, റിസര്‍ച് ഡെവലപ്‌മെന്റ് ആന്റ് ഇനൊവേഷന്‍ അതോറിറ്റി, സെന്റര്‍ ഫോര്‍ ഫോര്‍ത്ത് ഇന്‍ഡസ്ട്രിയല്‍ റെവലൂഷന്‍ ഇന്‍ സൗദി അറേബ്യ, ദിരിയ കമ്പനി എന്നിവരും സൗദി ഹൗസിന്റെ ഭാഗമായി ദാവോസിലുണ്ടാകും.
വിവിധ മേഖലകളില്‍ നിന്നുള്ള സൗദി പ്രതിനിധികള്‍ 15ലേറെ സെഷനുകളില്‍ പങ്കെടുക്കുന്നുണ്ട്. ഇവയില്‍ 10 സെഷനുകളും ലോക സാമ്പത്തിക ഫോറം അക്രെഡിറ്റ് ചെയ്തവയാണ്. ആഗോള സമ്പദ് വ്യവസ്ഥയുടെ ഭാവി, സുസ്ഥിര ടൂറിസം, നിക്ഷേപം, വ്യോമയാനം, വ്യാപാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ഭാവി സംബന്ധിച്ച സെഷനുകളാണിവ. 55ാമത് ലോക സാമ്പത്തിക ഫോറം സമ്മേളനത്തില്‍ നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികളും പ്രധാന രാജ്യാന്തര സ്ഥാപനങ്ങളും ആയിരത്തിലേറെ സ്വകാര്യ മേഖലാ വ്യവസായ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്.