റിയാദ്. സൗദി അറേബ്യയുടെ വ്യാവസായിക ഉല്‍പ്പാദന സൂചിക നവംബറില്‍ 3.4 ശതമാനം വര്‍ധിച്ച് 103.8 പോയിന്റില്‍ എത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപോര്‍ട്ട്. ഖനന, ക്വാറി പ്രവര്‍ത്തനങ്ങളിലുണ്ടായ ഉണര്‍വ്വാണ് ഈ വര്‍ധനയ്ക്ക് പ്രധാനമായും കാരണമായത്. ഈ മേഖലകളില്‍ 1.2 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയത്. പ്രതിദിന എണ്ണയുല്‍പ്പാദനം 88.2 ലക്ഷം ബാരലില്‍ നിന്ന് നവംബറില്‍ 89.3 ലക്ഷം ബാരലായി നേരിയ തോതില്‍ വര്‍ധിച്ചതും ഉല്‍പ്പാദന സൂചികയില്‍ നേട്ടമായി.
ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളില്‍ 7.2 ശതമാനമാനമെന്ന മികച്ച വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കോക്ക്, ശുദ്ധീകൃത പെട്രോളിയം ഉല്‍പ്പന്നങ്ങൾ എന്നിവയുടെ ഉല്‍പ്പാദനത്തില്‍ 17.6 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കെമിക്കലുകളുടേയും കെമിക്കല്‍ ഉല്‍പന്നങ്ങളുടേയും ഉല്‍പ്പാദനം 1.6 ശതമാനവും ഭക്ഷോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം 1.5 ശതമാനവും വര്‍ധിച്ചു. വിഷന്‍ 2030 പദ്ധതിക്കു കീഴില്‍ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ചയില്‍ രാജ്യം കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നതിന്റ ഫലമാണീ നേട്ടം.