ജിദ്ദ. മലേഷ്യന്‍ ബജറ്റ് വിമാന കമ്പനിയായ എയര്‍ഏഷ്യയില്‍ വൻ നിക്ഷേപത്തിന് സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ഒരുങ്ങുന്നതായി റിപോർട്ട്. ബിസിനസ് വിപുലീകരണത്തിനായി 22.6 കോടി ഡോളർ സമാഹരിക്കാൻ ലക്ഷ്യമിടുന്ന എയര്‍ ഏഷ്യയില്‍ 10 കോടി ഡോളര്‍ നിക്ഷേപിക്കാനാണ് പിഐഎഫ് തയാറെടുക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച് എയര്‍ ഏഷ്യയും പിഐഎഫും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അന്തിമ തീരുമാനം ആഴ്ചകൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന. യാഥാർത്ഥ്യമായാൽ എയർ ഏഷ്യയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ നിക്ഷേപമായിരിക്കുമിത്.
കോവിഡ് വിമാനയാത്രാ രംഗത്തുണ്ടാക്കിയ പ്രതിസന്ധികാരണം ഏതാനും വർഷങ്ങളായി നഷ്ടത്തിലായ എയർ ഏഷ്യ സാവധാനം ലാഭത്തിലേക്ക് തിരച്ചെത്തിക്കൊണ്ടിരിക്കുകയാണ്. 2024ൽ നഷ്ടമായിരുന്നെങ്കിലും ഈ വർഷം ലാഭത്തിലാകുമെന്നാണ് കമ്പനി പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ഈ ഘട്ടത്തിൽ പ്രവർത്തനം വിപൂലീകരിക്കുന്നതിനു വേണ്ടി എയർ ഏഷ്യ വൻകിട നിക്ഷേപകരിൽ നിന്ന് ഫണ്ട് സമാഹരിക്കുന്നതിനുള്ള ശ്രമങ്ങളിലാണ്. സിംഗപൂരിലേയും ജപാനിലേയും പ്രമുഖരുമായും ഇതിനകം കമ്പനി നിക്ഷേപ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
കമ്പനിയുടെ മൂല്യം 200 കോടി ഡോളർ ആയി കണക്കാക്കി പുതിയ നിക്ഷേപകർക്ക് എയർ ഏഷ്യയുടെ 15 ശതമാനം വരെ ഓഹരികൾ നൽകും. ബജറ്റ് വിമാന സർവീസ് എന്നതിൽ നിന്നും പൂർണ സർവീസ് വിമാന കമ്പനിയായി എയർ ഏഷ്യയെ മാറ്റാനാണു നീക്കം. ഇതിന്റെ ഭാഗമായി ബജറ്റ് സർവീസായ എയർ ഏഷ്യയേയും ദീർഘ ദൂര സർവീസായ എയർ ഏഷ്യ എക്സ് ബിഎച്ഡിയേയും ഏകീകരിച്ച് എയർ ഏഷ്യ എന്ന ഒറ്റ ബ്രാൻഡിനു കീഴിൽ പ്രവർത്തിപ്പിക്കാനാണ് പദ്ധതി.