റിയാദ്. സൗദി അറേബ്യയിലെ നിക്ഷേപ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും പ്രത്യേക കോടതികൾ സ്ഥാപിക്കുന്ന കാര്യം നിക്ഷേപകാര്യ മന്ത്രാലയം പരിഗണിച്ചു വരുന്നു. സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായും കൂടുതൽ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനുമായി ഇതുവരെ 800ലേറെ പരിഷ്കരണങ്ങളാണ് രാജ്യത്ത് നടപ്പിലാക്കിയത്. പല നിയമങ്ങളിലും കാതലായ മാറ്റങ്ങൾ വന്നു. സിവിൽ ട്രാൻസാക്ഷൻസ് നിയമം, ബാങ്ക്റപ്റ്റ്സി നിയമം, പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതി, ഗവൺമെൻ്റ് ടെൻഡർ & പ്രൊക്യുർമെൻ്റ് നിയമം തുടങ്ങിയ പ്രധാന നിയമങ്ങളടക്കം ഭേദഗതി ചെയ്തതോടെ ആഗോള തലത്തിൽ സൗദി കൂടുതൽ മത്സരക്ഷമതയുള്ള രാജ്യങ്ങളുടെ നിരയിലേക്ക് ഉയർന്നു. ഐഎംഡി വേൾഡ് കോംപറ്റിറ്റീവ്നെസ് ഇൻഡെക്സ് പ്രകാരം ആഗോള തലത്തിൽ ഏറ്റവും മത്സരക്ഷമതയുള്ള 16മത് രാജ്യമാണിപ്പോൾ സൗദി.
കോടതികൾ സ്ഥാപിക്കുന്നതിന്റെ ആവശ്യകത വിലയിരുത്താൻ നിക്ഷേപ മന്ത്രാലയം വിവിധ സർക്കാർ, സ്വകാര്യ മേഖലാ ഏജൻസികളുമായി കൂടിയാലോചകൾ നടത്തിവരികയാണെന്ന് അശ്ശർഖുൽ ഔസത്ത് റിപോർട്ട് ചെയ്യുന്നു. ദ്രുതഗതിയിലുള്ള ഈ മാറ്റങ്ങളുടേയും പുതിയ നിമയനിർമാണങ്ങളുടേയും പശ്ചാത്തലത്തിൽ രാജ്യത്തെ നീതിന്യായ സംവിധാനവുമായുള്ള നിക്ഷേപകരുടെ ഇടപെടലുകൾ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക കോടതികൾ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഗോള തലത്തിൽ ഒരു മുൻനിര നിക്ഷേപ കേന്ദ്രമെന്ന നിലയിൽ സൗദിയുടെ പദവി ഉയർത്തുകയും ഇതിന്റെ ലക്ഷ്യമാണ്.
ഇതിനുള്ള ആസൂത്രണങ്ങൾ കാര്യക്ഷമമാക്കാൻ തന്ത്രപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ ഏജൻസികളുമായി ചേർന്ന് പ്രവർത്തിച്ചു വരികയാണിപ്പോൾ നിക്ഷേപകാര്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളിൽ നിന്നും മന്ത്രാലം റിപോർട്ട് തേടിയിട്ടുണ്ട്. 2024 ഓഗസ്റ്റിൽ പ്രഖ്യാപിച്ച പുതിയ നിക്ഷേപ നിയമം ഈ പുതുവർഷം പ്രാബല്യത്തിൽ വരാനിരിക്കുകയാണ്. രാജ്യത്തെ നിക്ഷേപാന്തരീക്ഷം കൂടുതൽ ആകർഷകമാക്കുകയും ആഗോളതലത്തിൽ മത്സരക്ഷമത വർധിപ്പിക്കുകയുമാണ് ഈ പുതിയ നിയമ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ നിക്ഷേപ തന്ത്രത്തിന്റേയും വിഷൻ 2030 പദ്ധതിയുടേയും ഭാഗമാണീ പുതിയ മാറ്റങ്ങളെല്ലാം.