റിയാദ്. സൗദി സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലുള്ള നിക്ഷേപ ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്)ന് രാജ്യത്ത് 13 മേഖലകളിലായി 103 കമ്പനികള്‍ ഇതുവരെ സ്ഥാപിച്ചതായി പിഐഎഫ് ഗവര്‍ണര്‍ യാസിര്‍ അല്‍റുമയാന്‍ പറഞ്ഞു. അമേരിക്കയിലെ മയാമിയില്‍ നടന്ന ഫ്യൂചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദിയില്‍ പശ്ചാത്തലസൗകര്യ വികസന രംഗത്തെ ഗ്രീൻഫീൽഡ് പദ്ധതികൾക്കായി പ്രതിവര്‍ഷം 40-50 ബില്യണ്‍ ഡോളറാണ് നിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒന്നുമില്ലായ്മയിൽ നിന്ന് പുതുതായി കെട്ടിപ്പടുക്കുന്ന പദ്ധതികളാണ് ഗ്രീൻഫീൽഡ് പദ്ധതികൾ.
സൗദി അറേബ്യക്കകത്ത് നിക്ഷേപങ്ങള്‍ നടത്തുന്നതിലാണ് പിഐഎഫ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പിഐഎഫ് നടത്തിയ ആകെ നിക്ഷേപങ്ങളില്‍ 40 ശതമാനം അമേരിക്കയിലാണ്. ഇവിടെ നിക്ഷേപം നടത്തുന്നതില്‍ പിഐഎഫ് ചില പ്രയാസങ്ങൾ നേരിടുന്നുണ്ട്. യുഎസിലെ നിക്ഷേപങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ട്രംപ് ഭരണകൂടം ലഘൂകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുഎസിൽ നിക്ഷേപങ്ങൾ വിപുലീകരിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത അദ്ദേഹം എടുത്തു പറഞ്ഞു.
സൗദി റെയില്‍വേ കമ്പനി, എസ് ടി സി, സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി (സാപ്റ്റ്‌കോ), സൗദി നാഷനല്‍ ബാങ്ക്, റിയാദ് ബാങ്ക്, നിയോം, കിങ് അബ്ദുല്ല ഇക്കണൊമിക് സിറ്റി, കിങ് സല്‍മാന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, റിയാദ് എയര്‍, സൗദിയിലെ ആദ്യ ഡിജിറ്റല്‍ ബാങ്കായ ഡി360 ബാങ്ക്, ദിരിയ കമ്പനി, ഇലക്ട്രിക് കാര്‍ ഉല്‍പ്പാദന കമ്പനിയായ സീര്‍, ഗല്‍ഫ് ഇന്റര്‍നാഷനല്‍ ബാങ്ക്, റെഡ് സീ ഗ്ലോബല്‍, ഖിദ്ദിയ, അലിന്‍മ ബാങ്ക്, അലാത്, ദാന്‍, അസീര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി തുടങ്ങി നിരവധി കമ്പനികളില്‍ പിഐഎഫിന് വന്‍ നിക്ഷേപമുണ്ട്. ഇന്ത്യന്‍ കോര്‍പറേറ്റ് ഭീമനായ റിലയന്‍സിലും പിഐഎഫ് നിക്ഷേപമുണ്ട്. സൗദി അറേബ്യയിലെ നാലു ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ഇപ്പോള്‍ പിഐഎഫിന്റെ ഉടമസ്ഥതയിലുണ്ട്. സൗദി ഫുട്‌ബോള്‍ ലീഗിന്റെ നിലവാരം ഉയര്‍ത്താനും ലക്ഷ്യമിടുന്നു. 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്ത് പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്നും യാസിര്‍ അല്‍റുമയാന്‍ പറഞ്ഞു.
സൗദി അറേബ്യയിലെ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന വാര്‍ഷിക പരിപാടിയാണ് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് കോണ്‍ഫറന്‍സ്. ലോകമെമ്പാടുമുള്ള വിവിധ നിക്ഷേപ, സാമ്പത്തിക മേഖലകളില്‍ നിന്നുള്ള നേതാക്കളുടെയും വിദഗ്ധരുടെയും പങ്കാളിത്തത്തോടെ 2017ലാണ് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് കോണ്‍ഫറന്‍സ് ആരംഭിച്ചത്.
ഭാവിയിലേക്കുള്ള ആശയങ്ങള്‍, വെല്ലുവിളികള്‍, പരിഹാരങ്ങള്‍ എന്നിവ പങ്കിടാനായി സര്‍ക്കാര്‍, സ്വകാര്യ മേഖല, സിവില്‍ സമൂഹം എന്നീ മേഖലകളിൽ നിന്നുള്ള നേതാക്കളേയും വിദഗ്ധരേയും ഒരുമിപ്പിക്കുന്ന വേദിയാണീ കോണ്‍ഫറന്‍സ്. സുസ്ഥിരത, സാമ്പത്തിക വികസനം, നൂതന സാങ്കേതികവിദ്യകള്‍, കാലാവസ്ഥാ വ്യതിയാനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിവേഗം വളരുന്ന സാമ്പത്തിക കേന്ദ്രം എന്ന നിലയിലും നിക്ഷേപകരുടെ ഇഷ്ട ലക്ഷ്യസ്ഥാനം എന്ന നിലയിലും സൗദി അറേബ്യയുടെ ഇടപെടലുകൾ എടുത്തുകാട്ടുന്ന പ്രധാന വേദിയാണ് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് കോണ്‍ഫറന്‍സ്.