റിയാദ്. രാജ്യത്തെ സാമ്പത്തിക വിപണിയിൽ പൊതു നിക്ഷേപ ഫണ്ടുകളുടെ ആകെ ആസ്തി മൂല്യത്തിൽ ഒരു വർഷത്തിനിടെ 37 ശതമാനം വർധന രേഖപ്പെടുത്തി. ആഭ്യന്തര, വിദേശ ആസ്തികൾ ഉൾപ്പെടെയാണിത്. 2024 മൂന്നാം പാദം അവസാനത്തോടെ 4300 കോടി റിയാൽ വർധിച്ച് മൊത്തം ആസ്തികളുടെ മൂല്യം 16,008.7 കോടി റിയാലായി. 2023ൽ ഇതേ കാലയളവിൽ 11,711.7 കോടി റിയാലായിരുന്നു ഇത്.
2024 രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നാം പാദത്തിൽ 10.4 ശതമാനം ത്രൈമാസ വർധന രേഖപ്പെടുത്തിയതായും ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ ത്രൈമാസ സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു. പൊതു ഫണ്ടുകളിൽ നിക്ഷേപ താൽപര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണത്തിൽ 51 ശതമാനം വർധനവ് ഉണ്ട്. 5.28 ലക്ഷം പേരുടെ വർധനയോടെ ആകെ നിക്ഷേപകരുടെ എണ്ണം 15.70 ലക്ഷത്തിലെത്തി. മുൻ വർഷമിത് 10.42 ലക്ഷമായിരുന്നു.
ആഭ്യന്തര നിക്ഷേപ ആസ്തികളിലെ വർധനയാണ് ഈ വളർച്ചയ്ക്ക് സഹായകമായത്. ആഭ്യന്തര ആസ്തികൾ 42 ശതമാനം വാർഷിക വർധനയോടെ 13,443.1 കോടി റിയാലിലെത്തി. ആകെ ആസ്തി മൂല്യത്തിന്റെ 84 ശതമാനം വരുമിത്. അതേസമയം വിദേശ നിക്ഷേപ ആസ്തികളിൽ 15.1 ശതമാനം വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. 2565.6 കോടി റിയാൽ വരുമിത്. 27 പൊതു ഫണ്ടുകൾ കൂടി വന്നതോടെ ആകെ ഫണ്ടുകളുടെ എണ്ണം 310 ആയും വർധിച്ചിട്ടുണ്ട്.
പ്രധാനമായും 14 നിക്ഷേപ മേഖലകളിലാണ് പൊതു നിക്ഷേപ ഫണ്ടുകളുടെ ആസ്തികളുള്ളത്. ഇവയിൽ ഏറ്റവും ഉയർന്ന ആസ്തിയുള്ളത് ധന വിപണിയിലാണ്. 4486.8 കോടി വരുമിത്. ഇക്വിറ്റി ഫണ്ടുകളിലാണ് 27 ശതമാനം ആസ്തികളുള്ളത്. 3476.7 കോടിയാണിത്. മൂന്നാം സ്ഥാനത്തുള്ള റിയൽ എസ്റ്റേറ്റ് രംഗത്താണ് 18.3 ശതമാനം ആസ്തികൾ. 2926.3 കോടി റിയാൽ വരുമിത്. 2223.6 കോടി റിയാൽ വരുന്ന 14 ശതമാനം ആസ്തി കടപ്പത്രങ്ങളിലുമാണ്.