റിയാദ്. സൗദി അറേബ്യയുടെ കരുതല്‍ ധനശേഖരം 2.8 ശതമാനം വര്‍ധിച്ചു. നവംബർ വരെയുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 1.69 ലക്ഷം കോടി റിയാലാണ് സൗദി സെൻട്രൽ ബാങ്കിന്റെ കൈവശമുള്ള രാജ്യത്തിന്റെ ഇപ്പോഴത്തെ കരുതല്‍ ധനം. സ്വര്‍ണം, വിദേശ അക്കൗണ്ടുകള്‍, അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) കരുതൽ ശേഖരത്തിലെ വിഹിതം (സ്‌പെഷ്യല്‍ ഡ്രോയിങ് റൈറ്റ്‌സ്) എന്നീ ആസ്തികളിലായാണ് ഈ കരുതല്‍ ധനം.
കറന്‍സി, വിദേശങ്ങളിലെ നിക്ഷേപങ്ങള്‍, വിദേശ ബോണ്ടുകളിലെ നിക്ഷേപങ്ങള്‍ എന്നിവയാണ് വിദേശ അക്കൗണ്ടുകള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുന്നത്. മൊത്തം കരുതല്‍ ശേഖരത്തിന്റെ 94.6 ശതമാനവും ഈ വിഭാഗത്തിലുള്‍പ്പെടും. 1.6 ലക്ഷം കോടി റിയാൽ വരുമിത്. ഇതിൽ 3.12 ശതമാനമാണ് വാർഷിക വർധന. ഐഎംഎഫിലെ സ്‌പെഷ്യല്‍ ഡ്രോയിങ് റൈറ്റ്‌സ് 0.8 ശതമാനം ഇടിഞ്ഞ് 7,750 കോടി റിയാലായി. സൗദിയുടെ മൊത്തം കരുതല്‍ ധനശേഖരത്തിന്റെ 4.6 ശതമാനമാണിത്.
IMF കരുതൽ ശേഖരം ഏകദേശം 1,225 കോടി റിയാലായിരുന്നു. ഈ കാലയളവിൽ 11.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഒരു രാജ്യത്തിന് നിബന്ധനകളില്ലാതെ IMFൽ നിന്ന് പിൻവലിക്കാവുന്ന തുകയാണിത്. സ്വർണ്ണ ശേഖരത്തിന്റെ മൂല്യം 162 കോടി റിയാലിൽ സ്ഥിരമായി തുടരുന്നു. 2008 ഫെബ്രുവരിക്കു ശേഷം ഇതിൽ മാറ്റമുണ്ടായിട്ടില്ല.
നവംബറിൽ അറാംകോ നൽകിയ 3,110 കോടി ഡോളറിന്റെ ലാഭവിഹിതമാണ് രാജ്യത്തിന്റെ കരുതൽ ശേഖരത്തിലെ വർധനയിൽ കാര്യമായ പങ്കുവഹിച്ചത്. അറാംകോയുടെ 81.5 ശതമാനം ഓഹരികളും സൗദി സർക്കാരിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലാണ്. അതിനാൽ ഖജനാവിലേക്ക് ഇതുവഴി ഭീമമായ തുക എത്തുന്നുണ്ട്.