റിയാദ്. സാമ്പത്തിക ഇടപാടുകളിലും ഉൽപ്പന്നങ്ങളിലുമടക്കം കറൻസി മൂല്യം പരാമർശിക്കുന്ന ഇടങ്ങളിലെല്ലാം പുതിയ സൗദി അറേബ്യൻ റിയാൽ ചിഹ്നം ഉപയോഗം വ്യാപകമാക്കണമെന്ന് വാണിജ്യ മന്ത്രാലയം കർശന നിദേശം നൽകി. നിലവിൽ വ്യാപകമായി SAR എന്നാണ് ഉപയോഗിച്ചു വരുന്നത്. റിയാൽ ചിഹ്നം വന്നതോടെ ഇതിനും മാറ്റം വന്നുതുടങ്ങിയിട്ട്. മുഴുവന്‍ പൊതുരേഖകളിലും സാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്‍പന്നങ്ങളുടെയും വില രേഖപ്പെടുത്തുന്നിടത്തുമെല്ലാം സ്വകാര്യ മേഖല കമ്പനികളും സ്ഥാപനങ്ങളും സൗദി റിയാല്‍ ചിഹ്നം ഉപയോഗിക്കണമെന്നാണ് നിർദേശം. സൗദി സെന്‍ട്രല്‍ ബാങ്ക് (സമ) നിഷ്കർഷിച്ചിരിക്കുന്ന മാർഗരേഖ പ്രകാരമാണ് റിയാൽ ചിഹ്നം ഉപയോഗിക്കേണ്ടതെന്നും വാണിജ്യ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി.
ആഗോള തലത്തിൽ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയും മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുമായ സൗദിയുടെ കരുത്തും സ്വത്വവും പ്രതിഫലിപ്പിക്കുന്നതാണ് പുതിയ റിയാൽ ചിഹ്നം. പ്രാദേശികമായും ആഗോള തലത്തിലും സൗദി കറൻസിയുടെ ദൃശ്യപരത ഇത് വർധിപ്പിക്കും.
റിയാല്‍ ചിഹ്നം ഉപയോഗിക്കുന്നതിന് എട്ടു പ്രധാന മാനദണ്ഡങ്ങളാണ് സൗദി സെന്‍ട്രല്‍ ബാങ്ക് നിഷ്കർഷിച്ചിട്ടുള്ളത്. ഏതു ഭാഷകളില്‍ ഉപയോഗിക്കുമ്പോഴും റിയാല്‍ ചിഹ്നം സംഖ്യയുടെ ഇടതുവശത്താണ് ഉപയോഗിക്കേണ്ടത്. സംഖ്യക്കും റിയാല്‍ ചിഹ്നത്തിനും ഇടയില്‍ അകലം കാത്തുസൂക്ഷിക്കണം. റിയാല്‍ ചിഹ്നത്തിന്റെ ആനുപാതികത വലിപ്പവും ജ്യാമിതീയ ഘടനയും നിലനിര്‍ത്തണം. ചിഹ്നത്തിന്റെ ഉയരം ടെക്സ്റ്റ് ഉയരവമായി പൊരുത്തപ്പെടണം. ചിഹ്ന ദിശയും വാചക ദിശയും പൊരുത്തപ്പെടുത്തണമെന്നും വൃത്തത്തിനോ മറ്റു ആകൃതികള്‍ക്കുള്ളിലോ ഉപയോഗിക്കുമ്പോൾ ചിഹ്ന ഉയരത്തിന്റെ മൂന്നിലൊന്ന് ഭാഗത്തിന് തുല്യമായ ഇടം ശൂന്യമായി നിലനിര്‍ത്തണമെന്നും പശ്ചാത്തലങ്ങളുമായി വര്‍ണ വ്യത്യാസം നിലനിര്‍ത്തണമെന്നും സമ നിർദേശിക്കുന്നു.