റിയാദ്. ഈ വര്‍ഷത്തെ സൗദി സമ്മര്‍ (SAUDI SUMMER 2025) ടൂറിസം സീസണിൽ സൗദി അറേബ്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ 18ലേറെ രാജ്യങ്ങളിൽ നിന്ന് 4.1 കോടി ടൂറിസ്റ്റുകളെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിസം മന്ത്രിയും സൗദി ടൂറിസം അതോറിറ്റി ചെയര്‍മാനുമായ അഹ്മദ് അല്‍ഖതീബ് പറഞ്ഞു. സൗദി സമ്മര്‍ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സൗദി സമ്മര്‍ സീസണിൽ രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികൾ രാജ്യത്ത് 7,300 കോടിയിലേറെ റിയാൽ രാജ്യത്ത് ചെലവഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിനോദ സഞ്ചാര രംഗത്ത് അതിവേഗം വളരുന്ന സൗദി സമീപ വർഷങ്ങളിൽ ആഗോള തലത്തിൽ തന്നെ പ്രധാന ടൂറിസം കേന്ദ്രം എന്ന നിലയില്‍ പേരെടുത്തിട്ടുണ്ട്. സെപ്തംബർ വരെ നീളുന്ന സൗദി സമ്മർ ടൂറിസം പരിപാടികൾ സൗദിയിലെ ആറ് പ്രധാന ഡെസ്റ്റിനേഷനുകളെ കേന്ദ്രീകരിച്ചാണ് ഒരുക്കിയിരിക്കുന്നത്. ജിദ്ദയിലെ തീരദേശ വിനോദ സഞ്ചാര കേന്ദ്രങ്ങളും റെഡ് സീ റിസോട്ടുകളും തൊട്ട് തണുപ്പും പ്രകൃതഭംഗിയും ചേർന്ന് മികച്ച ടൂറിസം അനുഭവം നൽകുന്ന തായിഫ്, അല്‍ ബാഹ, അസീര്‍ മലയോര ടൂറിസം കേന്ദ്രങ്ങളും ഇതിലുള്‍പ്പെടും. ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ റിയാദില്‍ നടക്കുന്ന ഇസ്‌പോര്‍ട്‌സ് വേള്‍ഡ് കപ്പ്, ജിദ്ദ സീസണ്‍ (Jeddah Season 2025), അസീര്‍ സീസണ്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികളും സൗദി സമ്മറിന്റെ ഭാഗമാണ്.
ഈ സമ്മര്‍ സീസണ്‍ ടൂറിസം ആഘോഷത്തില്‍ സ്വകാര്യ മേഖലാ പങ്കാളികളുടെ പങ്ക് 30 കോടി റിയാല്‍ കവിയുമെന്ന് പ്രതീക്ഷിക്കുന്നതായും ടൂറിസം മന്ത്രി പറഞ്ഞു. സമ്പന്നമായ സാംസ്‌കാരിക പൈതൃകവും വൈവിധ്യമാര്‍ന്ന ഡെസ്റ്റിനേഷനുകളും ലോകത്തിന്റെ നാനാഭാഗത്തു നിന്നും ടൂറിസ്റ്റുകളെ സൗദിയിലേക്ക് ആകര്‍ഷിക്കുകുയം പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് ആഭ്യന്തര ടൂറിസം മേഖലയിലും വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതായും മന്ത്രി പറഞ്ഞു.
ഈ വര്‍ഷം 120 പങ്കാളികളുമായി ചേര്‍ന്ന് സൗദി സമ്മര്‍ സീസണ്‍ 600 സവിശേഷമായ ടൂറിസം അനുഭവങ്ങളും ഉള്‍പ്പന്നങ്ങളുമാണ് ഒരുക്കിയിരിക്കുന്നതെന്നും 250ലേറെ സ്‌പെഷ്യല്‍ ഓഫറുകളുമുണ്ടെന്നും സൗദി ടൂറിസം അതോറിറ്റി സിഇഒ ഫഹദ് ഹമിദദ്ദീന്‍ പറഞ്ഞു.