റിയാദ്. വിമാന സർവീസുകളിൽ കൃത്യസമയം പാലിക്കുന്നതിൽ (ഓൺ-ടൈം പെർഫോമൻസ്) സൗദി അറേബ്യയുടെ ഔദ്യോഗിക വിമാന കമ്പനിയായ സൗദിയ ആഗോള റാങ്കിങ്ങിൽ ഒന്നാമതെത്തി. സൗദിയയുടെ അനുബന്ധ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈഅദീൽ രണ്ടാം സ്ഥാനവും നേടി. സ്വതന്ത്ര ഏവിയേഷൻ ട്രാക്കിങ് സൈറ്റായ സിറിയത്തിന്റെ 2024 നവംബറിലെ റിപോർട്ട് പ്രകാരം ഒന്നാമെത്തിയ സൗദിയയുടെ ഓൺ ടൈം അറൈവൽ കൃത്യത 89.85 ശതമാനമാണ്. 16,300ലേറെ വിമാന സർവീസുകൾ നടത്തി വരുന്ന സൗദിയ 2024 ജൂൺ, ജൂലൈ മാസങ്ങളിലും അഗോള തലത്തിൽ ഒന്നാമതെത്തിയിരുന്നു.
സൗദിയിലും മിഡിൽ ഈസ്റ്റിലും അതിവേഗം വളരുന്ന ചെലവ് കുറഞ്ഞ ബജറ്റ് വിമാന കമ്പനികളിലൊന്നായ ഫ്ളൈഅദീലിന്റെ ഓൺ ടൈം പെർഫോമൻസ് കൃത്യത 90.48 ശതമാനമാണ്. തുടർച്ചയായ രണ്ടാം മാസമാണ് ഫ്ളൈഅദീൽ ബജറ്റ് വിമാന കമ്പനികളിൽ രണ്ടാം സ്ഥാനത്തെത്തുന്നത്. 2024 സെപ്റ്റംബറിൽ ഒന്നാമതായിരുന്നു.
സൗദിയയെ സമഗ്രമായി പരിഷ്കരിക്കുന്നതിനുള്ള ഷൈൻ പദ്ധതിക്ക് ഈ നേട്ടത്തിൽ നിർണായക പങ്കുണ്ടെന്ന് സൗദിയ ഗ്രൂപ്പ് ഡയറക്ടർ ജനറൽ എഞ്ചിനീയർ ഇബ്രാഹിം അൽ ഉമർ പറഞ്ഞു. പ്രവർത്തന കാര്യക്ഷമതയും യാത്രക്കാരുടെ അനുഭവവും സേവനങ്ങളും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി പുതുതായി 130 വിമാനങ്ങൾ കൂടി വരും വർഷങ്ങളിൽ സൗദിയ വാങ്ങുന്നുണ്ട്. നിലവിലെ സീറ്റിങ് കപ്പാസിറ്റി ഇരട്ടിയാക്കുകയും കൂടുതൽ വിദേശ നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുകയുമാണ് ലക്ഷ്യം. നിലവിൽ 144 വിമാനങ്ങളുമായി 100ലേറെ വിദേശ നഗരങ്ങളിലേക്ക് സൗദിയ സർവീസ് നടത്തുന്നുണ്ട്. ഫ്ളൈഅദീലിന് 36 എയർബസ് എ320 വിമാനങ്ങളാണ് നിലവിലുള്ളത്. റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് സർവീസ്.