റിയാദ്. സൗദി അറേബ്യയിൽ വിദേശികൾക്ക് അനുവദിക്കുന്ന വര്‍ക്ക് പെര്‍മിറ്റ് തൊഴിൽ നൈപുണ്യത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളാക്കി തരംതിരിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി അറിയിച്ചു. ഉയര്‍ന്ന വൈദഗ്ധ്യം, വൈദഗ്ധ്യം, അടിസ്ഥാനം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നത്. മികച്ച നൈപുണ്യമുള്ള വിദേശ പ്രതിഭകളെ എത്തിച്ച് സൗദി തൊഴില്‍ വിപണിയെ കൂടുതൽ ആകർഷകമാക്കുകയാണ് ലക്ഷ്യം. അവരുടെ വൈദഗ്ധ്യവും പരിചയസമ്പത്തും പ്രയോജനപ്പെടുത്താനും പ്രവര്‍ത്തന കാര്യക്ഷമത കൂട്ടാനും പുതിയ നൂതന ബിസിനസുകൾക്ക് അനുകൂലമായ അന്തരീക്ഷം കെട്ടിപ്പടുക്കാനും ഇതു സഹായിക്കും.
സൗദിയിലെ തൊഴിൽ വിപണി ആവശ്യങ്ങൾക്ക് അനുസൃതമായി നൈപുണ്യവും കഴിവുകളും യോഗ്യതകളും വിദേശ തൊഴിലാളികൾക്ക് ഉണ്ടെന്ന് ഉറപ്പുവരുത്താനും, വ്യത്യസ്ത വിഭാഗങ്ങളിലെ വിദേശ തൊഴിലാളികളുടെ അനുപാതം കൃത്യമായി മനസ്സിലാക്കാനും ഈ പുതിയ സംവിധാനം സഹായകമാകും.
തൊഴിൽ പെർമിറ്റ് മൂന്ന് വിഭാഗങ്ങളാക്കി തിരിക്കുന്ന പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. ആദ്യ ഘട്ടം ഇന്ന് (2025 ജൂലൈ 6) നിലവിൽ വന്നു. ഇതു പ്രകാരം നിലവിൽ രാജ്യത്തുള്ള വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ശമ്പളത്തിന്റേയും ജോലിയുടേയും അടിസ്ഥാനത്തിൽ തരംതിരിക്കും. ഓഗസ്റ്റ് 3 മുതലാണ് രണ്ടാം ഘട്ടം നടപ്പിലാക്കുക. ആദ്യമായി രാജ്യത്ത് എത്തുന്നവര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകളാണ് രണ്ടാം ഘട്ടത്തില്‍ തരംതിരിക്കുക.
തൊഴിലിന് അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യത, പ്രായോഗിക പരിചയം, അക്രഡിറ്റേഷനേയും തൊഴിൽ സ്വഭാവത്തേയും അടിസ്ഥാനമാക്കിയുള്ള പ്രൊഫഷനല്‍ കഴിവുകള്‍ എന്നീ മാനദണ്ഡങ്ങൾ പ്രകാരമാണ്, ഉയര്‍ന്ന വൈദഗ്ധ്യം, വൈദഗ്ധ്യം, അടിസ്ഥാനം എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളാക്കി വേർത്തിരിക്കുക. പ്രവര്‍ത്തന മേഖലയെ അടിസ്ഥാനമാക്കി ഓരോ വിഭാഗത്തിനും പ്രത്യേക വേതന പരിധിയും തൊഴിലിന്റെ സ്വഭാവവും ആവശ്യകതകളും അനുസരിച്ച് പ്രായപരിധിയും മന്ത്രാലയം നിര്‍ണയിക്കും. ഇതിനായി പ്രത്യേക മാർഗരേഖ തയാറാക്കിയിട്ടുണ്ട്. ഇതുപ്രകാരമാണ് വർഗീകരണം നടക്കുക. ഓരോ വിഭാഗത്തിനും പ്രത്യേക ആവശ്യകതകള്‍ ഈ മാർഗരേഖ നിര്‍ണയിക്കുന്നു.
ഏകീകൃത സൗദി തൊഴില്‍ വര്‍ഗീകരണം അനുസരിച്ചുള്ള ഒമ്പത് വിഭാഗങ്ങളിൽ ഉൾപ്പെടുന്ന തൊഴിലുകൾക്കുള്ള വർക്ക് പെർമിറ്റ് ആണ് നൈപുണ്യത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാക്കി തരംതിരിച്ചിരിക്കുന്നത്.
സൗദിയില്‍ കൂടുതല്‍ ആകര്‍ഷകവും കാര്യക്ഷമവുമായ തൊഴില്‍ വിപണി സൃഷ്ടിക്കാനും മാനവശേഷി വികസിപ്പിക്കാനും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനുമുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.