റിയാദ്. സൗദി അറേബ്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 2025-27 കാലയളവില്‍ ശരാശരി നാലു ശതമാനം തോതില്‍ മികച്ച വളര്‍ച്ച കൈവരിക്കുമെന്ന് രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ എസ് ആന്റ് പി (S&P) ഗ്ലോബല്‍ റേറ്റിങ്‌സ് പ്രവചനം. 2024ല്‍ ഇത് 0.8 ശതമാനമായിരുന്നു. നിര്‍മാണ മേഖല കൂടുതല്‍ സജീവമായതും, സേവന മേഖലയുടെ വളര്‍ച്ചയും ഉപഭോക്തൃ ഡിമാന്‍ഡിന്റെ വര്‍ധനയും തൊഴിലെടുക്കുന്നവരുടെ വര്‍ധനയും കണക്കിലെടുക്കുമ്പോള്‍ എണ്ണ ഇതര മേഖല ഇടക്കാലത്തേക്ക് മികച്ച വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായി എസ് ആന്റ് പിയുടെ ‘സൗദി അറേബ്യ ബാങ്കിങ് സെക്ടര്‍ ഔട്ട്‌ലുക്ക് 2025‘ റിപോര്‍ട്ട് പറയുന്നു.
2027 വരെ രാജ്യം അറ്റ ആസ്തി നില ജിഡിപിയുടെ 40 ശതമാനത്തിനു മുകളില്‍ നിലനിര്‍ത്തും. ബാങ്കുകളില്‍ മികച്ച കരുതല്‍ ശേഖരമുള്ളതിനാല്‍ വായ്പാ നഷ്ടങ്ങള്‍ അടുത്ത 10 വര്‍ഷത്തേക്ക് 50-60 ബേസിസ് പോയിന്റുകളിലെത്താന്‍ സാധ്യതയുണ്ട്. ബാങ്കിങ് മേഖല ഈ വര്‍ഷവും ലാഭക്ഷമത നിലനിര്‍ത്തും. വായ്പാ വിതരണത്തില്‍ 10 ശതമാനം വര്‍ധനയാണ് പ്രവചിക്കുന്നത്. വിഷന്‍ 2030 പദ്ധതികളുമായി ബന്ധപ്പെട്ട കോര്‍പറേറ്റ് വായ്പകളാണ് ഈ പ്രതീക്ഷയുടെ അടിസ്ഥാനം. പലിശ നിരക്കുകള്‍ കുറഞ്ഞതിനാല്‍ നിഷ്‌ക്രിയ വായ്പകളുടെ വര്‍ധന കുറയും. എങ്കിലും 2025 അവസാനത്തോടെ നിഷ്‌ക്രിയ വായ്പകള്‍ മൊത്തം വായ്പകളുടെ 1.7 ശതമാനമായി ഉയരാനും സാധ്യതയുണ്ട്. 2024 സെപ്തംബറില്‍ ഇത് 1.3 ശതമാനമായിരുന്നു.
വിസ നടപടികള്‍ ലഘൂകരിക്കുന്നതിനാലും കൂടുതല്‍ വിനോദ അവസരങ്ങള്‍ തുറന്നതിനാലും ടൂറിസം മേഖലയും മികച്ച വളര്‍ച്ച നേടുമെന്നും റിപോര്‍ട്ട് പറയുന്നു. വിഷന്‍ 2030 പദ്ധതികളുടെ പുരോഗതിയുടെ പശ്ചാത്തലത്തില്‍ നിര്‍മാണ, സേവന മേഖലകള്‍ക്ക് വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും. ഒരു പറ്റം വന്‍കിട പദ്ധതികളുടെ പിന്‍ബലത്തില്‍ കോര്‍പറേറ്റ് വായ്പകള്‍ വായ്പാ വളര്‍ച്ച മെച്ചപ്പെടുത്തും. കുറഞ്ഞ പലിശ നിരക്ക് റിയല്‍ എസ്റ്റേറ്റ് വായ്പകള്‍ക്ക് പ്രോത്സാഹനവുമാകും.
അനുകൂല സാമ്പത്തിക അന്തരീക്ഷവും കുറഞ്ഞ പലിശ നിരക്കും നഷ്ട ചെലവുകള്‍ സാധാരണ നിലയിലാക്കും. എങ്കിലും സ്വകാര്യ മേഖലയോട് ഉയര്‍ന്ന തോതിലുള്ള കടപ്പാട് ദീര്‍ഘകാലത്തേക്ക് ആസ്തി ഗുണമേന്മയ്ക്ക് പ്രതികൂലമായേക്കാമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.