റിയാദ്. സൗദി അറേബ്യയില്‍ വ്യവസായ മേഖലയിലെ നിക്ഷേപവും വളർച്ചയും ത്വരിതപ്പെടുത്താൻ സ്റ്റാൻഡേർഡ് ഇൻസെന്റീവ്സ് പ്രോഗ്രാം (Standard Incentives Program) എന്ന പുതിയ ഉത്തേജന പാക്കേജ് വ്യവസായ, ധാതുവിഭവ മന്ത്രാലയവും നിക്ഷേപ മന്ത്രാലയവും ചേർന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം മന്ത്രിസഭ അനുമതി നൽകിയതു പ്രകാരം 1000 കോടി റിയാലാണ് ഈ പദ്ധതിക്കു വേണ്ടി നീക്കിവച്ചിരിക്കുന്നത്. വ്യാവസായിക നിക്ഷേപങ്ങളേയും അവയുടെ വളർച്ചയേയും പ്രോത്സാഹിപ്പിക്കുകയും അതുവഴി സുസ്ഥിര വ്യാവസായിക വികസനം കൈവരിക്കുന്നതോടൊപ്പം ആഗോള തലത്തിൽ സൗദി വ്യവസായ മേഖലയുടെ മത്സരക്ഷമത വർധിപ്പിക്കുകയുമാണ് സ്റ്റാൻഡേർഡ് ഇൻസെന്റീവ്സ് പ്രോഗ്രാം എന്ന ഈ ഉത്തേജന പാക്കേജിന്റെ ലക്ഷ്യം.
ഈ പദ്ധതിയുടെ ഭാഗമായി യോഗ്യതയുള്ള വ്യവസായ സംരംഭങ്ങൾക്ക് അവരുടെ പ്രാരംഭ നിക്ഷേപത്തിന്റെ 35 ശതമാനം (പരമാവധി അഞ്ച് കോടി റിയാൽ) വരെ സാമ്പത്തിക സഹായം ലഭിക്കും. സംരംഭങ്ങളുടെ നിർമാണഘട്ടത്തിൽ 50 ശതമാനവും പണിപൂർത്തിയാക്കി ഉൽപ്പാന ഘട്ടത്തിലെത്തുമ്പോൾ 50 ശതമാനവുമായാണ് ഈ ധനസഹായം ലഭ്യമാക്കുക.
പുതിയ ഈ ഉത്തേജന പാക്കേജ് ഈ വർഷം വിവിധ ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നത്. തുടക്കത്തിൽ കെമിക്കൽ വ്യവസായങ്ങൾ, വാഹന നിർമാണം, പാർട്സ്, യന്ത്രോപകരണങ്ങൾ എന്നിവയുടെ ഉൽപ്പാദനം എന്നീ മേഖലകളിലെ പുതിയ വ്യവസായ സംരംഭങ്ങൾക്കാണ് ഈ പദ്ധതി പ്രകാരം സഹായം ലഭിക്കുക. അടുത്ത ഘട്ടങ്ങളിൽ ഏതൊക്കെ വ്യവസായങ്ങൾക്ക് ഇത് ലഭിക്കുമെന്ന് പിന്നീട് പ്രഖ്യാപിക്കും.
മിഡിൽ ഈസ്റ്റ് മേഖലയിൽ ഇത്തരമൊരു വ്യവസായ ഉത്തേജന പദ്ധതി ആദ്യത്തേതാണെന്ന് വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു. സൗദിയിൽ നിലവിൽ ഉൽപ്പാദനമില്ലാത്ത ഉൽപ്പന്നങ്ങളുടെ നിർമാണം സാധ്യമാക്കുകയും നിക്ഷേപങ്ങൾക്ക് ആക്കം കൂട്ടുകയും ദീർഘകാലാടിസ്ഥാനത്തിൽ ഇവയുടെ സുസ്ഥിരത ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിശാസ്ത്രപരമായി മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന സൗദിയുടെ തന്ത്രപ്രധാന സ്ഥാനം, തുറന്ന വിപണി, കുറഞ്ഞ കസ്റ്റംസ് തീരുവ തുടങ്ങി ഒട്ടേറെ സവിശേഷതകളും ആനുകൂല്യങ്ങളും സൗദിക്കുണ്ട്. ഇത് പ്രയോജനപ്പെടുത്താൻ സൗദിയിയേലും വിദേശത്തേയും നിക്ഷേപകരെ പ്രാപ്തരാക്കുന്നതിനാണ് സ്റ്റാൻഡേർഡ് ഇൻസെന്റീവ്സ് പ്രോഗ്രാം.
സൗദി നടപ്പാക്കി വരുന്ന വിവിധ വ്യവസായ പ്രോത്സാഹന പദ്ധതികളുടെ ഭാഗമായി 571 ബഹുരാഷ്ട്ര കമ്പനികള്‍ ഇതിനകം തങ്ങളുടെ മേഖലാ ആസ്ഥാനങ്ങള്‍ സൗദിയിലേക്ക് മാറ്റിയിട്ടുണ്ട്. ഈ കമ്പനികളില്‍ ഭൂരിഭാഗവും വ്യാവസായിക മേഖലയിലുള്ളവയാണ്. സൗദിയിലെ വിദേശ നിക്ഷേപങ്ങളില്‍ 30 ശതമാനവും വ്യാവസായിക മേഖലയിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ മൂന്ന് പാദങ്ങളിലായി (ഒമ്പതു മാസം) വ്യവസായ മേഖലയിലേക്ക് 14200 കോടി റിയാലിന്റെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞതായും നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു.