റിയാദ്. സൗദിയില്‍ ഡിജിറ്റല്‍ പരിവര്‍ത്തനങ്ങള്‍ക്ക് അരങ്ങൊരുക്കുന്ന എസ്ടിസി (STC) ഗ്രൂപ്പ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും കരുത്തുറ്റ ബ്രാന്‍ഡ്. ബ്രാന്‍ഡ് ഫിനാന്‍സ് 2024 റിപ്പോര്‍ട്ടില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് എസ്ടിസി മേഖലയില്‍ ഒന്നാമതെത്തുന്നത്. ആഗോള തലത്തില്‍ ഏറ്റവും മൂല്യമേറിയ ടെലികോം കമ്പനികളുടെ പട്ടികയില്‍ ആദ്യ പത്തിലും എസ്ടിസി ഇടം നേടി. ആഗോള തലത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ള ബ്രാന്‍ഡുകളുടെ മൂല്യം കണക്കാക്കി റാങ്ക് നല്‍കുന്ന മുന്‍നിര കണ്‍സല്‍ട്ടന്‍സിയാണ് ബ്രാന്‍ഡ് ഫിനാന്‍സ്. ഓരോ ബ്രാന്‍ഡുകളുടേയും പ്രകടനം, സാമ്പത്തിക ശേഷി, വിപണി സ്വാധീനം എന്നിവ സമഗ്രമായി വിശകലനം ചെയ്താണ് ഈ റിപോര്‍ട്ട് തയാറാക്കുന്നത്.
പുതിയ റിപ്പോര്‍ട്ട് പ്രകാരം എസ്ടിസി ഗ്രൂപ്പിന്റെ ബ്രാന്‍ഡ് മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം 16 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്. മികച്ച ബിസിനസ് പ്രകടനത്തിലൂടെ 160 കോടി ഡോളറിലെത്തിയിരിക്കുന്നു. ബ്രാന്‍ഡ് കരുത്ത് സൂചികയില്‍ 100ല്‍ 88.7 പോയിന്റുകള്‍ നേടിയാണ് മിഡില്‍ ഈസ്റ്റില്‍ എസ്ടിസി ഏറ്റവും കരുത്തുറ്റ ബ്രാന്‍ഡായത്. ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡുകളുടെ പട്ടികയില്‍ മിഡില്‍ ഈസ്റ്റില്‍ എസ്ടിസി മൂന്നാമതാണ്. സൗദി അറേബ്യയില്‍ അറാംകോയ്ക്കു പിന്നില്‍ രണ്ടാമതും.
സൗദിയിലെ ഡിജിറ്റല്‍ പശ്ചാത്തലസൗകര്യ വികസന രംഗത്ത് നേതൃപരമായ പങ്കുവഹിക്കുന്ന എസ്ടിസി ഗ്രൂപ്പ് ഡിജിറ്റല്‍, ടെലികോം സേവനങ്ങളാണ് നല്‍കി വരുന്നത്. ക്ലൗഡ് കംപ്യൂട്ടിങ്, സൈബര്‍ സെക്യൂരിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി), ഡിജിറ്റല്‍ പേമെന്റ്, ഡിജിറ്റല്‍ മീഡിയ, എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങി സമഗ്രമായ സേവനങ്ങളാണ് എസ്ടിസിക്കുള്ളത്. സൗദി അറേബ്യയ്ക്കു പുറമെ, മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക മേഖലയിലും യുറോപ്പിലുമായി 13 ഉപകമ്പനികളും ഗ്രൂപ്പിനു കീഴിലുണ്ട്.