ജിദ്ദ. സൗദി അറേബ്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകൾ രാജ്യത്ത് ചെലവഴിക്കുന്ന പണത്തിൽ വൻ വർധന. ഈ വര്‍ഷം മൂന്നാം പാദത്തില്‍ (ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ) സൗദിയിലെത്തിയ വിനോദസഞ്ചാരികൾ ചെലവിട്ട തുക 2,505 കോടി റിയാലായി (700 കോടിയോളം ഡോളര്‍) ഉയര്‍ന്നതായി സൗദി സെന്‍ട്രല്‍ ബാങ്ക് പ്രസിദ്ധീകരിച്ച പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. മുൻ വർഷം മൂന്നാം പാദത്തെ അപേക്ഷിച്ച് 27.3 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിത്. ഒരു പാദവര്‍ഷത്തില്‍ ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വളര്‍ച്ചയാണിത്.
ഇക്കാലയളവിൽ വിദേശരാജ്യങ്ങളിലേക്ക് വിനോദസഞ്ചാര ആവശ്യാര്‍ഥം പോയ സൗദികൾ ആ രാജ്യങ്ങളിൽ 2,630 കോടി റിയാലും ചെലവഴിച്ചു. 21.79 ശതമാനമാണ് വർധന. മൂന്നാം പാദത്തില്‍ ടൂറിസം മേഖലാ ധനവിനിയോഗത്തില്‍ സൗദി അറേബ്യക്ക് 1.3 കോടി റിയാലിന്റെ കമ്മി നേരിട്ടു. ഈ വര്‍ഷം മൂന്ന് പാദങ്ങളിലായി (ജനുവരി-സെപ്റ്റംബർ) വിദേശ ടൂറിസ്റ്റുകള്‍ സൗദിയില്‍ ആകെ ചെലവഴിച്ചത് 11,760 കോടി റിയാലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മുൻ വർഷത്തെ ആദ്യ മൂന്ന് പാദങ്ങളെ അപേക്ഷിച്ച് 12 ശതമാനമാണ് വർധന.
സൗദിയുടെ ജിഡിപിയിൽ ട്രാവല്‍, ടൂറിസം മേഖലയുടെ ഈ വര്‍ഷത്തെ സംഭാവന 498 ബില്യൻ റിയാലായി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ 1.58 ലക്ഷത്തിലേറെ പേരുടെ വര്‍ധനയും പ്രതീക്ഷിക്കുന്നു. 2024ൽ അവസാനത്തോടെ സൗദിയില്‍ ട്രാവല്‍, ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 27 ലക്ഷമായി ഉയരുമെന്നാണ് വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സില്‍ റിപ്പോര്‍ട്ട് പ്രവചിക്കുന്നത്.