വാഷിങ്ടൻ. സൗദി അറേബ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് അമേരിക്കയില്‍ ഇനി മുതല്‍ 10 ശതമാനം ‘പകരച്ചുങ്കം’ (Reciprocal Tariff) ചുമത്തും. പ്രസിഡന്റ് ഡൊനൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്ക് ചുമത്തുന്ന പകരച്ചുങ്ക പട്ടിക പ്രഖ്യാപിച്ചു. ഇതോടെ പുതിയൊരു വ്യാപാര യുദ്ധത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് പല രാജ്യങ്ങളും ചുമത്തുന്ന ഇറക്കുമതി ചുങ്കത്തിന് പകരമായാണ് പുതിയ തീരുവ യുഎസ് നടപ്പിലാക്കുന്നത്. പ്രധാനമായും യുഎസിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ചൈന, ജപ്പാന്‍, യൂറോപ്യന്‍ യൂനിയൻ രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ് പകരച്ചുങ്കം. ഇന്ത്യയ്ക്ക് 26 ശതമാനമാണ് തീരുവ ഏർപ്പെടുത്തുന്നത്. ചൈനയ്ക്ക് 34 ശതമാനവും ജപ്പാന് 24 ശതമാനവുമാണ് പകരച്ചുങ്കമായി നിശ്ചയിച്ചിട്ടുള്ളത്.
അറബ് രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന തീരുവ സിറിയക്കും (41 ശതമാനം) ഇറാഖിനുമാണ് (39 ശതമാനം). സൗദി അറേബ്യയ്ക്ക് പുറമെ ഈജിപ്ത്, യുഎഇ, ഖത്തര്‍, കുവൈത്ത്, മൊറോക്കോ തുടങ്ങി മറ്റ് അറബ് രാജ്യങ്ങള്‍ക്കും 10 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപിന്റെ താരിഫ് പട്ടികയിലെ ഏറ്റവും കുറഞ്ഞ ഇറക്കുമതിച്ചുങ്കമാണിത്.
സൗദി അറേബ്യയുടെ ഏറ്റവും വലിയ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. സൗദി അറേബ്യ പ്രതിവര്‍ഷം 1,600 കോടി ഡോളറിന്റെ ഉല്‍പന്നങ്ങള്‍ അമേരിക്കയിലേക്ക് കയറ്റി അയക്കുന്നതായി സൗദി-യു.എസ് ബിസിനസ് കൗണ്‍സില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യുഎസിന്റെ മൊത്തം ഇറക്കുമതിയുടെ ഒരു ശതമാനത്തിലും താഴെയാണിത്. പ്രധാനമായും അസംസ്‌കൃത എണ്ണ, വളങ്ങള്‍, രാസവസ്തുക്കള്‍, ജൈവവസ്തുക്കള്‍ എന്നിവയാണ് സൗദി കയറ്റുമതി ചെയ്യുന്നത്.
അമേരിക്കന്‍ വിപണിയിലേക്കുള്ള സൗദി കയറ്റുമതിയില്‍ ഏറ്റവും മുന്നില്‍ അസംസ്‌കൃത എണ്ണയാണ്. പ്രതിവര്‍ഷം 1,370 കോടി ഡോളറിന്റെ ക്രൂഡ് ഓയില്‍ സൗദി അറേബ്യ അമേരിക്കയിലേക്ക് കയറ്റി അയക്കുന്നു. ഏകദേശം 203 കോടി ഡോളറിന്റെ എണ്ണയിതര ഉല്‍പന്നങ്ങളും കയറ്റി അയക്കുന്നു. എണ്ണയിതര ഉല്‍പന്നങ്ങളില്‍ രാസവളങ്ങളാണ് മുന്നില്‍. 79 കോടി ഡോളര്‍ മൂല്യമുള്ള രാസവളങ്ങളും, 70 കോടി ഡോളര്‍ മൂല്യമുള്ള ജൈവ രാസവസ്തുക്കളും കയറ്റുമതി ചെയ്യുന്നു. പകരച്ചുങ്കം ഏർപ്പെടുത്തുന്നതോടെ ഈ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയിൽ ആനുപാതികമായി വില ഉയരാൻ സാധ്യതയേറി.