റിയാദ്. എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറച്ച് സാമ്പദ് വ്യവസ്ഥയുടെ വൈവിധ്യവല്‍ക്കരണവും സമൂല പരിഷ്‌കരണവും ലക്ഷ്യമിട്ട് സൗദി അറേബ്യ നടപ്പിലാക്കി വരുന്ന VISON 2030 ബൃഹത്പദ്ധതിയുടെ 85 ശതമാനവും പൂർത്തീകരിക്കുകയോ ശരിയായ പുരോഗതിയുടെ പാതയിലോ ആണെന്ന് സ്ഥിതിവിവര കണക്കുകൾ. 674 പദ്ധതികൾ പൂർത്തീകരിച്ചു. 596 പദ്ധതികൾ വിവിധ വികസന ഘട്ടങ്ങളിലാണ്. ആകെ 1,502 പദ്ധതികളാണ് സജീവമായുള്ളത്.
എണ്ണ ഇരത സാമ്പത്തിക വളർച്ചാ നിരക്ക് 3.9 ശതമാനമെന്ന തോതിൽ 2024ൽ രാജ്യം മികച്ച വളർച്ചയാണ് കൈവരിച്ചത്. എണ്ണ ഇതര മേഖലയുടെ 4.3 ശമതാനം വളർച്ചയാണ് ഈ നേട്ടത്തിനു ബലമായത്. എണ്ണ ഇതര സ്വകാര്യ മേഖലാ പർചേസിങ് മാനേജേഴ്സ് ഇൻഡെക്സും (പിഎംഐ) 58.1 ശതമാനമെന്ന മികച്ച പ്രകടനം കാഴ്ചവച്ചു.
വിഷൻ 2030 രണ്ടാം ഘട്ടം (2021-2025) പൂർത്തിയാകാൻ ലക്ഷ്യമിട്ടതിലും അപ്പുറം നേട്ടങ്ങള്‍ കൈവരിച്ചതായി സ്ഥിതിവിവര കണക്കുകൾ. പദ്ധതിയുടെ പ്രകടനം വിലയിരുത്തുന്ന റിപോർട്ട് പ്രകാരം വിവിധ വളർച്ചാ സൂചികകളുടെ 93 ശതമാനവും പൂർത്തീകരിക്കുകയോ പുരോഗതി കൈവരിക്കുകയോ ചെയ്തിട്ടുണ്ട്. ആകെ 299 സൂചികകളാണ് ലക്ഷ്യം പൂർത്തീകരിച്ചത്. കരുത്തുറ്റ വളർച്ചയോടൊപ്പം വിവിധ മേഖലകളിലായി വികസന അവസരങ്ങൾ തുറന്നിടുകയും ചെയ്ത വിഷൻ 2030 പദ്ധതിയുടെ രണ്ടാം ഘട്ടം (2021-2025) അവസാനത്തോട് അടുക്കുകയാണ്. തുടക്കത്തിൽ ലക്ഷ്യമിട്ടതിലുമേറെ ഇതിനകം തന്നെ മുന്നേറി.
പ്രതിവര്‍ഷം രാജ്യത്തെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം പത്തു കോടിയായി ഉയര്‍ത്താന്‍ വിഷന്‍ 2030 ലക്ഷ്യമിട്ടിരുന്നു. ഈ ലക്ഷ്യം മറികടക്കാന്‍ കഴിഞ്ഞ വര്‍ഷം സാധിച്ചു. 2030 ഓടെ പത്തു ലക്ഷം വളണ്ടിയര്‍മാരെ സംഘടിപ്പിക്കാനും ലക്ഷ്യമിട്ടിരുന്നു. കഴിഞ്ഞ വര്‍ഷാവസാനത്തോടെ ഈ ലക്ഷ്യം മറികടന്ന് വളണ്ടിയർ രജിസ്ട്രേഷൻ 12 ലക്ഷം കവിഞ്ഞു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംനേടിയ സൗദി പൈതൃക കേന്ദ്രങ്ങളുടെ എണ്ണം എട്ടായി ഉയര്‍ന്നു. രാജ്യത്ത് ജനവാസമുള്ള 96.4 ശതമാനം പ്രദേശങ്ങളിലും ഇപ്പോള്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണം 1.69 കോടിയായി ഉയര്‍ന്നു. ഇത് സര്‍വകാല റെക്കോര്‍ഡ് ആണ്. ഉംറ തീര്‍ഥാടകരുടെ എണ്ണത്തിലും ലക്ഷ്യം മറികടക്കാന്‍ സാധിച്ചു.
തൊഴില്‍ വിപണിയിലെ വനിതാ പങ്കാളിത്ത നിരക്ക് 30 ശതമാനമായി ഉയര്‍ത്തുക എന്ന ലക്ഷ്യവും കഴിഞ്ഞ വര്‍ഷത്തോടെ മറികടന്ന് സ്ത്രീ പങ്കാളിത്ത നിരക്ക് 33.5 ശതമാനത്തില്‍ എത്തി. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനത്തിലെത്തിക്കുക എന്ന ലക്ഷ്യവും നിശ്ചയിച്ചതിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നേടി. സൗദി കുടുംബങ്ങളിൽ വീട് സ്വന്തമായുള്ളവരെ എണ്ണം 65.4 ശതമാനമായും ഉയർന്നു. 2024ൽ ലക്ഷ്യമിട്ടിരുന്നത് 64 ശതമാനത്തിലെത്തിക്കുക എന്നായിരുന്നു.
2024ലെ ഐഎംഡി വേൾഡ് കോംപിറ്റിറ്റീവ്നെസ് റാങ്കിങിൽ 16ാം സ്ഥാനത്തേക്ക് സൗദി കുതിച്ചുയർന്നു. 2017ൽ 36 ആയിരുന്നു സ്ഥാനം. രാജ്യത്തെ ബിസിനസ് അന്തരീക്ഷത്തിലുണ്ടായ പരിഷ്കാരങ്ങളും പുരോഗതിയുമാണ് ഈ നേട്ടത്തിന് കാരണമായത്. രാജ്യത്തിന്റെ സാമ്പത്തിക ഭാവിയിൽ നല്ല പ്രതീക്ഷയാണ് ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ നൽകുന്നത്. മൂഡീസ് സ്ഥിരതയുള്ള A1 റേറ്റും, ഫിച്ച് റേറ്റിങ്സ് A+ ഉം, എസ്ആന്റ്പി ഗ്ലോബൽ A/A-1 റേറ്റുമാണ് സൗദിക്ക് നൽകിയിരിക്കുന്നത്.
അന്താരാഷ്ട്ര ഏജൻസികൾ മികച്ച വളർച്ചാ നിരക്കാണ് സൗദി അറേബ്യയ്ക്ക് പ്രവചിക്കുന്നത്. ഓർഗനൈസേഷൻ ഫോർ ഇക്കണൊമിക് കോഓപറേഷൻ ആന്റ് ഡെവലപ്മെന്റ് (OECD) 3.8 ശതമാനവും ഇന്റർനാഷനൽ മൊണിറ്ററി ഫണ്ട് (IMF) 3 ശതമാനവും വേൾഡ് ബാങ്ക് 3.4 ശതമാനവും സൗദി ധനകാര്യ മന്ത്രാലയം 4.6 ശതമാനവുമാണ് പ്രവചിച്ചിരിക്കുന്ന വളർച്ചാ നിരക്ക്. യുഎൻ ഇ-ഗവൺമെന്റ് വികസന സൂചികയിൽ സൗദി അറേബ്യ ആറാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു. 25 സ്ഥാനങ്ങൾ മറികടന്നാണ് ഈ നേട്ടം. അഞ്ചാം സ്ഥാനത്തെത്തുക എന്നതാണ് വിഷൻ 2030 പദ്ധതിയുടെ ലക്ഷ്യം. നിക്ഷേപ രംഗത്തെ പരിഷ്കാരങ്ങളുടെ ഫലമായും സൗദിയില്‍ ആസ്ഥാനങ്ങള്‍ തുറന്ന ബഹുരാഷ്ട്ര കമ്പനികളുടെ എണ്ണം 571 ആയി ഉയര്‍ന്നു. ഈ മേഖലയിലും 2030ലെ ലക്ഷ്യം ഇതിനകം മറികടന്നു.