svg

6 അറബ് കോടീശ്വരൻമാരുടെ സമ്പത്തിൽ 436 കോടി ഡോളറിന്റെ വർധന

SBT DeskNEWSGCC8 months ago126 Views

റിയാദ്. ആറ് അറബ് ശതകോടീശ്വരൻമാരുടെ സമ്പത്തിൽ 2024ൽ 436 കോടി ഡോളറിന്റെ വർധന. ഇവരുടെ ആകെ ആസ്തി മൂല്യം എട്ടു ശതമാനം വർധിച്ച് 6100 കോടി ഡോളറായി ഉയർന്നു. ഓഹരി വിപണികളിൽ നിന്നുള്ള നേട്ടങ്ങളും പലിശ നിരക്ക് കുറഞ്ഞതുമാണ് ഈ വർധനയ്ക്ക് പ്രധാന കാരണം. ഇതിൽ 3623 കോടി ഡോളറിന്റെ സമ്പത്ത്, അതായത് 59 ശതമാനവും മൂന്ന് സൗദി അറേബ്യൻ  വ്യവസായികളുടേത് മാത്രമാണ്. രണ്ട് ഈജിപ്ഷ്യൻ വ്യവസായികളുടെ പങ്ക് 26 ശതമാനവും ഒരു യുഎഇ വ്യവസായിയുടെ പങ്ക് 15 ശതമാനവുമാണ്. അറബ് ലോകത്തെ ഏറ്റവും വലിയ ആറ് സമ്പന്നരെ കുറിച്ച് വിശദമായി അറിയാം.

അബ്ദുല്ല അൽ ഗുറൈർ, യുഎഇ

ഈ ആറു പേരിൽ ഏറ്റവും ഉയർന്ന വരുമാന വളർച്ച നേടിയ അറബ് ശതകോടീശ്വരൻ യുഎഇയിലെ അൽ ഗുറൈർ ഗ്രൂപ്പ് സ്ഥാപകൻ അബ്ദുല്ല അൽ ഗുറൈർ ആണ്. ഒരു വർഷത്തിനിടെ 240 കോടി ഡോളർ വർധിച്ച് അൽ ഗുറൈറിന്റെ സമ്പത്തിന്റെ മൂല്യം 906 കോടി ഡോളറിനു മുകളിലെത്തി. 36 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയത്. യുഎഇയിലെ ഏറ്റവും വലിയ ധാന്യ മിൽ, ചരക്കു വ്യാപാര കമ്പനി, വെള്ള കമ്പനി, കാലിത്തീറ്റ ഉൽപ്പാദന കമ്പനി, ഹോട്ടലുകൾ, ദുബായിൽ ഒരു ഷോപ്പിങ് മാൾ, അപ്പാർട്മെന്റുകൾ തുടങ്ങി വിവിധ മേഖലകളിൽ അൽ ഗുറൈർ മുൻനിര കമ്പനിയാണ്. കൂടാതെ മശ്രിഖ് ബാങ്കിലും നാഷനൽ സിമന്റ് കമ്പനിയിലും ഓഹരി പങ്കാളിത്തവുമുണ്ട്.

അൽവലീദ് ബിൻ തലാൽ, സൗദി അറേബ്യ

സൗദി ആസ്ഥാനമായ കിങ്ഡം ഹോൾഡിങ്സിന്റെ 78 ശതമാനം ഓഹരികളും കൈവശമുള്ള അൽവലീദ് ബിൻ തലാലിന്റെ സമ്പത്തിൽ 100 കോടി ഡോളറിന്റെ വാർഷിക വർധന രേഖപ്പെടുത്തി. 1580 കോടി ഡോളറാണ് തലാലിന്റെ ആസ്തി.

നജിബ് സവിരിസ്, ഈജിപ്ത്

സ്വർണ ഖനന വ്യവസായ രംഗത്തെ പ്രമുഖനായ ഈജിപ്ഷ്യൻ വ്യവസായി നജിബ് സാവിരിസ് വരുമാന നേട്ടം കൊയ്ത് മൂന്നാമൻ. സാവിരിസിന്റെ സമ്പത്ത് 2024ൽ 60.5 കോടി ഡോളർ വർധിച്ച് 698 കോടി ഡോളറിലെത്തി. ലക്സംബർഗ് ആസ്ഥാനമായ ലാ മൻച റിസോഴ്സസ് കമ്പനിയുടെ ഉടമയാണ്.  

സുലൈമാന്‍ അല്‍ഹബീബ്, സൗദി അറേബ്യ

സൗദി ഡോക്ടര്‍ സുലൈമാന്‍ അല്‍ഹബീബിന്റെ സമ്പത്തിൽ 2024ൽ 30 കോടി ഡോളറിന്റ വർധനയാണ് രേഖപ്പെടുത്തിയത്. ആകെ ആസ്തി 1,170 കോടി ഡോളറായി ഉയര്‍ന്നു. റിയാദ് ആസ്ഥാനമായ ഡോ. സുലൈമാന്‍ അല്‍ഹബീബ് മെഡിക്കല്‍ സര്‍വീസസ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. സുലൈമാന്‍ അല്‍ഹബീബ്. സൗദിയിലും ദുബായിലും ബഹ്‌റൈനിലും ആശുപത്രികളും ക്ലിനിക്കുകളും ലബോറട്ടറികളും ഫാര്‍മസികളുമുണ്ട് ഈ കമ്പനിക്ക്.

നാസിഫ് സാവിരിസ്, ഈജിപ്ത്

ഈജിപ്തിലെ ഏറ്റവും വലിയ സമ്പന്നനായ നാസിഫ് സാവിരിസിന്റെ സമ്പത്ത് പോയ വർഷം 30 കോടി ഡോളർ വർധിച്ച് 872 കോടി ഡോളറിലെത്തി. നെതർലാൻഡ്സ് ആസ്ഥാനമായ രാസവള നിർമാണ കമ്പനിയായ ഒസിഐയുടെ 39 ശതമാനം നാസിഫിന്റേതാണ്. ആഡിഡാസിൽ ഏഴു ശതമാനവും ഫ്രഞ്ച് കമ്പനിയായ അർകെമ എസ്എയിലും ഓഹരി പങ്കാളിത്തമുണ്ട്.

2024ൽ ആസ്തി നഷ്ടം നേരിട്ട ഏക അറബ് ശതകോടീശ്വരൻ സൗദി വ്യവസായി മുഹമ്മദ് അല്‍അമൂദിയാണ്. 32.5 കോടി ഡോളറിന്റെ നഷ്ടമാണുണ്ടായത്. ആകെ ആസ്തി 873 കോടി ഡോളറായി ഇടിഞ്ഞു. ഊർജ രംഗത്ത് വ്യവസായ സംരംഭങ്ങളുള്ള അമൂദിയുടെ നഷ്ടത്തിന് പ്രധാന കാരണം എണ്ണ വിലയിടിവാണ്. സൗദിക്കു പുറമെ സ്വീഡനിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയായ പ്രെം, സ്വെൻസ്ക ഓയിൽ എക്സ്പ്ലോറേഷൻ എന്നിവയും, എതിയോപ്പിയയിലെ ഏറ്റവും വലിയ ഖനന കമ്പനിയായ മിദ്റോക് ഗോൾഡും അമൂദിയുടെ നിയന്ത്രണത്തിലാണ്.

Join Us
  • Facebook38.5K
  • X Network32.1K
  • Behance56.2K
  • Instagram18.9K

Stay Informed With the Latest & Most Important News

[mc4wp_form id=314]
svg
Loading Next Post...
svg Sign In/Sign Up svgSearch
Scroll to Top
Loading

Signing-in 3 seconds...

Signing-up 3 seconds...