റിയാദ്. ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദി അറേബ്യയില്‍ വിദേശ ടൂറിസ്റ്റുകള്‍ ചെലവിട്ട തുകയിൽ 9.7 ശതമാനം വർധന. ജനുവരി-മാർച്ച് പാദത്തിൽ 4937 കോടി റിയാലാണ് വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾ രാജ്യത്ത് വിനിയോഗിച്ചതെന്ന് സൗദി സെൻട്രൽ ബാങ്ക് (SAMA) പ്രസിദ്ധീകരിച്ച പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർധന ട്രാവൽ രംഗത്ത് സൗദിയുടെ മിച്ചം 2678 കോടി റിയാലായി ഉയരാനും സഹായിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ ടൂറിസം മേഖലാ ധനവിനിയോഗ മിച്ചത്തില്‍ 11.7 ശതമാനമാണ് വളര്‍ച്ച.
എണ്ണയിതര സാമ്പത്തിക രംഗത്ത് ടൂറിസം മേഖലയുടെ സംഭാവന വർധിച്ചുവരികയാണ്. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി 2030നകം വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം 10 കോടിയിലെത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 2024ൽ തന്നെ ഈ ലക്ഷ്യം കൈവരിച്ചതിനാൽ ഇപ്പോൾ ഇത് 15 കോടി ആക്കി ഉയർത്തിയിരിക്കുകയാണ്. ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനത്തിൽ കഴിഞ്ഞ വർഷം 148 ശതമാനം വളർച്ചയും കൈവരിച്ചിരുന്നു. ജി20 രാജ്യങ്ങളിൽ ടൂറിസം രംഗത്ത് ഏറ്റവും വലിയ വളർച്ചയുള്ള രാജ്യമായി യുഎൻ ടൂറിസം റിപോർട്ട് സൗദിക്ക് ആദ്യ റാങ്ക് നൽകിയിരുന്നു.
സൗദിയിലെത്തുന്ന സഞ്ചാരികളുടെ ടൂറിസം തിരഞ്ഞെടുപ്പുകളിലും സമീപ വർഷങ്ങളിൽ പ്രകടമായ മാറ്റം വന്നിട്ടുണ്ട്. കൂടുതൽ പേരും ഇപ്പോൾ വിനോദ യാത്രകൾക്കായാണ് എത്തുന്നത്. 2024ലെ കണക്കുകൾ പ്രകാരം മതപരമല്ലാത്ത ആവശ്യങ്ങൾക്കെത്തിയവരാണ് 59 ശതമാനം വിദേശ സഞ്ചാരികളും. 2019നെ അപേക്ഷിച്ച് 44 ശതമാനമാണ് വർധനയുണ്ടായത്. ഇ-വിസ നടപടികൾ ലഘൂകരിച്ചതും എന്റർടൈൻമെന്റ് സീസണുകളും വൻകിട കായിക പരിപാടികളുമെല്ലാം സൗദിയുടെ ടൂറിസം ആകർഷണീയത വർധിപ്പിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികളെത്തുന്നത് ഈജിപ്തിൽ നിന്നാണ്. 32 ലക്ഷം പേരാണ് ഇവിടെ നിന്നെത്തിയത്. രണ്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാനിൽ നിന്ന് 28 ലക്ഷം പേരും ബഹ്റൈനിൽ നിന്ന് 26 ലക്ഷം പേരുമെത്തി. മക്കയിലാണ് ഏറ്റവും കൂടുതൽ പേരെത്തിയത്. 1.74 കോടി സഞ്ചാരികൾ. റിയാദും ജിദ്ദയുമാണ് സന്ദർശകരെ ആകർഷിച്ച മറ്റു പ്രധാന നഗരങ്ങൾ.
സമാന്തരമായി ആഭ്യന്തര ടൂറിസം രംഗത്തും മികച്ച വളർച്ചയുണ്ട്. ആഭ്യന്തര ട്രിപ്പുകൾ അഞ്ച് ശതമാനം വർധിച്ച് 2024ൽ 8.62 കോടിയിലെത്തി. 1,153 കോടി റിയാലാണ് ആഭ്യന്തര ടൂറിസ്റ്റുകളുടെ ധനവിനിയോഗം. ഏറിയ പങ്കും വിനോദയാത്രകളാണ്.