റിയാദ്. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (മിന) മേഖലയില്‍ ഏറ്റവും കൂടുതല്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്ന രാജ്യമായി സൗദി അറേബ്യ തുടരുന്നു. 2024ല്‍ ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ വെഞ്ച്വര്‍ ക്യാപിറ്റര്‍ ഫണ്ടിങ് നടന്ന രാജ്യം സൗദിയാണെന്ന് മാഗ്നിറ്റ് റിപോര്‍ട്ട് പറയുന്നു. സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങളിലെ ഒന്നാം സ്ഥാനം കഴിഞ്ഞ വര്‍ഷവും സൗദി നിലനിര്‍ത്തി. 280 കോടി റിയാലാണ് വിവിധ നിക്ഷേപകര്‍ വെഞ്ചര്‍ ക്യാപിറ്റലായി (വി.സി.) സൗദി സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ നിക്ഷേപിച്ചത്. മിന മേഖലയിലെ ആകെ വി.സി. നിക്ഷേപങ്ങളുടെ 40 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം 178 വി.സി ഇടപാടുകളാണ് സൗദിയില്‍ നടന്നത്. ഇതും പുതിയ റെക്കോര്‍ഡാണ്.
സൗദി വിപണിയുടെ ആകര്‍ഷണീയത എടുത്തു കാണിക്കുന്നതോടൊപ്പം ഇത് മത്സരക്ഷമതയുള്ള ബിസിനസ് അന്തരീക്ഷത്തിന് കൂടുതല്‍ പ്രോത്സാഹനവും നല്‍കുന്നു. മിന മേഖലയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയെന്ന സൗദിയുടെ പദവിയെ കൂടുതല്‍ ബലപ്പെടുത്തുന്ന നേട്ടം കൂടിയാണിത്. വിഷന്‍ 2030ന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകളിലെ മൂലധന നിക്ഷേപം ഉത്തേജിപ്പിക്കാനുള്ള വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഫലമാണിത്. നൂതനാശയങ്ങളുള്ള സംരഭകര്‍ കൂടുതലായി രംഗത്തിറങ്ങുന്നതും സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപകര്‍ ആവേശത്തോടെ മുന്നോട്ടു വരുന്നതും ഈ നിക്ഷേപ ആവാസവ്യവസ്ഥയെ കൂടുതല്‍ സജീവമാക്കുന്നുവെന്ന് സൗദി വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനി സിഇഒ ഡോ. നബീല്‍ കൊശാക് പറഞ്ഞു.
സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും വേഗത്തിലുള്ള ഉയര്‍ന്ന വളര്‍ച്ച സാധ്യമാക്കുന്നതിന് സ്വകാര്യ നിക്ഷേപകരെ ഉത്തേജിപ്പിച്ച് ഈ നിക്ഷേപ ആവാസവ്യവസ്ഥയെ വികസിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വലിയ വളർച്ചാ സാധ്യതയുള്ള, എന്നാൽ വലിയ ലാഭനഷ്ടങ്ങൾക്കും സാധ്യതയുള്ള പുതിയ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ആരംഭകാലത്ത് നിക്ഷേപകർ നൽകുന്ന സാമ്പത്തിക മൂലധന സഹായമാണ് വെഞ്ച്വർ ക്യാപിറ്റൽ (ഉദ്യമസമാരംഭ മൂലധനം) അല്ലെങ്കിൽ വി.സി. ഇത് പണമായോ, സാങ്കേതിക വൈദഗ്ധ്യമായോ, ബിസിനസ് ഓപറേഷന്‍സ് പിന്തുണ ആയോ നല്‍കാം. തുടക്കക്കാരായതിനാൽ സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകാൻ പൊതുവെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മടിക്കും. ഇവിടെയാണ് ഈ വി.സി. നിക്ഷേപകർ സംരംഭകരുടെ സഹായത്തിനായി അവതരിക്കുന്നത്. അതുകൊണ്ട് ഇവരെ ഏയ്ഞ്ചൽ ഇൻവെസ്റ്റർമാർ എന്നു വിശേഷിപ്പിക്കാറുണ്ട്. വി.സി ഫണ്ടിങ് നൽകുന്നവർ ബാങ്കുകളെ പോലെ കർക്കശമായ വ്യവസ്ഥകളൊന്നും വെക്കാറില്ല. സ്റ്റാർട്ടപ്പുകളുടെ ബിസിനസ് ആശയത്തിന്റെ വിജയ സാധ്യത മാത്രമാണ് അവർ പ്രധാനമായും പരിഗണിക്കുക. കൂടാതെ സ്റ്റാർട്ടപ്പ് ഉടമസ്ഥതയിൽ നിശ്ചിത ഓഹരി പങ്കാളിത്തവും വി.സി നിക്ഷേപകർക്കുണ്ടാകും. അതുകൊണ്ട് തന്നെ ധനസഹായത്തിനു പുറമെ കമ്പനി മാനേജ്മെന്റ് പ്രവർത്തനങ്ങളിലും ഇവർക്ക് ഇടപെടാൻ കഴിയും.