അബഹ. സൗദി അറേബ്യയിലെ അസീര്‍ മേഖലയിലെ മലയോര പാതകളും താഴ് വരകളും നീണ്ട തീരപ്രദേശവും ശൈത്യകാല വിനോദസഞ്ചാരികളുടെ പ്രിയ ഇടങ്ങളായി മാറുന്നു. സന്ദര്‍ശകര്‍ വര്‍ധിച്ചു വരുന്നതിനൊപ്പം മേഖലയില്‍ പ്രാദേശിക വിപണിയിലും ഉണര്‍വ്വുണ്ട്. മലയോര പാതകളില്‍ വിന്ററില്‍ സമയം ചെലവഴിക്കുന്നതിനൊപ്പം മനോഹര ഭൂപ്രകൃതിയും പൈതൃകവും ആസ്വദിക്കാം. പ്രധാനമായും അബഹ, ഖമീസ് മുശൈത്ത്, ഉഹുദ് റഫയ്ദ എന്നിവിടങ്ങളില്‍ നിന്നാണ് അസീറിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ വാദി അഖബാദ് അല്‍ ദാല പാതയുടെ മനോഹാരിത ആസ്വദിക്കാനെത്തുന്നത്. ഈ മലയോര പാതയോട് ചേര്‍ന്ന് പാര്‍ക്കുകകളും ടൂറിസ്റ്റുകള്‍ക്ക് വേണ്ട താമസ സൗകര്യങ്ങളും പരമ്പരാഗത വിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലകളുമുണ്ട്.
സന്ദര്‍ശകര്‍ക്കു വേണ്ടി അസീര്‍ മുനിസിപ്പാലിറ്റി വിവിധ പാര്‍ക്കുകളിലായി നിരവധി സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ടൂറിസ്റ്റുകള്‍ കൂടുതല്‍ വരുന്ന വിന്റര്‍ സീസണില്‍ പ്രത്യേകമായി സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഈ പാര്‍ക്കുകളുടെ പ്രകൃതിദത്ത സൗന്ദര്യവും പ്രദേശത്തെ കാലാവസ്ഥയും സന്ദര്‍ശകര്‍ക്ക് മികച്ച വിരുന്നാണ്. ഈ പാര്‍ക്കുകളില്‍ വൈവിധ്യമാര്‍ന്ന് ആക്ടിവിറ്റികളും സാംസ്‌കാരിക അനുഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ദേര നൈറ്റ് പാര്‍ക്കില്‍ ഈ വര്‍ഷം പ്രത്യേക ചുമര്‍ ചിത്രകലാ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. വീട്ടകങ്ങളിലെ പരമ്പരാഗത ചുമര്‍ചിത്രകലയായ അല്‍ ഖത്ത് അല്‍ അസീരിയുടെ സവിശേഷ പ്രദര്‍ശനം ടൂറിസ്റ്റുകള്‍ക്ക് അടുത്തറിയാം. പാര്‍ക്കിലെ നടപ്പാതയിലാണ് ഈ ഈ ചിത്രകലാ പ്രദര്‍ശനം. പരമ്പരാഗതമായി സ്ത്രീകള്‍ ചെയ്യുന്ന ചിത്രകലയാണിത്.
ടൂറിസവും സാസ്‌കാരിക വിദ്യാഭ്യാസവും ഒരുമിപ്പിച്ചുള്ള നിരവധി പരിപാടികള്‍ അസീര്‍ മേഖലയിലെ പാര്‍ക്കുകളെ കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. സൗദി അറേബ്യയില്‍ മികച്ച വളര്‍ച്ചയുള്ള സാംസ്‌കാരിക, ഇക്കോ ടൂറിസം ഭൂപടത്തില്‍ അസീറിന്റെ സ്ഥാനം അടയാളപ്പെടുത്തുന്നതാണ് ഇവിടുത്തെ പാര്‍ക്കുകള്‍.
തീരദേശ മേഖലകളിലും സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ടൂറിസ്റ്റുകള്‍ വര്‍ധിച്ചതോടെ ഇവിടെ നിക്ഷേപങ്ങളും വാണിജ്യ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചിട്ടുണ്ട്. ടൂറിസവുമായി ബന്ധപ്പെട്ട നിരവധി പുതിയ പദ്ധതികളാണ് ഇവിടെ തുടങ്ങിയിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടേയും അവശ്യസേവനങ്ങളുടേയും ലഭ്യത മേഖലയിലെ ടൂറിസം വികസനത്തിന് ആക്കം കൂട്ടുന്നു. പുതിയ പദ്ധതികള്‍ക്കും സംരംഭങ്ങള്‍ക്കുമായി അസീര്‍ മുനിസിപ്പാലിറ്റി ലൈസന്‍സുകളും പെര്‍മിറ്റുകളും വേഗത്തില്‍ ലഭ്യമാക്കുന്നുമുണ്ട്. വിനോദസഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ പലതരം ബിസിനസുകള്‍ക്കും ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കും വളക്കൂറുള്ള മേഖലയായി അസീര്‍ മാറിയിട്ടുണ്ട്. നിക്ഷേപകര്‍ക്ക് അസീര്‍ മുനിസിപ്പാലിറ്റി എല്ലാ പിന്തുണയും നല്‍കിവരുന്നു.