റിയാദ്. സൗദി അറേബ്യയില്‍ ധനകാര്യ കമ്പനികള്‍ വിതരണം ചെയ്ത് റിയല്‍ എസ്റ്റേറ്റ് അനുബന്ധ വായ്പകളില്‍ 2024 മൂന്നാം പാദത്തില്‍ എക്കാലത്തേയും ഉയര്‍ന്ന വര്‍ധന രേഖപ്പെടുത്തി. സൗദി സെന്‍ട്രല്‍ ബാങ്കിന്റെ (സമ) കണക്കുകള്‍ പ്രകാരം ഏകദേശം 2800 കോടി സൗദി റിയാലിന്റെ വസ്തു വായ്പകളാണ് ഈ കമ്പനികള്‍ വിതരണം ചെയ്തത്. ഇതില്‍ 500 മാത്രമാണ് കോര്‍പറേറ്റ് വായ്പകള്‍. 2300 കോടി റിയാലും വ്യക്തികള്‍ക്കുള്ള വായ്പകളായാണ് വിതരണം ചെയ്തതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതൊടൊപ്പം ഈ ധനകാര്യ കമ്പനികളുടെ വരുമാനത്തിലും വര്‍ധനയുണ്ട്. ആകെ 76,800 കോടി റിയാലാണ് ഈ കമ്പനികളുടെ അറ്റ വരുമാനം. 2022നും ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.
വാണിജ്യ ബാങ്കുകള്‍ വിതരണം ചെയ്ത റിയല്‍ എസ്റ്റേറ്റ് വായ്പകളിലും വര്‍ധനയുണ്ട്. വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമായി ബാങ്കുകള്‍ 84,648 കോടി റിയാലിന്റെ റിയല്‍ എസ്റ്റേറ്റ് വായ്പകളാണ് മൂന്നാം പാദത്തില്‍ വിതരണം ചെയ്തത്. 13 ശതമാനമാണ് വാര്‍ഷിക വര്‍ധന.
സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് രംഗം അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഈ വായ്പകളാണ് ഈ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നത്. 2025ലും ഈ വളര്‍ച്ച തുടരുമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. 12 ശതമാനമാണ് പ്രതീക്ഷിക്കുന്ന വളര്‍ച്ചയെന്ന് അര്‍ബാഹ് ക്യാപിറ്റല്‍ സീനിയര്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ഫര്‍റാജ് പറയുന്നു. കുറഞ്ഞ പലിശ നിരക്ക്, അതിവേഗ സാമ്പത്തിക വളര്‍ച്ച, ധനവിനിയോഗ ശേഷി വര്‍ധന, വര്‍ധിച്ച ഉപഭോക്തൃ ആത്മവിശ്വാസം, സര്‍ക്കാരിന്റെ വിജയകരമായ ഭവന പദ്ധതികള്‍, വൈവിധ്യമാര്‍ന്ന റിയല്‍ എസ്റ്റേറ്റ് ഉല്‍പ്പന്നങ്ങള്‍, വീടുകള്‍ക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡ് എന്നീ ഘടകങ്ങളാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങള്‍. ഈ വളര്‍ച്ച കൂടുതല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുമെന്നും വിവിധ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കമുള്ള ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.