മനാമ. ബഹ്‌റൈനില്‍ കഴിഞ്ഞ വര്‍ഷം 27,147 സ്വദേശികള്‍ തൊഴില്‍ വിപണിയില്‍ പ്രവേശിച്ചതായി ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് അല്‍ഖലീഫ പറഞ്ഞു. ലക്ഷ്യമിട്ടതിനേക്കാൾ 136 ശതമാനം കൂടുതലാണിത്. 19,859 സ്വദേശികള്‍ക്കാണ് കഴിഞ്ഞ വര്‍ഷം തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കിയത്. ലക്ഷ്യമിട്ടതിനേക്കാൾ 199 ശതമാനം കൂടുതലാണിത്. വിവിധ സാമ്പത്തിക സൂചികകളിൽ രാജ്യം ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. സ്വദേശി പൗരന്മാർക്ക് തൊഴിൽ വിപണിയിൽ ആദ്യ പരിഗണന ലഭിക്കുന്ന മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചു.
സമീപകാല ആഗോള സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും പൊതു ധനകാര്യം മെച്ചപ്പെടുത്തുന്നതിനുള്ള നയങ്ങളാണ് ബഹ്‌റൈന്‍ സ്വീകരിക്കുന്നത്. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ബഹ്റൈന്‍ പ്രകടമായ പുരോഗതി കൈവരിച്ചു. പത്തു വര്‍ഷത്തിനിടെ 2022ല്‍ ആദ്യമായി മിച്ചം കൈവരിക്കുകയും ചെയ്തു. 55.1 കോടി ബഹ്റൈനി ദിനാറായിരുന്നു മിച്ചം. 2023ൽ 6.1 കോടി ബഹ്റൈനി ദിനാറിന്റെ മികച്ച മിച്ചമാണ് നേടിയത്. എണ്ണ ഇതര വരുമാനത്തിലും വർധനയുണ്ട്. എണ്ണ മേഖലയെ ആശ്രയിക്കുന്നത് കുറച്ച് മേഖലയിലെ ഏറ്റവും വൈവിധ്യമുള്ള സമ്പദ് വ്യവസ്ഥകളിലൊന്നായി ബഹ്റൈനെ മാറ്റാൻ സർക്കാരിനു കഴിഞ്ഞു.
3,000 കോടിയിലേറെ ഡോളര്‍ ചെലവ് കണക്കാക്കുന്ന തന്ത്രപരമായ പദ്ധതികളുടെ ഒരു പാക്കേജ് ബഹ്റൈന്‍ ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതി ആരംഭിച്ചതിനുശേഷം 17 തന്ത്രപ്രധാന പദ്ധതികള്‍ പൂര്‍ത്തിയായി. ബാപ്കോ റിഫൈനറി ആധുനികവല്‍ക്കരണ പദ്ധതി, കിംഗ് ഹമദ് ഹോസ്പിറ്റല്‍, ഹവാര്‍ ദ്വീപിലെ വൈദ്യുതി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, സതേണ്‍ ഗവര്‍ണറേറ്റിലെയും ഈസ്റ്റ് ഹിദ്ദിലെയും ജലവിതരണ ശൃംഖല വികസന പദ്ധതി, 220 കിലോവോള്‍ട്ട് വൈദ്യുതിപ്രസരണ ശൃംഖല വിപുലീകരണ പദ്ധതി എന്നിവയാണ് ഇതില്‍ പ്രധാനമെന്നും ശൈഖ് ഖാലിദ് അല്‍ഖലീഫ പറഞ്ഞു.