മസ്‌കത്ത്. ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് വൈകാതെ അന്തിമരൂപമാകുമെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. ഒമാനുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വൈകാതെ നല്ല വാര്‍ത്ത പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം ജനുവരിയില്‍ മന്ത്രി ഗോയല്‍ ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനു ശേഷമാണ് വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (Comprehensive Economic Partnership Agreement) എന്ന പേരിലുള്ള ഈ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ 2023ലാണ് ഔദ്യോഗികമായി ആരംഭിച്ചത്.
ജിസിസി രാജ്യങ്ങളില്‍ ഇന്ത്യയുടെ മൂന്നാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഒമാന്‍. യുഎഇയുമായി നേരത്തെ തന്നെ ഇന്ത്യ സമാന വ്യാപാര കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. 2022 മുതല്‍ ഈ കരാര്‍ നിലവിലുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളും യൂറിയയും ആണ് ഒമാനില്‍ നിന്നുള്ള ഇന്ത്യയുടെ പ്രധാന ഇറക്കുമതികള്‍. ഇവ രണ്ടും മൊത്തം ഇറക്കുമതിയുടെ 70 ശതമാനത്തിലേറേയും ഒമാനില്‍ നിന്നാണ്. പ്രോപിലിന്‍, എഥിലിന്‍, ജിപ്‌സം, ഇരുമ്പ്, സ്റ്റീല്‍, കെമിക്കലുകള്‍ തുടങ്ങിയവയാണ് ഒമാനില്‍ നിന്നുള്ള ഇന്ത്യയുടെ പ്രധാന ഇറക്കുമതികള്‍.
ഒമാനുമായുള്ള വ്യാപാര കരാര്‍ ചരക്കുകളുടേയും സേവനങ്ങളുടേയും വ്യാപാരത്തിനു പ്രോത്സാഹനമേകുന്നതിനൊപ്പം, നയങ്ങളില്‍ സ്ഥിരത ഉണ്ടാകുമെന്നതിനാല്‍ വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളിലേയും വ്യവസായികള്‍ക്ക് ആത്മവിശ്വാസം പകരാനും സഹായകമാകുമെന്നും മ്ന്ത്രി പറഞ്ഞു.