റിയാദ്. ഹ്രസ്വദൂര യാത്രകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതോടെ മിഡില്‍ ഈസ്റ്റ് മേഖലയില്‍ വാണിജ്യ യാത്രാ വിമാനങ്ങളുടെ എണ്ണം വര്‍ധിക്കുമെന്ന് പ്രവചനം. 2035ഓടെ മേഖലയിലെ വിമാന കമ്പനികളുടെ കൈവശമുള്ള വിമാനങ്ങളില്‍ (ഫ്‌ളീറ്റ്) 5.1 ശതമാനം വാര്‍ഷിക ഉണ്ടാകുമെന്ന് പ്രമുഖ കണ്‍സള്‍ട്ടിങ് കമ്പനിയായ ഒലിവര്‍ വൈമാന്‍ പഠനം പറയുന്നു. ആഗോളതലത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന ശരാശരി വര്‍ധന 2.8 ശതമാനമെയുള്ളൂ. ഇതിന്റെ ഇരട്ടിയോളമാണ് മിഡില്‍ ഈസ്റ്റില്‍ പ്രതീക്ഷിക്കുന്നത്. മേഖലയില്‍ 2,557 വിമാനങ്ങള്‍ വാണിജ്യ സര്‍വീസുകള്‍ക്കായി ലഭ്യമായിരിക്കുമെന്ന് റിപോര്‍ട്ട് പറയുന്നു.
ആഗോള തലത്തിലെ മൊത്തം കൊമേഴ്‌സ്യല്‍ ഫ്‌ളീറ്റില്‍ ഇപ്പോള്‍ 5.3 ശതമാനമാണ് മിഡില്‍ ഈസ്റ്റിലെ വിമാനങ്ങളുടെ പങ്ക്. ഇത് 2035ഓടെ 6.7 ശതമാനമായി ഉയരും. കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നതോടെ ഇവയുടെ അറ്റക്കുറ്റപ്പണി, പരിചരണം തുടങ്ങി ആവശ്യങ്ങള്‍ക്ക് ചെലവിടുന്ന തുകയും വര്‍ധിക്കും. സൗദി അറേബ്യയിലും യുഎഇയിലുമായിരിക്കും ഈ വര്‍ധനയുടെ വലിയൊരു പങ്കെന്നും റിപോര്‍ട്ട് പറയുന്നു. ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) ഈയിടെ പ്രസിദ്ധീകരിച്ച റിപോര്‍ട്ട് പ്രകാരം മിഡില്‍ ഈസ്റ്റ് മേഖലയിലെ പാസഞ്ചര്‍ ഡിമാന്‍ഡില്‍ 9.6 ശതമാനം വാര്‍ഷിക വര്‍ധന ഉണ്ട്. ലഭ്യമായ വിമാന സീറ്റുകളുടെ എണ്ണത്തിലും 4.4 ശതമാനം വര്‍ധനയുണ്ട്.
മിഡില്‍ ഈസ്റ്റില്‍, പ്രത്യേകിച്ച് സൗദി അറേബ്യയില്‍ വിശാല സാമ്പത്തിക വളര്‍ച്ചാ ലക്ഷ്യങ്ങള്‍ക്കൊപ്പം വ്യോമയാന രംഗത്ത് നടക്കുന്ന സജീവ മുന്നേറ്റങ്ങള്‍ക്ക് അടിവരയിടുന്നതാണ് ഈ റിപോര്‍ട്ട്. 2030ഓടെ 15 കോടി സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ദേശീയ ടൂറിസം പദ്ധതിയാണ് ഈ മുന്നേറ്റത്തിന് ആക്കം കൂട്ടുന്നത്. ഫുള്‍ സര്‍വീസ് വിമാനങ്ങള്‍ക്കും ബജറ്റ് വിമാനങ്ങള്‍ക്കും മികച്ച ഡിമാന്‍ഡ് ഉള്ള മിഡില്‍ ഈസ്റ്റിലെ വ്യോമയാന വിപണി വളര്‍ച്ചയുടെ പാതയിലാണ്. പ്രധാനമായും ഡൊമസ്റ്റിക്, ഹ്രസ്വദൂര വിമാന സര്‍വീസുകള്‍ക്കാണ് ഡിമാന്‍ഡ് കൂടുന്നത്. അതുകൊണ്ട് തന്നെ നാരോ ബോഡി വിമാനങ്ങളായിരിക്കും വര്‍ധിക്കുന്ന വിമാനങ്ങളില്‍ ഏറിയ പങ്കുമെന്ന് ഒലിവര്‍ വൈമാന്‍ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക ഓപറേഷന്‍സ് മേധാവി ആന്ദ്രെ മാര്‍ടിന്‍സ് പറയുന്നു.