റിയാദ്. സ്റ്റാര്‍ട്ടപ്പ് ഫണ്ടിങ്ങില്‍ മികച്ച മുന്നേറ്റം നടക്കുന്ന സൗദി അറേബ്യയില്‍ പുതിയൊരു ടെക്‌നോളജി യൂനികോണ്‍ കമ്പനി കൂടി പിറന്നു. അതിവേഗം വളരുന്ന ക്വിക്ക് കൊമേഴ്‌സ് (Q- Commerce) പ്ലാറ്റ്‌ഫോം ആയ നിന്‍ജയാണ് പുതിയ ഫണ്ടിങ്ങിലൂടെ കമ്പനിയുടെ മൂല്യം 1.5 ബില്യന്‍ ഡോളറാക്കി ഉയര്‍ത്തിയത്. മുന്‍നിര വെല്‍ത്ത് മാനേജ്‌മെന്റ് കമ്പനിയായ റിയാദ് ക്യാപിറ്റലിന്റെ നേതൃത്വത്തില്‍ നടന്ന ഫണ്ടിങ് റൗണ്ടില്‍ നിന്‍ജ 250 മില്യന്‍ ഡോളര്‍ മൂലധന ഫണ്ട് സ്വന്തമാക്കിയതോടെയാണ് ഈ നേട്ടം.
സൗദ് അല്‍ ഖഹ്താനി, കാന്‍ബെര്‍ക്ക് ഡോമെസ് എന്നിവരുടെ നേതൃത്വത്തില്‍ 2022ലാണ് നിന്‍ജ തുടക്കമിട്ടത്. സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലായി ഗ്രോസറികളും ദൈനംദിന അവശ്യവസ്തുക്കളും ഉടനടി ഡെലിവറി ചെയ്യുന്ന ക്യു കൊമേഴ്സ് സേവനമാണ് നിന്‍ജ നല്‍കി വരുന്നത്. ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള അതിവേഗ ഡെലിവറി സേവനങ്ങള്‍ക്ക് മിഡില്‍ ഈസ്റ്റ് മേഖലയില്‍ ആവശ്യക്കാരേറി വരുന്നുവെന്നാണ് ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ച സൂചിപ്പിക്കുന്നത്.
പുതുതായി ലഭിച്ച മൂലധനം കമ്പനിയുടെ ലോജിസ്റ്റിക്‌സ് സംവിധാനങ്ങള്‍ വിപുലീകരിക്കാനും പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും വിനിയോഗിക്കും. 2027ല്‍ സൗദി ഓഹരി വിപണിയയില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കും ഇതു സഹായകമാകും.
മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആശ്രയിക്കാവുന്ന പ്രമുഖ ഇന്‍സ്റ്റിറ്റിയൂഷനല്‍ ഇന്‍വെസ്റ്റര്‍ ആയി റിയാദ് ക്യാപിറ്റലിന്റെ മുന്നേറ്റവും ഈ ഫണ്ടിങ് പ്രതിഫലിപ്പിക്കുന്നുണ്ട്. ഒരു വെന്‍ച്വര്‍ ക്യാപിറ്റല്‍ ഹബ് എന്ന നിലയില്‍ ഉയര്‍ന്ന് വരുന്ന സൗദി അറേബ്യയുടെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് കരുത്തേകുന്നതാണ് റിയാദ് ക്യാപിറ്റലിന്റേയും നിന്‍ജയുടേയും നേട്ടം.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനു മുമ്പ് തന്നെ 100 കോടി യുഎസ് ഡോളറിനു മുകളില്‍ കമ്പനി മൂല്യം നേടുന്ന സ്വകാര്യ കമ്പനികളെയാണ് യൂനികോണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഏതൊരു ടെക്ക് സ്റ്റാര്‍ട്ടപ്പ് കമ്പനിയുടേയും സ്വപ്‌നമാണ് ഈ പദവി. പുതുതായി വരുന്ന കമ്പനികളെ സംബന്ധിച്ചിടത്തോളം ഈ പദവിയിലെത്തുക അത്ര എളുപ്പമല്ല. 2013 മുതലാണ് മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ് കമ്പനികളെ ഇങ്ങനെ വിശേഷിപ്പിച്ചു തുടങ്ങിയത്. വെന്‍ച്വര്‍ ക്യാപിറ്റലിസ്റ്റായ ഐലീന്‍ ലീ ആണ് പ്രമുഖ ടെക് പ്രസിദ്ധീകരണമായ ടെക്ക്ക്രഞ്ചില്‍ എഴുതിയ ലേഖനത്തില്‍ നൂറു കോടി ഡോളര്‍ മൂല്യമുള്ള കമ്പനികളെ ഇങ്ങനെ ആദ്യമായി വിശേഷിപ്പിച്ചത്. അന്ന് ലോകത്തൊട്ടാകെ ആകെ 39 യൂനികോണ്‍ കമ്പനികളാണ് ഉണ്ടായിരുന്നത്. ആഗോള ബിസിനസ് അനലിറ്റിക്‌സ് കമ്പനിയായ സിബി ഇന്‍സൈറ്റ് പ്രസിദ്ധീകരിച്ച 2024 മേയ് വരെയുള്ള കണക്കുകള്‍ പ്രകാരം ലോകത്തൊട്ടാകെ 1,248 യൂനികോണ്‍ കമ്പനികളുണ്ട്.