റിയാദ്. ഓഹരി വിപണിയിൽ 2024ൽ ഏറ്റവും വലിയ വ്യക്തിഗത നേട്ടം കൊയ്തത് പ്രമുഖ വ്യവസായി പ്രിൻസ് അൽ വലീദ് ബിൻ തലാൽ. കൈവശമുള്ള ഓഹരികളുടെ മൂല്യം മുൻ വർഷത്തെ അപേക്ഷിച്ച് 4.9 ശതമാനമാണ് വർധിച്ചത്. കിങ്ഡം ഹോൾഡിങ്സ് കമ്പനി ഉടമയായ അൽവലീദ് രാജകുമാരന്റെ ഉടമസ്ഥതയിൽ സൗദി സ്റ്റോക്ക് എക്സ്ചേഞ്ചിലുള്ള (തദാവുൽ) ആകെ ഓഹരികളുടെ മൂല്യം ഇപ്പോൾ 2,560 കോടി റിയാലാണ്. 490 കോടി റിയാലാണ് ഒറ്റ വർഷത്തിനിടെ വർധിച്ചത്. ലോകത്തെ ഏറ്റവും വലിയ കെട്ടിടമായി മാറാനിരിക്കുന്ന ജിദ്ദാ ടവറിന്റെ നിർമാണ പുരോഗതിയുൾപ്പെടെ കിങ്ഡം ഹോൾഡിങ്സ് കമ്പനിയിൽ നിരവധി മാറ്റങ്ങളാണ് ഈ വരുമാന നേട്ടത്തിലേക്ക് നയിച്ചത്.
ആസ്തി വർധനവിൽ മുന്നിലെത്തിയെങ്കിലും പ്രിൻസ് അൽ വലീദ് സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ ഓഹരി നിക്ഷേപമുള്ള ആദ്യ 10 വ്യക്തിഗത നിക്ഷേപകരിൽ രണ്ടാം സ്ഥാനത്താണ്. 3,930 കോടി റിയാലിന്റെ ഓഹരികൾ സ്വന്തമായുള്ള സുലൈമാൻ അൽ ഹബീബ് ആണ് ഓഹരി വിപണിയിലെ സമ്പന്നരിൽ ഒന്നാമൻ. ഇദ്ദേഹത്തിന്റെ നിക്ഷേപത്തിൽ ഒരു ശതമാനത്തിന്റെ മൂല്യം ഇടിയുകയാണുണ്ടായത്. ഏറ്റവും കൂടുതൽ നിക്ഷേപമുള്ള ആദ്യ 10 വ്യക്തിഗത നിക്ഷേപകരുടെ പട്ടികയിൽ 13 പേരുണ്ട്. ആറു പേരുടെ ആസ്തി മൂല്യം തുല്യമായതാണ് കാരണം.
ഇവരുടെ ഉടമസ്ഥതയിലുള്ള ആകെ ഓഹരിളുടെ മൂല്യം ഒരു വർഷത്തിനിടെ 7.4 ശതമാനം വർധിച്ച് 10,920 കോടി റിയാലിലെത്തി. ഈ പട്ടികയിലെ അഞ്ച് വ്യവസായികളുടെ നിക്ഷേപ മൂല്യത്തിൽ ഇടിവുണ്ടായി. എട്ടു പേരുടെ ഓഹരി മൂല്യത്തിൽ വർധനയും രേഖപ്പെടുത്തി. യൂസുഫ് ജാംജൂം ആണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ഓഹരി വിപണിയിൽ മികച്ച പ്രകടനം കാഴ്ചവച്ച ജാംജൂ ഫാർമയിൽ 41.7 ശതമാനം ഓഹരികളാണ് യൂസുഫ് ജാംജൂമിനുള്ളത്. ഇതിന്റെ മൂല്യം 110 കോടി റിയാൽ വർധിച്ച് ആകെ മൂല്യം 444 കോടി റിയാലായി. എംബിസി ഗ്രൂപ്പ് കഴിഞ്ഞ വർഷം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടതോടെ വലീദ് അൽ ഇബ്രാഹിമിന്റെ സമ്പാദ്യം 330 കോടി റിയാലിൽ നിന്ന് 630 കോടി റിയാലായി ഉയർന്നു.
സമ്പന്ന ഓഹരി നിക്ഷേപകരുടെ നിക്ഷേപം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ആരോഗ്യ മേഖലയിലാണ്. പട്ടികയിലെ ഏഴു പേർക്കും അൽ-ഹബീബ്, ഫഖിഹ്, അൽ മുവാസാത് എന്നീ കമ്പനികളിൽ വലിയ ഓഹരി പങ്കാളിത്തമുണ്ട്. കഴിഞ്ഞ ആരോഗ്യ രംഗത്തുള്ള കമ്പനികളുടെ ഓഹരി മൂല്യത്തിൽ ഇടിവുണ്ടായതും സമ്പന്ന വ്യക്തിഗത നിക്ഷേപകരുടെ സമ്പാദ്യത്തിൽ പരിമിതമായ വളർച്ചയ്ക്ക് ഒരു കാരണമാണ്.