റിയാദ്. മുന്‍ മേയര്‍ അബ്ദുല്ല അല്‍അലി അല്‍സ്വാലിഹ് അല്‍നഈം അന്തരിച്ചു. 93 വയസ് ആയിരുന്നു. നിരവധി സംഭാവനകളും നേട്ടങ്ങളും നല്‍കിയ അബ്ദുല്ല അല്‍അലി അല്‍സ്വാലിഹ് അല്‍നഈം സൗദി തലസ്ഥാന നഗരിയുടെ വികസന പ്രക്രിയയില്‍ വ്യക്തമായ മുദ്ര പതിപ്പിച്ച ഏറ്റവും പ്രമുഖ വ്യക്തികളില്‍ ഒരാളാണ്. 1931 ഡിസംബര്‍ 15 ന് അല്‍ഖസീമിലെ ഉനൈസയിലാണ് ജനനം. 1962 ല്‍ റിയാദ് വിദ്യാഭ്യാസ വകുപ്പ് മേധാവിയായി നിയമിതനായി. 1976 മുതല്‍ 1991 വരെയാണ് റിയാദ് മേയറായി സേവനമനുഷ്ഠിച്ചത്.
രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന കാലഘട്ടത്തിലാണ് അബ്ദുല്ല അല്‍നഈം റിയാദ് മേയറായി സേവനമനുഷ്ഠിച്ചത്. അദ്ദേഹത്തിന്റെ കാലത്ത് അടിസ്ഥാന സൗകര്യങ്ങളിലും സേവനങ്ങളിലും നഗര വളര്‍ച്ചയിലും തലസ്ഥാനം ശ്രദ്ധേയമായ വികസനത്തിന് സാക്ഷ്യം വഹിച്ചു. പൈതൃക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനൊപ്പം തലസ്ഥാന നഗരിയുടെ നഗരസ്വത്വം വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തിച്ച് റിയാദിനെ വേറിട്ട സ്ഥലമാക്കി മാറ്റിയ ധിഷണാശാലിയായിരുന്നു.
വിനയത്തിനും കഠിനാധ്വാനം ചെയ്യാനുള്ള തീക്ഷ്ണതക്കും പേരുകേട്ട അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം മേഖലയിലെ ഏറ്റവും പ്രമുഖ തലസ്ഥാനങ്ങളിലൊന്നായി റിയാദിനെ വികസിപ്പിക്കുന്നതില്‍ പ്രതിഫലിച്ചു. റിയാദ് സാക്ഷ്യം വഹിച്ച വികസന പദ്ധതികള്‍ തയാറാക്കുന്നതിലും നടപ്പാക്കുന്നതിലും ഗണ്യമായ സംഭാവന നല്‍കി. ഇത് പ്രാദേശിക തലത്തില്‍ നഗര നവീകരണത്തിന് മാതൃകയായി. ജോലിയിലും രാജ്യസേവനത്തിലും ആത്മാര്‍ഥതയുടെ മാതൃകയായിരുന്നു. അതുകൊണ്ടു തന്നെ ഉദ്യോഗസ്ഥരും സാധാരണക്കാരും ഉള്‍പ്പെടെ എല്ലാവരുടെയും ആദരവും അഭിനന്ദനവും നേടാനായി.
റിയാദ് കിംഗ് സല്‍മാന്‍ സോഷ്യല്‍ സെന്റര്‍, ഉനൈസയിലെ അല്‍സ്വാലിഹിയ ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയുടെ സ്ഥാപനത്തില്‍ പങ്കാളിത്തം വഹിക്കുകയും ഇവയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ പദവികള്‍ വഹിക്കുകയും ചെയ്തിട്ടുണ്ട്. ഗ്യാസ്‌കോ ചെയര്‍മാൻ കം എം.ഡി, കിംഗ് ഫഹദ് നാഷണല്‍ ലൈബ്രറി ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റ്, റിയാദ് വികസന അതോറിറ്റി അംഗം, അറബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അര്‍ബന്‍ ഡെവലപ്‌മെന്റ് സ്ഥാപകനും ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റും, റിയാദ് ആസ്ഥാനമായ മെട്രോപോളിസ് ഡയറക്ടര്‍ ബോര്‍ഡ് അസോസിയേറ്റ് അംഗം തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. സ്വദേശത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കയ്റോ സര്‍വകലാശാലയില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദം നേടി. ബിരുദാനന്തരം നിരവധി നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. സൗദിയില്‍ നിന്ന് കിംഗ് അബ്ദുല്‍ അസീസ് മെഡലും ജോര്‍ദാനില്‍ നിന്ന് കിംഗ് ഹുസൈന്‍ ബിന്‍ അലി മെഡലും മൊറോക്കോയില്‍ നിന്ന് ത്രോണ്‍ മെഡലും ലഭിച്ചിരുന്നു.