
റിയാദ്. ഈ വർഷം ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ മാത്രമായി സൗദി അറേബ്യ വിദേശികൾക്കായി അനുവദിച്ചത് 30 ലക്ഷത്തോളം വിസകൾ. വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സൗദി എംബസികളും കോൺസുലേറ്റുകളും മുഖേന ആകെ 29,47,550 വിസകളാണ് വിദേശികൾക്കായി അനുവദിച്ചതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വിസകളിൽ ഏറിയ പങ്കും ഇന്തൊനേഷ്യ, ബംഗ്ലദേശ്, ഇന്ത്യ എന്നീ രാജ്യക്കാർക്കാണ് അനുവദിച്ചിരിക്കുന്നത്. ജക്കാർത്ത, ധാക്ക എന്നിവിടങ്ങളിലെ എംബസികളും മുംബൈയിലെ കോൺസുലേറ്റ് വഴിയുമാണിത്.
ഒന്നാം സ്ഥാനത്തുള്ള ജക്കാര്‍ത്ത എംബസി 2,74,612 വിസകള്‍ അനുവദിച്ചു. രണ്ടാം സ്ഥാനത്തുള്ള ധാക്ക എംബസി 2,59,404 വിസകളും മൂന്നാം സ്ഥാനത്തുള്ള മുബൈ കോണ്‍സുലേറ്റ് 2,50,742 വിസകളും അനുവദിച്ചു. പാക്കിസ്താനിലെ ഇസ്‌ലാമാബാദ് എംബസി 1,63,420 വിസകളും കറാച്ചി കോണ്‍സുലേറ്റ് 1,32,193 വിസകളും, ഈജിപ്തിലെ കയ്റോ എംബസി 1,19,000 ലേറെ വിസകളും ഇക്കാലയളവില്‍ അനുവദിച്ചു.
അതേസമയം നാമമാത്രമായി വിസകൾ അനുവദിച്ച സൗദി നയതന്ത്ര കാര്യാലയങ്ങളുമുണ്ട്. പോര്‍ട്ട് ഓഫ് സ്‌പെയിനിലെ സൗദി കോണ്‍സുലേറ്റ് രണ്ട് വിസകളും കിന്‍ഷാസയിലെ കോണ്‍സുലേറ്റ് മൂന്ന് വിസകളും ലിലോങ്വെ കോണ്‍സുലേറ്റ് നാല് വിസകളും മാത്രമാണ് മൂന്നു മാസത്തിനിടെ അനുവദിച്ചത്.
എംബസികളും കോണ്‍സുലേറ്റുകളും വഴി അനുവദിച്ച വിസകളുടെ മാത്രം കണക്കാണിത്. ഇവയല്ലാതേയും സൗദി വിസകൾ അനുവദിക്കുന്നുണ്ട്. ഇതിലേറ്റവും കൂടുതൽ ഓൺ അറൈവൽ വിസകളും ഇ-വിസകളുമാണ്. ഇതുപക്ഷെ എല്ലാ രാജ്യക്കാർക്കും ലഭ്യമല്ല. യുഎസ് വിസ സ്റ്റാമ്പ് ചെയ്ത പാസ്പോട്ട് കൈവശമുള്ള ഇന്ത്യക്കാർക്കും ഓൺ അറൈവൽ വിസ സൗദി നൽകി വരുന്നുണ്ട്. സൗദി അറേബ്യൻ കമ്പനികളുടെ വിമാനങ്ങളില്‍ സൗദി വഴി മൂന്നാമതൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 96 മണിക്കൂര്‍ കാലാവധിയുള്ള ട്രാന്‍സിറ്റ് വിസയും ടിക്കറ്റിനൊപ്പം ലഭിക്കും. ഈ ട്രാന്‍സിറ്റ് വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് മക്കയിൽ പോയി ഉംറ കര്‍മം നിര്‍വഹിക്കാനും മദീന സിയാറത്ത് നടത്താനും സാധിക്കും.